തിരുവനന്തപുരം: നഗരത്തിലും തീരദേശ മേഖലകളിലുമായി 70 ഓളം റോഹിൻഗ്യൻ സംഘം അഭയം തേടിയതായ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇവർക്ക് വേണ്ടിയുള്ള തെരച്ചിലും നിരീക്ഷണവും പൊലീസ് ശക്തമാക്കി. കഴിഞ്ഞ ദിവസം വിഴിഞ്ഞത്ത് പൊലീസ് പിടിയിലായ കൊച്ചുകുട്ടിയുൾപ്പെടെ അഞ്ചംഗ റോഹിൻഗ്യൻ സംഘത്തെ ശബരി എക്സ് പ്രസിൽ ഹൈദരാബാദിലേക്ക് കയറ്റി വിട്ടു. അന്യസംസ്ഥാന തൊഴിലാളികൾ ധാരാളമുള്ളതിനാൽ ഇവർ ഇവിടം സുരക്ഷിത താവളമാക്കാൻ സാദ്ധ്യതയുണ്ടെന്നാണ് പൊലീസിന്റെ കണക്കുകൂട്ടൽ. ജില്ലയുടെ തീരപ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് ഇവർക്കായി നിരീക്ഷണം ശക്തമാക്കിയത്. മത്സ്യബന്ധന തുറമുഖങ്ങൾ, ബോട്ടുകൾ, നിർമാണ മേഖലകൾ തുടങ്ങിയ രംഗങ്ങളിൽ ഇവർ ജോലി തേടിയെത്താൻ സാദ്ധ്യതയുണ്ടെന്നാണ് പൊലീസിന് ലഭിച്ചിട്ടുള്ള വിവരം. അതേസമയം കഴിഞ്ഞ ദിവസം വിഴിഞ്ഞത്ത് പിടിയിലായവർ അഞ്ചുമാസമായി ഹൈദരാബാദ് കേന്ദ്രീകരിച്ച് ഡ്രഡ്ജിംഗ് ജോലികൾ ചെയ്തുവരികയായിരുന്നു. തുച്ഛമായ വേതനമാണ് ഇവർക്ക് ലഭിച്ചിരുന്നത്. മതിയായ യാത്രാ രേഖകളില്ലാത്തതിനാൽ പരിശോധനയുടെ മറവിൽ പൊലീസുകാർ പണം തട്ടിയെടുക്കുന്നത് പതിവായതോടെയാണ് കൂടുതൽ ശമ്പളവും അഭയവും മോഹിച്ച് ഇവർ കേരളത്തിലെത്തിയത്. യു.എൻ അഭയാർത്ഥി കാർഡുള്ള ഇവർക്ക് വിസയോ തിരിച്ചറിയൽ രേഖകളോ യാത്രാ രേഖകളോ ഇല്ലാത്തതിനാൽ ഇവിടെ തുടരാനാകില്ല. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് ഇവരുടെ പലായനം വർദ്ധിച്ചത് സുരക്ഷാ പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന ഇന്റലിജൻസ് മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഇവരെ കണ്ടെത്തി തിരിച്ചുവിടാൻ ശ്രമിക്കുന്നത്.
ട്രെയിനുകളിൽ പരിശോധന ഉത്തരേന്ത്യയിൽ നിന്നും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുമായി ആയിരക്കണക്കിന് റോഹിൻഗ്യൻ അഭയാർത്ഥികൾ കേരളത്തിലേക്ക് വരുന്നതായി റെയിൽവേ സംരക്ഷണ സേന പ്രിൻസിപ്പൽ ചീഫ് സെക്യൂരിറ്റി കമ്മിഷണർ അറിയിച്ചതിനെ തുടർന്ന് സംസ്ഥാനത്തേക്ക് വരുന്ന എല്ലാ ട്രെയിനുകളിലും പരിശോധന ശക്തമാക്കി. റോഹിൻഗ്യൻ അഭയാർത്ഥികൾ കൂടുതലായി കാണപ്പെടുന്ന14 തീവണ്ടികളുടെ പട്ടികയും ആർപിഎഫ് പുറത്തുവിട്ടിരുന്നു. ഇവയിലേറെയും തമിഴ് നാട്ടിലേക്കുള്ള തീവണ്ടികളാണ്. റോഹിൻഗ്യകൾ മ്യാൻമാറിലെ പടിഞ്ഞാറ് ഭാഗത്തുള്ള റാഖൈനിൽ ജീവിക്കുന്ന ഗോത്ര ന്യൂനപക്ഷ വിഭാഗമാണ് റോഹിൻഗ്യൻ മുസ്ലീങ്ങൾ. 11 ലക്ഷം വരുന്ന ഇവരെ മ്യാൻമാർ തങ്ങളുടെ പൗരന്മാരായി അംഗീകരിക്കുന്നില്ല. കിഴക്കൻ ബംഗാളിൽ നിന്നെത്തിയ (ബംഗ്ലാദേശ്) അനധികൃത കുടിയേറ്റക്കാരായാണ് ഇവരെ ഭരണകൂടം പരിഗണിക്കുന്നത്. മ്യാൻമാർ സൈന്യത്തിന്റെ അതിക്രമങ്ങളെ തുടർന്നാണ് ഇവർ പലായനം തുടങ്ങിയത്.