കോട്ടയം: അറബിക്കടലിൽ രൂപം കൊള്ളുന്ന ന്യൂനമർദ്ദം ചുഴലിക്കൊടുങ്കാറ്റായി മാറുമെന്ന കേന്ദ്രകാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടർന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ച ഇടുക്കിയിൽ മഴ കനത്തു. ഹൈറേഞ്ചിലെ പലയിടങ്ങളിലും ഇന്നലെ രാവിലെ ആരംഭിച്ച മഴ രാത്രിയോടെ ശക്തമായി. ഇതോടെ ജില്ലാ ഭരണകൂടം അതീവജാഗ്രതയിലാണ്. ഇന്നലെ അടിമാലിയിൽ പലയിടത്തും റോഡിൽ മണ്ണിടിച്ചിലുണ്ടായി. ഗതാഗതം പലയിടത്തും മുടങ്ങി. വരും ദിവസങ്ങളിൽ മഴ കൂടുതൽ ശക്തമായേക്കും. കനത്ത മഴ തുടർന്നാൽ കൂടുതൽ നാശനഷ്ടമുണ്ടാകുമെന്ന ആശങ്കയുണ്ട്. ഇടുക്കി ഡാമിന്റെ വൃഷ്ടിപ്രദേശത്ത് ഇന്ന് രാവിലെ വരെ 11 മില്ലിമീറ്റർ മഴ ലഭിച്ചു. 2387.76 അടിയാണ് ഡാമിലെ ജലനിരപ്പ്. കഴിഞ്ഞ വർഷമിത് 2367.02 അടിയായിരുന്നു. ഇടമലയാർ ഡാമിന്റെ വൃഷ്ടി പ്രദേശത്ത് 86.2 മില്ലിമീറ്രർ മഴയാണ് പെയ്തത്. 159.66 മീറ്ററാണ് ഡാമിലെ ഇന്നത്തെ ജലനിരപ്പ്. ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ മൂന്നാറിലേക്കുള്ള യാത്ര നിരോധിച്ചിട്ടുണ്ട്. പ്രളയത്തിന് ശേഷം തിരിച്ച് വരുകയായിരുന്ന പ്രദേശത്തെ ടൂറിസം മേഖലയെ ഇത് സാരമായി ബാധിക്കും. മലയോര മേഖലകളിൽ ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ട്. ഇത്തരം സ്ഥലങ്ങളിൽ അഞ്ചാം തീയതിയോടെ ക്യാമ്പുകൾ തയ്യാറാക്കാൻ കളക്ടർക്ക് നിർദേശം നൽകിയിട്ടുണ്ട്. ആവശ്യമെങ്കിൽ ആളുകൾക്ക് രാത്രി അവിടെ കഴിയാനുളള നിർദേശങ്ങൾ നൽകാം. രാത്രികാലത്ത് മലയോര മേഖലകളിലൂടെയുളള സഞ്ചാരം പരമാവധി ഒഴിവാക്കണമെന്നും അറിയിപ്പുണ്ട്.