ന്യൂഡൽഹി: ശബരിമലയിൽ സ്ത്രീ പ്രവേശനമാകാമെന്ന മുൻ നിലപാടിൽ നിന്നും മലക്കം മറിഞ്ഞ് ആർ.എസ്.എസ് ദേശീയ നേതൃത്വം. ശബരിമലയിൽ സ്ത്രീ പ്രവേശനം അനുവദിച്ച് സുപ്രീം കോടതി പുറപ്പെടുവിച്ച വിധി തിടുക്കത്തിൽ നടപ്പിലാക്കരുതെന്ന് ആർ.എസ്.എസ് സർകാര്യവാഹക് സുരേഷ് ജോഷി വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടു. ശബരിലയിലെ സ്ത്രീ പ്രവേശനം നടപ്പിലാക്കാൻ സംസ്ഥാന സർക്കാർ തിടുക്കം കാണിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ശബരിമല വിഷയത്തിൽ സുപ്രീം കോടതി അടുത്തിടെ പുറപ്പെടുവിച്ച വിധി രാജ്യത്താകെ സമ്മിശ്ര പ്രതികരണങ്ങൾക്കിടയാക്കിയിട്ടുണ്ട്. എന്നാൽ ഇന്ത്യയിലെ വിവിധ ക്ഷേത്രങ്ങളിലെ ആചാരണങ്ങളെ ബഹുമാനിക്കുന്നതിനൊപ്പം സുപ്രീം കോടതിയെയും ബഹുമാനിക്കണം. സ്ത്രീകൾ അടക്കമുള്ള ലക്ഷക്കണക്കിന് ഭക്തരുടെ വിശ്വാസവുമായി ബന്ധപ്പെട്ട് കിടക്കുന്ന സ്ഥലമാണ് ശബരിമല ക്ഷേത്രം. കോടതി വിധി നടപ്പിലാക്കുമ്പോൾ ഈ വിശ്വാസികളുടെ വികാരം അവഗണിക്കാൻ പാടില്ല.
നിർഭാഗ്യവശാൽ വിശ്വാസികളുടെ താത്പര്യങ്ങൾ പരിഗണിക്കാതെ ശബരിമല വിധി തിടുക്കത്തിൽ നടപ്പിലാക്കാനാണ് കേരള സർക്കാർ ശ്രമിക്കുന്നത്. തങ്ങളുടെ വിശ്വാസങ്ങളെ ബലമായി തകർക്കാൻ ശ്രമിക്കുന്ന സർക്കാർ നീക്കത്തിനെതിരെ വിശ്വാസികൾക്കിടയിൽ നിന്നും പ്രതിഷേധമുണ്ടാകുന്നത് സ്വാഭാവികമാണ്. സുപ്രീം കോടതി വിധിയെ മാനിച്ച് കൊണ്ട് എല്ലാ വിശ്വാസികളും മതസംഘടനാ നേതാക്കളും, ആത്മീയ ആചാര്യന്മാരും ചേർന്ന് വിധിയെ വിലയിരുത്തണമെന്നാണ് ആർ.എസ്.എസ് ആവശ്യപ്പെടുന്നത്. ആവശ്യമെങ്കിൽ നിയമപരമായ വഴിയും തേടാവുന്നതാണ്. തങ്ങളുടെ ആചാരങ്ങളും വിശ്വാസങ്ങളും നിലനിറുത്താൻ അധികാരികളോട് സമാധാനപരമായി പ്രതിഷേധിക്കണമെന്നും സുരേഷ് ജോഷി ആവശ്യപ്പെട്ടു.