കഥ ഇതുവരെ
കോഴഞ്ചേരിയിലെ പിങ്ക് പോലീസ് എസ്.ഐയാണ് വിജയ. അവർക്കും സമാന ചിന്താഗതിക്കാരായ അഞ്ച് എസ്.ഐമാർക്കും ഒരു വാട്സ് ആപ്പ് ഗ്രൂപ്പുണ്ട്. റെഡ്! അനീതിയും അക്രമവും തടയാൻ ആവാതെ വന്നപ്പോൾ അവർ സമാന്തര പോലീസായി.
സായാഹ്ന പത്രത്തിന്റെ ഉടമയായ തന്റെ അച്ഛൻ വാസുദേവനെ, ആഭ്യന്തരമന്ത്രിയുടെ നിർദ്ദേശാനുസരണം ആക്രമിച്ച ഗുണ്ട കരടിവാസുവിനെ വിജയ ക്രൂരമായി നേരിട്ടു.
കൂട്ടുകാരി പ്രസീതയെ ബലമായി കാറിൽ കയറ്റിക്കൊണ്ടുപോയ ആഭ്യന്തരമന്ത്രി രാജസേനന്റെ മകൻ രാഹുലിൽ നിന്ന് അവൾ കൂട്ടുകാരിയെ രക്ഷിച്ചു.
ആ സംഭവത്തിൽ മന്ത്രിക്ക് കസേര തെറിച്ചു. അയാൾക്ക് വിജയയോടും കുടുംബത്തോടും പകയായി. അമ്മിണി എന്ന വനിതാ ഗുണ്ടയുടെ സഹായത്തോടെ മന്ത്രി പ്രസീതയെയും ഭർത്താവിനെയും കൊലപ്പെടുത്തി. ഓട്ടോ ഡ്രൈവറെ പിടിച്ചുകൊണ്ടുപോയി വിജയയും സംഘവും സത്യം പറയിപ്പിച്ചു.
പക്ഷേ കൊലയാളിസംഘവും ക്രൂരമായി വധിക്കപ്പെട്ടു...
എസ്.പി അരുണാചലം കേസ് ഏറ്റെടുക്കുന്നു.
തുടർന്നു വായിക്കുക...
ആദ്യ ഗ്ലാസ് മദ്യം വലിച്ചു കുടിച്ചിട്ട് അയാൾ ഒരുപിടി ചെമ്മീൻ വറുത്തത് വാരി വായിലിട്ടു ചവച്ചു.
പിന്നെ ഒരു സിഗററ്റ് ചുണ്ടുകൾക്കിടയിൽ വച്ച് തീ പിടിപ്പിച്ചു.
തൊട്ടടുത്ത സെറ്റിയുടെ ഹാന്റ് റസ്റ്റിലേക്ക് കാലുകൾ ഉയർത്തിവച്ച് വിറപ്പിച്ചുകൊണ്ട് അയാൾ രണ്ടുമൂന്നു കവിൾ പുക വലിച്ചെടുത്തു....
താനാണ് അങ്ങനെ ചെയ്തതെന്ന് ഒരു കുഞ്ഞു പോലും മനസ്സിലാക്കില്ല. അത് അയാൾക്ക് ഉറപ്പായിരുന്നു....
അപ്പോൾ എസ്.പി അരുണാചലവും സംഘവും മലയാലപ്പുഴയിലെ കത്തിക്കരിഞ്ഞ വീടിനുള്ളിൽ നിന്ന് എരിഞ്ഞമർന്നതിന്റെ ബാക്കി ശവശരീരങ്ങൾ കണ്ടെടുക്കുകയായിരുന്നു...
മൂന്നു മുറികളിലായിട്ടാണ് നാലു ശവശരീരങ്ങളുടെ അവശിഷ്ടങ്ങൾ കണ്ടത്.
അതിൽ ഒരു തലയോട്ടിയിലെ പല്ലുകൾ തള്ളിനിൽക്കുന്നതു കണ്ടപ്പോൾ അതൊരു സ്ത്രീയുടേതാണെന്ന് അരുണാചലത്തിനു തോന്നി.
വീടിനു തീപിടിച്ചപ്പോൾ പരിഭ്രാന്തിയിലായി നാലുപേരും ഓടിയതാകാമെന്നും അയാൾ അനുമാനിച്ചു.
വളരെ സൂക്ഷ്മതയോടെ എഫ്.ഐ.ആർ തയ്യാറാക്കിക്കൊണ്ടിരിക്കുമ്പോൾ മീഡിയക്കാർ എത്തിത്തുടങ്ങി...
രണ്ടുദിവസങ്ങൾ കഴിഞ്ഞു പത്തനംതിട്ടയിലോ സമീപപ്രദേശങ്ങളിലോ മാൻ മിസ്സിംഗ് കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടില്ല.
അതിനർത്ഥം?
എസ്.പി അരുണാചലം തന്റെ ഓഫീസിൽ ഇരുന്ന് തല പുകച്ചു.
അപ്പോഴാണ് സി.ഐ അലക്സ് എബ്രഹാം കയറിവന്ന് സല്യൂട്ടു ചെയ്തത്.
''സാർ...''
എസ്.പി മുഖമുയർത്തി.
