പമ്പ : ശബരിമല സ്ഥിതി ചെയ്യുന്ന പൂങ്കാവനത്തിൽ ശക്തമായ മഴ തുടരുന്നു. ഇതോടെ പമ്പ നദി വീണ്ടും കര കവിഞ്ഞൊഴുകുകയാണ്, അന്നദാനമണ്ഡപത്തിലേക്ക് വീണ്ടും വെളളം കയറുകയും ചെയ്തു. കേരളം നേരിട്ട മഹാപ്രളയത്തിൽ വൻതോതിൽ ഇവിടെ മണൽ അടിഞ്ഞിരുന്നു. ഇത് പുഴയുടെ സ്വാഭാവിക ഒഴുക്കിനെ ബാധിച്ചിരിക്കുകയാണ്. ഇപ്പോൾ മണൽ തിട്ട വീണ്ടും വെള്ളം കയറി അടിയിലായി. പമ്പ ഗണപതി ക്ഷേത്രത്തിന്റെ പടിക്കെട്ട് വരെയെത്തി വെള്ളം, കൂടാതെ നടപ്പന്തലും മുങ്ങിയ അവസ്ഥയിലാണ്. പ്രളയാന്തരം മണൽ ചാക്കടുക്കിയാണ് പുഴയുടെ ഒഴുക്കിനെ തിരിച്ചുവിട്ടിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസത്തെ മഴയിൽ ജലനിരപ്പ് ഉയർന്നതോടെ മണൽചാക്കുകൾ ഒഴുകിപ്പോകുന്ന അസ്ഥയുണ്ടായിരുന്നു. തുടർച്ചയായി നിർമ്മാണ പ്രവർത്തികൾ തടസപ്പെടുന്നതിനാൽ അടുത്ത മണ്ഡലകാലത്തിന് മുൻപായി പണികൾ തീർക്കാനാവുമെന്ന കാര്യവും സംശയത്തിലായിരിക്കുകയാണ്.