novel

 

കഥ ഇതുവരെ
കോഴഞ്ചേരിയിലെ പിങ്ക് പോലീസ് എസ്.ഐയാണ് വിജയ. അവർക്കും സമാന ചിന്താഗതിക്കാരായ അഞ്ച് എസ്.ഐമാർക്കും ഒരു വാട്സ് ആപ്പ് ഗ്രൂപ്പുണ്ട്. റെഡ്! അനീതിയും അക്രമവും തടയാൻ ആവാതെ വന്നപ്പോൾ അവർ സമാന്തര പോലീസായി.

സായാഹ്ന പത്രത്തിന്റെ ഉടമയായ തന്റെ അച്ഛൻ വാസുദേവനെ, ആഭ്യന്തരമന്ത്രിയുടെ നിർദ്ദേശാനുസരണം ആക്രമിച്ച ഗുണ്ട കരടിവാസുവിനെ വിജയ ക്രൂരമായി നേരിട്ടു.
കൂട്ടുകാരി പ്രസീതയെ ബലമായി കാറിൽ കയറ്റിക്കൊണ്ടുപോയ ആഭ്യന്തരമന്ത്രി രാജസേനന്റെ മകൻ രാഹുലിൽ നിന്ന് അവൾ കൂട്ടുകാരിയെ രക്ഷിച്ചു.

ആ സംഭവത്തിൽ മന്ത്രിക്ക് കസേര തെറിച്ചു. അയാൾക്ക് വിജയയോടും കുടുംബത്തോടും പകയായി. അമ്മിണി എന്ന വനിതാ ഗുണ്ടയുടെ സഹായത്തോടെ മന്ത്രി പ്രസീതയെയും ഭർത്താവിനെയും കൊലപ്പെടുത്തി. ഓട്ടോ ഡ്രൈവറെ പിടിച്ചുകൊണ്ടുപോയി വിജയയും സംഘവും സത്യം പറയിപ്പിച്ചു.

പക്ഷേ കൊലയാളിസംഘവും ക്രൂരമായി വധിക്കപ്പെട്ടു...
എസ്.പി അരുണാചലം കേസ് ഏറ്റെടുക്കുന്നു.

തുടർന്നു വായിക്കുക...

കൊലയാളികളെങ്ങാനും കുറ്റം ഏറ്റുപറഞ്ഞാൽ അതോടെ അനിരുദ്ധൻ എന്നന്നേക്കുമായി കുടുങ്ങും എന്ന കാര്യത്തിൽ തർക്കമില്ല. ആ നിലയ്ക്ക് അവർ വാ തുറക്കാതെ നോക്കേണ്ടത് അനിരുദ്ധന്റെ ആവശ്യമാണ്.

അരുണാചലത്തിന് ഉത്സാഹമേറി. അനിരുദ്ധന്റെ ഓരോ നീക്കവും ശ്രദ്ധിക്കാൻ ആ നിമിഷം എസ്.പി ഏർപ്പാടാക്കി.

രാത്രി 8 മണി.

മുൻ ആഭ്യന്തരമന്ത്രി രാജസേനന്റെ വീട്. തന്റെ മുറിയിലെ എൽ.സി.ഡി ടിവിയിൽ ഒരു ഇംഗ്ലീഷ് സിനിമ കാണുകയായിരുന്നു രാഹുൽ.
പെട്ടെന്ന് വാതിലിൽ ആരോ തട്ടി.
''യേസ്.'' ടിവിയിൽ നിന്നു തല തിരിക്കാതെ രാഹുൽ പറഞ്ഞു.

രാജസേനൻ അകത്തേക്കു കയറിവന്നു.
അച്ഛനെ ഒന്നു നോക്കിയിട്ട് അവൻ വീണ്ടും ടിവിയിലേക്കു ദൃഷ്ടി മാറ്റി.
രാജസേനൻ ഒരു കസേരയിൽ ഇരുന്നു.

''മ് എന്താ?''
രാഹുൽ ടിവിയുടെ വോളിയം കുറച്ചിട്ട് തിരക്കി.
അല്പനേരത്തേക്ക് ഒന്നും മിണ്ടിയില്ല രാജസേനൻ. പിന്നെ തിരക്കി:
''നീ ഇന്നലെ രാത്രിയിൽ എവിടെയായിരുന്നു?''

''എന്താ കാര്യം? ഞാനും സുഹൃത്തുക്കളും കൂടി ഒരിടം വരെ പോയി.''
''പോയ സ്ഥലത്തിന്റെ പേര് മലയാലപ്പുഴ എന്നായിരുന്നോ?''
രാഹുലിൽ പെട്ടെന്നുണ്ടായ പതർച്ച രാജസേനൻ കണ്ടറിഞ്ഞു.

''വെറുതെ കള്ളം പറയാൻവേണ്ടി നാവനക്കണ്ട രാഹുലേ. ഒക്കെ എനിക്കറിയാം.''
രാഹുലിന്റെ കണ്ണുകൾ കൂർത്തു.
''നിങ്ങൾ പോലീസ് മന്ത്രിയായിരുന്നോ അതോ പോലീസ് ഉദ്യോഗസ്ഥനോ?''

