indian-armyമോദി സർക്കാരിന്റെ ഏറ്റവും പ്രധാന നേട്ടമായി കൊട്ടിഘോഷിച്ച വിദേശനയം ഒരു പ്രകടനം പോലെയുള്ള നടത്തിപ്പായിരുന്നു . ന്യുയോർക്കിലെ മാഡിസൺ സ്‌ക്വയറിലും മറ്റും നടത്തിയ റോക്ക് ഷോകളെ പോലും വെല്ലുന്ന വൻസമ്മേളനങ്ങളും പ്രകമ്പനം കൊള്ളിപ്പിക്കുന്ന പ്രസംഗങ്ങളും,​ ലോകനേതാക്കളെ കരവലയത്തിൽ ഒതുക്കുന്ന മോദി മാജിക്കും വിദേശനയത്തിന്റെ  വിജയമായി ഏവരും പാടിപ്പുകഴ്‌ത്തി.  രാജ്യസഭയിൽ വിദേശകാര്യ സഹമന്ത്രി എസ്.കെ. സിംഗ് നൽകിയ വിവരം അനുസരിച്ച് ,​   2014 ജൂൺ മുതൽ 2018 ജൂൺ പത്ത് വരെ,​ 1484 കോടി രൂപ ചെലവിൽ 84 രാജ്യങ്ങളാണ്  പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദർശിച്ചത്. വിദേശനയത്തിന് നൽകുന്ന പ്രാധാന്യത്തെയാണ് ഇത് കാണിക്കുന്നത്.

ഇത്തരത്തിൽ രൂപപ്പെടുത്തിയ വിദേശനയത്തിന്റെ ഒരു സവിശേഷതയായിരുന്നു ശക്തവും ആക്രമണോത്സുകവുമായ നടപടികൾ എടുക്കുക എന്നത്. സമാധാനത്തിന്റെ വാതിലുകൾ തുറന്നിടുമ്പോൾത്തന്നെ ഈ സമീപനം കൂടുതലായി അവലംബിച്ചത് അയൽപ്പക്ക രാജ്യങ്ങളായ പാക്കിസ്‌ഥാനോടും ചൈനയോടുമായിരുന്നു. പ്രതിപക്ഷത്തായിരുന്നപ്പോൾ നട്ടെല്ലില്ലാത്ത നയം എന്നാണ്  മൻമോഹൻസിംഗിന്റെ പാക്- ചൈനാ നയത്തെ ബി.ജെ.പി വിമർശിച്ചിരുന്നത്.

ചൈനയോടുള്ള ശക്തമായ നയത്തിന് തുടക്കം കുറിച്ചത് പ്രധാനമന്ത്രിയുടെ സത്യപ്രതിജ്‌‌ഞാവേളയിൽ ഇന്ത്യ കേന്ദ്രമായി പ്രവർത്തിക്കുന്ന ടിബറ്റൻ സർക്കാരിന്റെ നിയുക്‌ത പ്രധാനമന്ത്രിയായി കണക്കാക്കുന്ന ലോബ്സാംഗ് സാംഗേയുടെ സാന്നിദ്ധ്യം ഉറപ്പാക്കിക്കൊണ്ടാണ്.  ചൈനയ്‌ക്കെതിരെ അമേരിക്കയ്‌ക്കൊപ്പം അണിചേർന്നും ​ ചൈനയുടെ സ്വപ്‌നപദ്ധതിയായ ബെൽറ്റ് ആൻഡ് റോഡിൽ പങ്കെടുക്കാതെയും ദോക്‌ലാം പോലുള്ള അതിർത്തി സംഘ‌ർഷങ്ങളിൽ കടുത്ത നിലപാടെടുത്തും ഇന്ത്യയുടെ അയൽപ്പക്കത്തുള്ള ചൈനയുടെ അമിതമായ ഇടപെടലുകളിൽ അതൃപ്‌തി രേഖപ്പെടുത്തിയും ചൈനാ പാക് കൂട്ടുകെട്ടിനെ വിമർശിച്ചും ചൈനയെ നേരിടാൻ തയാറാണെന്ന സന്ദേശം നൽകി. എന്നാൽ ദോക്‌ലാമിന് ശേഷം ചൈന നിലപാട്  കടുപ്പിച്ചപ്പോൾ ചൈനയിൽ പോയി ഷീ ജിങ് പിങിനെ കണ്ട് സമരസപ്പെടുകയാണ് മോദി ചെയ്‌തത്. ചൈനയെ നേരിടുന്നതിൽ പരിമിതികളുണ്ടെന്നുള്ള തിരിച്ചറിവാണ് ഈ നയം മാറ്റത്തിന് പിന്നിൽ. അതുകൊണ്ടാണ് ഇക്കഴിഞ്ഞ ഓഗസ്‌റ്റിൽ നിരവധി തവണ ചൈന ഇന്ത്യൻ അതിർത്തി കടന്നിട്ടും നമ്മൾ നിസംഗത പാലിച്ചത്.

