ലോകം കണ്ട ഏറ്റവും മഹാന്മാരായ പുത്രന്മാരിൽ ഒരാളാണ് സ്വാമി വിവേകാനന്ദനെന്ന് ഇന്ന് ആർക്കും കണ്ണുമടച്ച് പറയാം. അദ്ദേഹത്തിന്റെ ചിക്കാഗോ പ്രസംഗത്തെക്കുറിച്ചും കേരളത്തെ ഭ്രാന്താലയമെന്ന് വിളിച്ചതിനെപ്പറ്റിയുമൊക്കെ എത്രയോ പുറങ്ങൾ എഴുതി കഴിഞ്ഞിരിക്കുന്നു. വിവേകാനന്ദനാകുന്നതിന് മുമ്പ് നരേന്ദ്രനായിരുന്ന കാലത്ത് ഒരു ജോലി തെണ്ടി അദ്ദേഹം നടക്കാത്ത തെരുവുകളില്ല കൽക്കട്ടയിൽ. അച്ഛൻ പെട്ടെന്ന് മരിച്ചു. അമ്മയുടെയും സഹോദരങ്ങളുടെയും ചുമതല തോളിലായി. അവർ പട്ടിണിയിലാണ്. ഒരു ചെറിയ ജോലിയെങ്കിലും കിട്ടിയേ കഴിയൂ. ബിരുദധാരിയാണ്. ഏത് ഇംഗ്ളീഷ് പണ്ഡിതനെയും അത്ഭുതപ്പെടുത്തുന്ന വിധത്തിൽ ആ ഭാഷ പ്രയോഗിക്കാനുള്ള കഴിവ് അന്നേ അദ്ദേഹം സ്വായത്തമാക്കിയിരുന്നു. അങ്ങനെ ഒരു മനുഷ്യനാണ് കാലിൽ ഒരു ചെരിപ്പുപോലുമില്ലാതെ പൊള്ളുന്ന സൂര്യന്റെ കീഴെ കൈയിൽ ജോലിക്ക് വേണ്ടിയുള്ള ഒരു അപേക്ഷയുമായി കയറിയിറങ്ങി നടക്കുന്നത്. ലോകം അങ്ങനെയാണ്. മഹാനാണെന്ന് ലോകം അംഗീകരിച്ചു കഴിഞ്ഞവരെ വാനോളം പുകഴ്ത്തും. ഉത്തംഗശൃംഗത്തിൽ പ്രതിഷ്ഠിക്കും. എന്നിട്ട് അവരുടെ ജീവിതത്തിൽ നിന്ന് ഒരു ചുക്കും പഠിക്കത്തുമില്ല, പ്രയോഗത്തിൽ വരുത്താൻ ശ്രമിക്കുക പോലുമില്ല.
എല്ലാവരും അങ്ങനെയാണെന്നല്ല. പക്ഷേ ലാേകം പൊതുവെ അങ്ങനെ തന്നെയാണ്. ദീനനെയും അറിയപ്പെടാത്തവനെയും നിഷ്ക്കരുണം അവഗണിക്കും. പഴയ കാലത്ത് ജനീവയിൽ നിന്ന് വിദ്യാഭ്യാസത്തിൽ ഡോക്ടറേറ്റ് നേടിയ നടരാജ ഗുരുവിനും നമ്മുടെ നാട്ടിൽ ഒരു ജോലി തേടി അലയേണ്ടി വന്നു. കാര്യമായ ഒരു ജോലിയും കിട്ടിയില്ല. എവിടെയെങ്കിലും ഒരു ജോലി ചെയ്ത് കുടത്തിലെ വിളക്കായി പോകേണ്ടതല്ല ഇവരുടെ ജീവിതം. മനുഷ്യരാശിക്കുവേണ്ടി ത്രിഭൂവനസീമ കടന്നു തിങ്ങിവിങ്ങി ലോകാവസാനം വരെയും അനാദിവിളക്കുപോലെ എരിയേണ്ടതാണ് അവരുടെ ജീവിതങ്ങൾ. അവർക്ക് ജോലി ആത്യന്തികമായി തടഞ്ഞത് ആ വിധിതന്നെയാണ്. പക്ഷേ, ജോലി തേടി നടന്ന കാലയളവിൽ ഏതാണ്ട് നമ്മൾ സാധാരണക്കാരെപോലെ തന്നെയാണ് വിവേകാനന്ദനും ചിന്തിച്ചത്.
