sabarimala

 

കോട്ടയം:ശബരിമലയിൽ കൂടുതൽ സ്ത്രീകൾ എത്തുന്നതിനൊപ്പം മോഷണ സംഘങ്ങളും പിടി മുറുക്കുമോ എന്ന ആശങ്ക ബലപ്പെടുന്നു. മഴക്കാലത്ത് കേരളത്തിൽ വ്യാപകമായി മോഷണത്തിനിറങ്ങുന്ന തമിഴ്നാട്ടിലെ തിരുട്ട് ഗ്രാമത്തിലെ വൻ മോഷണ സംഘം മണ്ഡല സീസണിൽ പമ്പയിലും സന്നിധാനത്തും എരുമേലിയിലും തമ്പടിക്കാറുണ്ട്. പമ്പയിൽ കുളിക്കാനിറങ്ങുന്നവരുടെ ഇരുമുടിക്കെട്ടുവരെ മോഷ്ടിക്കുന്ന സംഘം പൊലീസിന് വൻ തലവേദനയാണ്. മോഷണ വസ്തുക്കൾ പെട്ടെന്ന് കൈമാറുന്നതിനൊപ്പം മുങ്ങുന്ന സംഘത്തെ പിടിക്കാൻ പൊലീസിന് കഴിയാത്ത തരത്തിലുള്ള ആസൂത്രണമാണ് അവരുടേത്. ശബരിമല ദർശനത്തിന് സ്ത്രീകൾ ഇനി കൂടുതലെത്തുന്ന സാഹചര്യം മുന്നിൽ കണ്ട് സ്ത്രീകളെ ഭക്തരുടെ വേഷം കെട്ടിച്ച് മോഷണത്തിനിറക്കുമെന്ന സംശയം ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കുണ്ട്.കൂടുതൽ വനിതാ പൊലീസിനെ ഇറക്കിയാലും ഇവരെ നിയന്ത്രിക്കാൻ കഴിയാത്ത സാഹചര്യത്തെക്കുറിച്ച് അടിയന്തിര ചർച്ച നടത്താൻ തീരുമാനിച്ചിരിക്കുകയാണ്. ശബരിമലയിൽ സ്ത്രീ പ്രവേശനം സുപ്രീം കോടതി അനുവദിച്ച സാഹചര്യത്തിൽ ഉണ്ടായേക്കാവുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ കോട്ടയത്ത് ഉന്നതതല യോഗം അടുത്ത ദിവസം വിളിക്കുമെന്ന് കളക്ടർ ഡോ.ബി.എസ്. തിരുമേനി അറിയിച്ചു.

എരുമേലിക്കു പുറമേ വിവിധ ഇടത്താവളങ്ങളിൽ ഏർപ്പെടുത്തേണ്ട കൂടുതൽ സൗകര്യങ്ങളെക്കുറിച്ച് ചർച്ച ചെയ്യും. സംഘടിത മോഷ്ടാക്കൾ തമിഴ് നാട്ടിലെ തിരുച്ചിറപ്പള്ളിക്കടുത്താണ് തിരുട്ട് ഗ്രാമം. കുറ്റകൃത്യത്തിൽ ജന്മവാസനയുള്ളവർ ഒരു ഗ്രാമത്തിന്റെ പിന്തുണയോടെ കൃത്യമായ പ്ലാനിംഗോടെയാണ് മോഷണം നടത്തുക. മോഷണവിവരം ഗ്രാമത്തിലുള്ളവരെ മുഴുവൻ അറിയിക്കും.പിടിക്കപ്പെട്ടവർക്ക് നിയമസഹായവും തിരുട്ട് ഗ്രാമം മുഴുവൻ നൽകും .ഇതിനായി കവർച്ച മുതലിന്റെ നിശ്ചിത വിഹിതം ഗ്രാമമൂപ്പന് നൽകണം. മോഷണത്തിന് ഒരാൾ പിടിയിലായാൽ മറ്റൊരംഗം സജീവമാകും. അതു കൊണ്ട് മോഷ്ടാക്കളുടെ വംശം അറ്റുപോകാതെ നിലനിറുത്താൻ കഴിയും. പൊലീസ് തിരുട്ട് ഗ്രാമത്തിലെത്തിയാലും മോഷ്ടാവിനെ കണ്ടെത്താനോ കണ്ടെത്തിയാൽ തന്നെ അറസ്റ്റു ചെയ്തു കൊണ്ടു പോകാനോ കഴിയാത്ത തരത്തിൽ സംഘടിതരാണവർ.