എന്നാൽ പാക്കിസ്ഥാനുമായിട്ടുള്ള ബന്‌ധം വൈര്യനിര്യാതമായി തുടരുകയാണ്. മോദി സർക്കാർ അധികാരമേറ്റ 2014 ൽ തന്നെ പാക്കിസ്‌ഥാൻ ഹൈകമ്മിഷണർക്ക് കാശ്‌മീരിലെ വിഘടന സംഘമായ ഹുറിയത്ത് നേതൃത്വവുമായി കൂടിക്കാഴ്‌ചയ്‌ക്ക് അനുമതി നിഷേധിച്ചു. അതേവർഷം കാഠ്‌മണ്‌ഡുവിൽ നടന്ന സാർക്ക് സമ്മേളനത്തിൽ ഇരുനേതാക്കൻമാരും തണുത്ത സമീപനം കൈക്കൊണ്ടു. 2015 ൽ ഹുറിയത്ത് നേതാവുമായി കൂടിക്കാഴ്‌ച നിഷേധിച്ചതിനാൽ ഇരുരാജ്യങ്ങളുടെയും സുരക്ഷാ ഉപദേഷ്‌ടാക്കൾ തമ്മിലുള്ള ചർച്ച നടന്നില്ല. മാത്രവുമല്ല,​ ഇതിന്റെയൊക്കെ ഫലമായി അതിർത്തിയിൽ സംഘ‌ർഷവും വെടിവയ്‌പും വർദ്ധിച്ചു. 2008 ലെ മുംബൈ ആക്രമണ മുഖ്യപ്രതി സാക്കീർ - ഉർ -റഹ്‌മാനെ ജയിൽ മോചിതനാക്കിയും മറ്റ് പ്രതികളുടെ വിചാരണ പ്രഹസനമാക്കിയും അന്താരാഷ്‌ട്ര വേദികളിൽ ഇന്ത്യയെ വിമർശിച്ചും പാക്കിസ്ഥാൻ വൈരം കടുപ്പിച്ചു.

ബന്‌ധം മെച്ചപ്പെടുത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി  നവാസ് ഷെരീഫിന്റെ മകളുടെ വിവാഹസത്കാരത്തിൽ പങ്കെടുത്തെങ്കിലും പത്താൻകോട്ടെ സൈനിക കേന്ദ്രത്തിലെ ഭീകരാക്രമണം കാര്യങ്ങൾ വഷളാക്കി. 2016 സെപ്‌തംബറിലെ സർജിക്കൽ സ്‌ട്രൈക്കിലൂടെയാണ് ഇന്ത്യ തിരിച്ചടിച്ചത്. ഇതിനിടയിൽ പാക്കിസ്ഥാനിൽ നടക്കാനിരുന്ന സാർക്ക് സമ്മേളനം റദ്ദാക്കപ്പെട്ടു.

2018 ൽ ഇമ്രാൻ ഖാൻ പ്രധാനമന്ത്രിയായപ്പോൾ ബന്‌ധം മെച്ചപ്പെടുമെന്ന് ഏവരും കരുതി. എന്നാൽ അതിർത്തിയിലെ ബി.എസ്.എഫ് ജവാന്റെ ശിരസ് ഛേദിക്കലും കാശ്‌മീരിൽ ഭീകരർ പൊലീസുകാരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതും ന്യൂയോർക്കിൽ നടത്താൻ തീരുമാനിച്ചിരുന്ന വിദേശകാര്യമന്ത്രിയുടെ കൂടിക്കാഴ്‌ച റദ്ദാക്കുന്നതിൽ കലാശിച്ചു. ചർച്ച റദ്ദാക്കിയതിനെക്കുറിച്ച് പാക് പ്രധാനമന്ത്രി ഇമ്രാൻഖാൻ  ഇന്ത്യൻ നേതൃത്വത്തെ ഉദ്ദേശിച്ച്   അൽപ്പൻമാർ വലിയ സ്ഥാനത്ത് എത്തിയതാണ് കുഴപ്പങ്ങൾക്ക് കാരണം എന്ന് നടത്തിയ പരാമ‍ർശവും,​ പാക് സൈനികരോട് ഉചിതമായ പ്രതികാരം ചെയ്‌തിട്ടുണ്ടെന്ന്  ഇന്ത്യൻ പ്രതിരോധമന്ത്രി നടത്തിയ പ്രസ്‌താവനയും കാര്യങ്ങൾ യുദ്ധസമാനമാക്കി. തുടർന്നാണ് ഇരുരാജ്യത്തെയും സൈനിക മേധാവികൾ യുദ്ധത്തിന് തയാറെന്ന് പോർവിളി മുഴക്കിയത്.