''ഒരു ദൈവം ഉണ്ടോ? ഉണ്ടെങ്കിൽ എന്റെ ദയനീയ ജീവിതം കാണാതിരിക്കുന്നതെന്തുകൊണ്ടാണ്? അടുത്ത ഒരു നേരത്തെ അരി വാങ്ങാൻ അമ്മയുടെ കൈയിൽ പണമില്ല. സഹോദരങ്ങൾ വിശന്നിരിക്കുകയാണ്. യഥാർത്ഥത്തിൽ ഇത് ദൈവത്തിന്റെ ലോകമല്ല. ചെകുത്താന്റെ ലോകമാണ്. ഈ സമയത്ത് അദ്ദേഹത്തിന്റെ കാതിൽ മുഴങ്ങിയത് പണ്ഡിറ്റ് ഈശ്വര ചന്ദ്രവിദ്യാ സാഗറിന്റെ വാക്കുകളാണ് 'ദൈവം നല്ലവനാണെങ്കിൽ, കരുണാമയനാണെങ്കിൽ ലോകത്ത് ഇത്രയധികം ആളുകൾ പട്ടിണി കിടന്ന് മരിക്കുമോ? ദൈവം ഒരു മിഥ്യയാണ്. അങ്ങനെ ഒരു ദൈവമുണ്ടെങ്കിൽ പോലും അതിനെ സ്തുതിക്കുന്നത് നിഷ്പ്രയോജനമാണ്. ഇങ്ങനെ ഒരു മാനസികാവസ്ഥയിൽ അദ്ദേഹം എത്തിയ ആ രാത്രിയിൽ മഴ പെയ്തു. രാവിലെ മുഴുവൻ ജോലിക്ക് അലഞ്ഞതിന്റെ ക്ഷീണത്തിലും വിശപ്പിലും അദ്ദേഹം ഓടി തെരുവോരത്തുള്ള ഒരു വീടിന്റെ തിണ്ണയിൽ കയറി ഇരുന്നു.
പലവിധ ചിന്തകൾ ആ മനസിലൂടെ കടന്നുപോയി. പെട്ടെന്ന് ഏതോ ഒരു ദിവ്യശക്തി ആത്മാവിൽ പ്രവേശിച്ചപോലെ അനുഭവപ്പെട്ടു എന്നാണ് വിവേകാനന്ദൻ തന്നെ പിന്നീട് എഴുതിയിട്ടുള്ളത്. സംശയങ്ങൾ ഒന്നൊന്നായി മാറി. ജോലി കിട്ടാത്തതിന്റെ നിരാശ പോലും വിട്ടകന്നു. ജീവിതത്തിന്റെ അർത്ഥവും അർത്ഥരാഹിത്യവും ഉള്ളിത്തൊെലികൾ പോലെ ഒന്നൊന്നായി അടർന്നു വീണു. പൂർണ സംതൃപ്തി ഉള്ളിൽ നിറഞ്ഞു. വീട്ടിലേക്ക് നടക്കുമ്പോൾ അതീവ ഉന്മേഷവാനായിരുന്നു. ശ്രീരാമകൃഷ്ണ പരമഹംസന്റെ അനുഗ്രഹത്താൽ, അന്ന് രാത്രി ലോകത്തിന് ഒരു സൽപുത്രൻ ജനിക്കുകയായിരുന്നു. വേദങ്ങൾ പഠിക്കുന്നവരിൽ മാത്രമല്ല, പഠിക്കാത്തവരിലും എന്തിന് ഈ ഭൂമിയിൽ ജനിച്ച് വീഴുന്ന എല്ലാ മനുഷ്യനിലും ഈ ശക്തിയുണ്ട് എന്ന് ലോകത്തോട് പറഞ്ഞ മഹാത്മാവാണ് സ്വാമി വിവേകാനന്ദൻ. അദ്ദേഹത്തിന്റെ പുസ്തകങ്ങളിലെ വാക്കുകൾക്കപ്പുറം ആ ജീവിതത്തിൽ നിന്നാണ് നമുക്ക് ഏറ്റവും കൂടുതൽ പഠിക്കാനുള്ളത്. എന്റെ ജീവിതമാണ് എന്റെ സന്ദേശം എന്ന് ഗാന്ധിജി പറഞ്ഞത് വിവേകാനന്ദനും ചേരുംപടി ചേരും.
Each Soul is potentially divine. The goal is to manifest this divine within by controlling nature external and internal.
SWAMI VIVEKANANDA