''മരിച്ചവരെ അന്വേഷിച്ച് ആരും ഇതുവരെ വന്നില്ല അല്ലേ അലക്‌സേ?''
''സാർ.. ഇല്ല.''
എസ്.പി ഒന്നമർത്തി മൂളി.
അയാൾക്ക് സംശയമായി. മൂന്നു പുരുഷന്മാരും ഒരു സ്ത്രീയുമാണ് വെന്തുമരിച്ചതെന്ന് പോസ്റ്റുമോർട്ടത്തിൽ നിന്നു വ്യക്തമായിട്ടുണ്ട്.
പൊടുന്നനെ അയാളുടെ കണ്ണുകൾ തിളങ്ങി.
''അലക്‌സേ...''
''സാർ...''
''ടേക്ക് യുവർ സീറ്റ്.'' അരുണാചലം തനിക്ക് എതിരെ കിടന്ന കസേരയിലേക്കു കൈ ചൂണ്ടി.
':താങ്ക്യൂ സാർ.''
അലക്സ് എബ്രഹാം ഇരുന്നു.
''ആനന്ദ് രാജിന്റെയും പ്രസീതയുടെയും കൊലയാളികൾ മൂന്നു പുരുഷന്മാരും ഒരു സ്ത്രീയുമല്ലേ?''
''യേസ് സാർ...''
സി.ഐയ്ക്ക് ഉദ്വേഗമായി:
''സാർ പറഞ്ഞുവരുന്നത് അവരാണ്....''
അലക്സ് പൂർത്തിയാക്കാൻ സമ്മതിച്ചില്ല എസ്.പി.
''അതെ. ഒളിവിൽ പോയിരിക്കുന്ന അവരെ ഏതായാലും വീട്ടുകാർ അന്വേഷിക്കാൻ ഇടയില്ല. എവിടെയോ അവർ സുരക്ഷിതരാണെന്നേ കരുതൂ... അതുകൊണ്ടാണ് ഡെഡ് ബോഡികൾ അന്വേഷിച്ച് ആരും വരാത്തതെങ്കിലോ?''
''ശരിയാണ് സാർ.'' സി.ഐ സമ്മതിച്ചു.
''അന്വേഷിക്കണം അലക്‌സേ... ഒന്നും വിട്ടുപോകാതെ... തന്റെ സംശയങ്ങളും നിഗമനങ്ങളും. അതെന്തായാലും ഓരോ ദിവസവും വൈകിട്ട് എന്നെ അറിയിക്കണം. അവരുടെ വീട്ടുകാരെ വീണ്ടും വീണ്ടും ക്വസ്റ്റ്യൻ ചെയ്യണം. എവിടെ നിന്നെങ്കിലും ഒരു തുമ്പു കിട്ടാതിരിക്കില്ല.''
''സാർ..'' അലക്സ് എബ്രഹാം എഴുന്നേറ്റ് അറ്റൻഷനായി.
പിന്നെ വേഗത്തിൽ പുറത്തേക്കു പോയി.
എസ്.പി അരുണാചലം പെട്ടെന്ന്, മരിച്ചുപോയ ഓട്ടോ ഡ്രൈവർ സുരേഷിനെ ക്വസ്റ്റ്യൻ ചെയ്തത് ഓർത്തു. കോഴഞ്ചേരി ഹോസ്പിറ്റലിൽ വച്ച്.
ആദ്യമൊന്നും തന്റെ മുന്നിൽ ഒന്നും തുറന്നു പറഞ്ഞില്ലെങ്കിലും അവനെ രക്ഷിക്കാമെന്ന് താൻ തുറന്നു പറഞ്ഞപ്പോൾ കുറെ സത്യങ്ങൾ അവന്റെ നാവിൻതുമ്പിൽ നിന്നടർന്നിരുന്നു.
ഒരു സ്ത്രീ അടക്കം ആറുപേരുടെ സംഘമാണ് അവനെ തട്ടിക്കൊണ്ടുപോയതും ഭേദ്യം ചെയ്ത് സത്യങ്ങളുടെ വീഡിയോ എടുത്തതും.
അവരുടെ രീതിയനുസരിച്ച് ഒരു സമാന്തര പോലീസാകുകയാണ് ലക്ഷ്യമെന്നു തോന്നുന്നു.
''കോടതിയും വിചാരണയും ശിക്ഷയും അവർ തന്നെ നടപ്പാക്കുന്നു.
ചിലന്തി സോമനെയും ഡാനിയെയും അമ്മിണിയെയും മറ്റും തരത്തിന് ഒത്തുകിട്ടിയപ്പോൾ ആ ആറംഗസംഘം കൊന്നുകളഞ്ഞതാണെങ്കിലോ?
അതിനാണ് സാദ്ധ്യതയെന്നു തോന്നി അരുണാചലത്തിന്.
ഇനി അതല്ല... ആരുടെ മുന്നിലും കൊലയാളികൾ വാ തുറക്കാതിരിക്കാൻ മറ്റാരെങ്കിലും ചെയ്തതോ ചെയ്യിച്ചതോ ആവാം.
എസ്.പിയുടെ അറസ്റ്റിൽ ഒരു മുഖം തെളിഞ്ഞു. ഡിവൈ.എസ്.പി അനിരുദ്ധൻ! (തുടരും)