''നിന്നെപ്പോലെ ഒരുവന്റെ മനസ്സിലിരിക്കുന്ന സത്യം കണ്ടെത്താൻ പോലീസിന് കൂടുതൽ പ്രയാസപ്പെടേണ്ടിവരില്ല.''
ഒന്നു നിർത്തിയിട്ട് മുൻമന്ത്രി തുടർന്നു തിരക്കി:
''അവരെ മലയാലപ്പുഴയിലെ ആ വീട്ടിൽ താമസിപ്പിച്ചത് ഞാനാ. ആ രഹസ്യം നിനക്ക് അറിയുകയും ചെയ്യാമായിരുന്നു...''
രാഹുലിന്റെ മുഖം ചുവന്നു.

''എന്നുവച്ചാൽ ഞാനാണ് അവരെ ചുട്ടുകൊന്നതെന്ന്! അല്ലേ?''
''എന്ന് ഞാൻ പറഞ്ഞില്ലല്ലോ. പക്ഷേ ബുദ്ധിയുള്ള ആർക്കും അങ്ങനെ സംശയിക്കാവുന്നതേയുള്ളൂ.''
രാഹുൽ ടിവി ഓഫു ചെയ്ത് എഴുന്നേറ്റു.

''എങ്കിൽ പോലീസിനെ വിളിച്ചു പറ ചെയ്തത് ഞാനാണെന്ന്. അച്ഛൻ സംശയിക്കേണ്ടാ. ആ തീപിടുത്തത്തിനു പിന്നിൽ ഞാനായിരുന്നു.''
അങ്ങനെ സംശയിച്ചിരുന്നതാണെങ്കിലും മകൻ മുഖത്തുനോക്കി സമ്മതിച്ചപ്പോൾ അയാൾ ഒന്നു പതറി.

രാഹുൽ തുടർന്നു:
''എന്നും ഭീഷണിയും ബ്ളാക്ക് മെയിലിംഗുമായി ആ സംഘം ഒരിക്കലും പിന്നാലെ വരരുതെന്ന് എനിക്കു നിർബന്ധമുണ്ടായിരുന്നു.

അതുകൊണ്ട് തന്നെയാണ് എല്ലാത്തിനെയും ഒന്നിച്ചു കരിച്ചത്. വരും കാലത്തു നിന്നുപോലും ഒരു ഭീഷണി എനിക്കുണ്ടാവാൻ പാടില്ല. അത് ഞാൻ സമ്മതിക്കത്തുമില്ല.''
രാഹുൽ എഴുന്നേറ്റ് ആ മുറിയിൽ ഉണ്ടായിരുന്ന ഫ്രിഡ്ജ് തുറന്ന് നന്നായി തണുത്ത ഒരു ബിയർ എടുത്തു. അതിന്റെ അടപ്പ് കടിച്ചു തുറന്നിട്ട് രാജസേനന്റെ മുന്നിൽ വച്ചു.
''കുടിച്ചോ അച്ഛാ. ഉള്ളൊന്നു തണുക്കട്ടെ. ഏതായാലും എപ്പോഴെങ്കിലും നമുക്കൊരു ഭീഷണി ആയേക്കുന്ന സംഘത്തെയാണ് ഞാൻ തീർത്തുകളഞ്ഞത്. അച്ഛന്റെ രാഷ്ട്രീയഭാവിക്കും അതു തന്നെയാണ് നല്ലതെന്ന് എനിക്കു തോന്നി.''

''അതൊക്കെ ശരിയാണ്. പക്ഷേ.. എങ്ങാനും ആരെങ്കിലും ഈ വിവരം അറിഞ്ഞാൽ..''
''അറിയില്ല.'' രാഹുലിന്റെ ശബ്ദം കനത്തു. ''കാരണം ചെയ്തത് ഞാനാണ്. വിറ്റ്നസ്സോ എവിഡൻസോ ഒന്നുമില്ല.''
മകന്റെ മുഖത്തേക്കു തുറിച്ചുനോക്കി ഒരു നിമിഷം നിന്നു രാജസേനൻ. പിന്നെ ഇറങ്ങിപ്പോയി...

ഡ്യൂട്ടി കഴിഞ്ഞെത്തിയ എസ്.ഐ വിജയ കളിച്ചു വേഷം മാറി തന്റെ മുറിയിൽ ലാപ്‌ടോപ്പിൽ എന്തോ പരതുകയായിരുന്നു.
അടുത്ത നിമിഷം ഫോൺ ശബ്ദിച്ചു. അതെടുത്തു നോക്കിയ അവൾ പെട്ടെന്ന് മുറിയിലേക്ക് ആരെങ്കിലും വരുന്നുണ്ടോ എന്നു ശ്രദ്ധിച്ചു.
പിന്നെ ഫോൺ കാതിൽ അമർത്തി.

''പറഞ്ഞോ..''
അപ്പുറത്തുനിന്നു ശബ്ദം കേട്ടു.
''ആനന്ദ്രാജിന്റെ കൊലയാളികളെ തേടിപ്പിടിച്ചു ശിക്ഷിക്കാൻ ഇനി നമ്മൾ രംഗത്തിറങ്ങണ്ടാ.''

''അതെന്താ?'' വിജയയ്ക്കു ജിജ്ഞാസയായി.
''അവർ ഇനിയില്ല. മലയാലപ്പുഴയിൽ വെന്തുമരിച്ചത് അവരായിരുന്നു.''
''ങ്‌ഹേ?'' വിജയ അമ്പരന്നു.

''അപ്പോൾ അത് ചെയ്തതാരാ?''
''രാഹുൽ.'' മറുപടി കേട്ട് ഞെട്ടിപ്പോയി വിജയ... (തുടരും)