മലയാള സിനിമയിലേക്ക് ഒരു നായിക കൂടി വരികയാണ്. തൃശൂർ സ്വദേശി ശ്രവണ. മലയാളത്തിലെ പേരെടുത്ത സംവിധായകൻ ബാബുവിന്റെ (അനിൽ ബാബുവിലെ ബാബു) മകളായ ശ്രവണ, ലാൽജോസ് ചിത്രമായ തട്ടിൻപുറത്ത് അച്യുതനിലൂടെയാണ് നായികയായി കടന്നുവരുന്നത്. ശ്രവണയുടെ നുറുങ്ങ് വിശേഷങ്ങളിലേക്ക്.
സിനിമയിലേക്കുള്ള വരവ്?
രണ്ടു വർഷത്തിനു മുൻപ് കൊച്ചിയിൽ പിഷാരടി സമുദായത്തിന്റെ ഒരു റീയൂണിയൻ നടന്നിരുന്നു. അന്ന് തീം സോംഗുൾപ്പെടെ ഒന്ന് രണ്ട് പരിപാടികൾ അവതരിപ്പിച്ചിരുന്നു. ആദ്യമായാണ് ഞാൻ അത്തരമൊരു പൊതു പരിപാടി അവതരിപ്പിച്ചത്. അന്ന് പ്രോഗ്രാം സ്വിച്ചോൺ ചെയ്യാനെത്തിയത് ലാൽ ജോസ് സാറായിരുന്നു. പ്രോഗ്രാം കണ്ട് ഇഷ്ടപ്പെട്ട സാർ അന്ന് സ്റ്റേജിൽ പറഞ്ഞ വാക്കുകൾ ഇന്നും കാതിൽ മുഴങ്ങുന്നുണ്ട്. 'നിങ്ങൾ സമ്മതിച്ചാൽ രണ്ടു വർഷത്തിനുള്ളിൽ പിഷാരടിമാർക്ക് ഒരു നായികയെ ഞാൻ നൽകാം'. ആ വാക്ക് രണ്ടു വർഷം ആകുമ്പോൾ അദ്ദേഹം പാലിക്കുകയായിരുന്നു. ആദ്യം അച്ഛനോട് സംസാരിച്ചു. അച്ഛൻ എന്നോട് അഭിപ്രായം ചോദിച്ചു. ശരിക്കും ത്രില്ലായി. ഇപ്പോഴിതാ ഷൂട്ടിംഗ് ലൊക്കേഷനിലെത്തി.
സ്വദേശം? കുടുംബം?
അച്ഛന്റെ നാട് കോഴിക്കോടും അമ്മയുടെ നാട് കണ്ണൂരുമാണെങ്കിലും ഞാൻ ജനിച്ചതും വളർന്നതുമൊക്കെ തൃശൂർ ചെമ്പുക്കാവിലാണ്. അമ്മയുടെ അമ്മ ചന്ദ്രമതി നഴ്സിംഗ് സൂപ്രണ്ടായിരുന്നു. അമ്മമ്മയുടെ ജോലിയുമായി ബന്ധപ്പെട്ട് അമ്മയൊക്കെ കുഞ്ഞിലേ തൃശൂരിലെത്തിയതാണ്. അമ്മ ജ്യോതിലക്ഷ്മി സ്‌കൂൾ ടീച്ചറായിരുന്നു. സഹോദരൻ ദർശൻ ഈ ചിത്രത്തിൽ കാമറ അസിസ്റ്റന്റായി വർക്ക് ചെയ്യുന്നു. ഞാൻ കൊടകര സഹൃദയ കോളേജിൽ ഇംഗ്ലീഷ് ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനിയാണ്.
ഇഷ്ടം?
പാട്ടു പാടാനും നൃത്തം വയ്ക്കാനും വളരെ ഇഷ്ടമാണ്. പിന്നെ വായനയും പ്രിയപ്പെട്ടതാണ്. യാത്രപോകാൻ വളരെ താത്പര്യമാണെങ്കിലും അവസരങ്ങൾ വളരെ കുറവായിരുന്നു. അച്ഛന്റെയും അമ്മയുടെയുമൊക്കെ തിരക്കുകൾ ആയിരുന്നു കാരണം. ഇനി എല്ലാവരും ഒന്നിച്ച് യാത്രകൾ പ്ലാൻ ചെയ്യണം. ആദ്യം കേരളത്തിനുള്ളിലെ സ്ഥലങ്ങൾ കാണണം. അതിനു ശേഷം മാത്രം പുറത്തേക്ക് പോകുന്നതിനെ കുറിച്ച് ചിന്തിക്കും. സോഷ്യൽ വർക്കിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങളും ഉണ്ട്. പ്രളയദുരന്ത ബാധിതരെ സഹായിക്കാൻ പോയിരുന്നു.
ഇഷ്ട നിറം?
കറുപ്പിനോട് എന്നും ഭയങ്കര ഇഷ്ടമാണ്.
ചിത്രത്തിൽ?
ജ്യോതിലക്ഷ്മിയെന്ന നാട്ടിൻപുറത്തുകാരി നമ്പൂതിരിക്കുട്ടിയായാണ് എത്തുന്നത്. കൂടുതൽ ഒന്നും പറയാൻ അവകാശമില്ല. പിന്നെ ചാക്കോച്ചനൊപ്പം നായികയായി തുടക്കം അത് ഭാഗ്യം തന്നെയാണ്. സെറ്റിലും തുടക്കക്കാരിയെന്ന പതർച്ചയ്ക്ക് ആരും അവസരം നൽകാറില്ല. എല്ലാവരും നമ്മളെ കംഫർട്ടബിളാക്കും. സെക്കൻഡ് ഷെഡ്യൂൾ കണ്ണൂരിലാണ്. അമ്മമ്മയുടെ നാടായതിനാൽ ഷൂട്ടിംഗിന് ഒപ്പം വരുമെന്ന് പറഞ്ഞിട്ടുണ്ട്. എന്റെ ബെസ്റ്റ് ഫ്രണ്ടാണ് എന്റെ അമ്മമ്മ.