ഇതിനോട് ചേർത്ത് വയ്‌ക്കാവുന്നതാണ് ബി.ജെ.പി.പ്രസിഡന്റ് അമിത് ഷാ ബംഗ്ളാദേശിൽ നിന്ന് അസമിലേക്ക് കുടിയേറിയിട്ടുള്ളവരെ ചിതലുകൾ എന്ന് പരിഹസിച്ച് പ്രസംഗിച്ചത്. ഈ പ്രസ്‌താവന നല്ല സുഹൃത്തായ ബംഗ്ളാദേശിനെ അകറ്റുന്നതിനേ ഉപകരിക്കൂ. ഇക്കാര്യത്തിൽ ബംഗ്ളാദേശ് അതൃപ്‌തി അറിയിക്കുകയും ചെയ്‌തു.

നേപ്പാളിനെ വരുതിയിൽ വരുത്തുന്നതിന്റെ ഭാഗമായി 2015 ൽ ഏർപ്പെടുത്തിയ അപ്രഖ്യാപിത സാമ്പത്തിക ഉപരോധം ചിരകാലബന്‌ധുവായ നേപ്പാളിനെ അകറ്റി എന്ന് മാത്രമല്ല,​ ശത്രു (ചൈനയുടെ )​ പാളയത്തിൽ എത്തിക്കുകയും ചെയ്‌തു. ഇന്ത്യയ്‌ക്കൊപ്പം സൈനികാഭ്യാസത്തിന് വിസമ്മതിച്ച നേപ്പാൾ ചൈനയ്‌ക്കൊപ്പം അതിന് സമയം കണ്ടെത്തുകയും ചെയ്‌തു. മാലിദ്വീപും ശ്രീലങ്കയുമായിട്ടുള്ള ബന്‌ധവും അത്ര സുഖകരമല്ലാത്ത അവസ്ഥയിലാണ്. ശക്തമായ നടപടിയിലൂടെ അയൽപ്പക്കത്ത് സ്വാധീനം വർദ്ധിപ്പിക്കാൻ ശ്രമിച്ച് ഇന്ന് അവിടെ വർദ്ധിച്ചുവരുന്ന ചൈനയുടെ ഇടപെടലുകളെ തടയാൻ പാടുപെടുകയാണ്.

അയൽപ്പക്കം ആദ്യം എന്ന മുദ്രാവാക്യവുമായി അയൽപ്പക്കരാജ്യങ്ങളുമായുള്ള ബന്‌ധം മെച്ചപ്പെടുത്തുക എന്നത് മോദി സർക്കാരിന്റെ പ്രഥമ വിദേശനയ ലക്ഷ്യമായിരുന്നു. എന്നാൽ നാല് വർഷം കഴിയുമ്പോൾ ഉദ്ദേശിച്ച ഫലം ലഭിച്ചില്ല എന്ന് മാത്രമല്ല,​ നേരെ വിപരീതഫലമാണ് ഉളവാക്കിയിട്ടുള്ളത്. ഇനി തിരഞ്ഞെടുപ്പ് കാലമാണ്. ശക്തമായ വിദേശനയമാണ് നടപ്പിലാക്കുന്നത് എന്ന പ്രതീതി സൃഷ്‌ടിക്കേണ്ടത് അനിവാര്യമാണ്. സർജിക്കൽ സ്‌ട്രൈക്കിന്റെ വാർഷികം ആഘോഷിക്കുന്നതും ചർച്ച റദ്ദാക്കി പോർവിളി മുഴക്കുന്നതുമൊക്കെ വിദേശനയത്തിൽ പ്രത്യേകിച്ചും അയൽപ്പക്കനയത്തിൽ വൈരം മുറുകി ആയുധമേന്തുന്നതിന്റെ ഫലമാണ്.

( ലേഖകൻ കേരളസർവകലാശാല പൊളിറ്റിക്കൽ സയൻസ് വിഭാഗം അദ്ധ്യാപകനാണ്. ഫോൺ : 9447145381 )