തമിഴകത്ത് മാസ് സിനിമകൾ ഒരുക്കുന്നതിൽ മുമ്പനാണ് സംവിധായകൻ ഹരി. സാമിയും സിങ്കവുമെല്ലാം ഹരി എഫക്ട് പ്രേക്ഷകർക്ക് കാട്ടിത്തന്ന ചിത്രങ്ങളാണ്. എന്നാൽ, ഇക്കുറി തന്റെ ചുവടുമാറ്റിപ്പിടിക്കാൻ ഒരുങ്ങുകയാണത്രേ സംവിധായകൻ. യുവതാരനിരയിലുള്ള വിക്രമിനെയും സൂര്യയെയുമൊക്കെ മാറ്റിനിറുത്തി പുതിയൊരു പരീക്ഷണത്തിനാണ് ഹരി ഒരുങ്ങുന്നത്. കുടുംബബന്ധങ്ങൾക്ക് പ്രാധാന്യം നൽകുന്ന ഒരു ആക്ഷൻ ഫിലിമാണ് ഹരി അടുത്തതായി ചെയ്യാൻ പോകുന്നത്. നായകനായി എത്തുന്നത് മെഗാസ്റ്റാർ മമ്മൂട്ടിയാണെന്നും കോളിവുഡിൽ അണിയറ വർത്തമാനമുണ്ട്.
കുടുംബനായകനായി 'ആനന്ദം' പോലെയുള്ള വമ്പൻ ഹിറ്റുകൾ മമ്മൂട്ടി തമിഴിൽ സമ്മാനിച്ചിട്ടുമുണ്ട്. തിരുനെൽവേലി പശ്ചാത്തലമാക്കി ഒരു കുടുംബത്തിന്റെ കഥ പറയുന്ന സിനിമയിലാകും ഇരുവരും ഒന്നിക്കുന്നതത്രേ. ഹരി ചിത്രത്തിന്റെ തിരക്കഥയുടെ പണിപ്പുരയിലേക്ക് കടന്നതായും വാർത്തകളുണ്ട്. മമ്മൂട്ടി നായകനായ തമിഴ് ചിത്രം പേരൻപ് അന്താരാഷ്ട്ര മേളകളിൽ പോലും പ്രശംസ ഏറ്റുവാങ്ങിയിരുന്നു. സാമി 2നു ശേഷം സൂര്യയെ നായകനാക്കി ഒരു സിനിമ ചെയ്യാനാണ് ഹരി പ്ലാൻ ചെയ്തിരുന്നത്. എന്നാൽ ആ പ്രോജക്ടിനു മുമ്പാകും മമ്മൂട്ടി നായകനായ സിനിമ ഒരുക്കുക. വിക്രമും കീർത്തി സുരേഷും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച സാമി 2 ആണ് ഹരിയുടേതായി ഒടുവിൽ റിലീസായ ചിത്രം.