കൽപറ്റ: വയനാട്ടിൽ മാനന്തവാടിക്ക് അടുത്ത് വെള്ളമുണ്ടയിൽ അച്ഛനും മകനും ഉൾപ്പടെ മൂന്ന് പേർ മരിച്ചത് വ്യാജ മദ്യം അകത്തുചെന്നാണെന്ന് പ്രാഥമിക സ്ഥിരീകരണം. വെള്ളമുണ്ട വാരാമ്പറ്റ കൊച്ചാറ കോളനിയിലെ തിഗന്നായി (75), മകൻ പ്രമോദ് (35), ബന്ധു പ്രസാദ് (35) എന്നിവരാണ് മരിച്ചത്. ഇവരുടെ വീട്ടിൽ ഇന്നലെ രാവിലെ പൂജ ചെയ്യാനെത്തിയ ആൾ നൽകിയ മദ്യം കഴിച്ച് അവശനിലയിലായ തിഗന്നായി ആശുപത്രിയിലേക്കുള്ള യാത്രാമദ്ധ്യേ മരിച്ചു. എന്നാൽ മരണ കാരണം വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്നായിരിക്കുമെന്നാണ് ബന്ധുക്കൾ ആദ്യം കരുതിയത്. തുടർന്ന് ഇന്ന് സംസ്കാരം നടത്താൻ തീരുമാനിക്കുകയായിരുന്നു.
എന്നാൽ ഇന്നലെ രാത്രിയോടെ മകനായ പ്രമോദും ബന്ധുവായ പ്രസാദും ബാക്കി വന്ന മദ്യം കഴിച്ചു. തുടർന്ന് കുഴഞ്ഞുവീണ ഇരുവരെയും മാനന്തവാടി ജില്ലാ ആശുപത്രിയിലേക്കെത്തിച്ചെങ്കിലും പ്രമോദ് യാത്രാമദ്ധ്യേയും പ്രസാദ്
ആശുപത്രിയിൽവച്ചും മരിച്ചു.