sexual-abuse

 തിരുവനന്തപുരം: രാത്രിയിൽ സ്ത്രീകൾ തനിച്ച് താമസിക്കുന്ന വീടുകളിലെത്തി അവരെ വിളിച്ചുണർത്തി നഗ്നതാ പ്രദർശനം നടത്തിവന്ന യുവാവിനെ തുമ്പ പൊലീസ് പിടികൂടി. ആറ്റുകുഴി മണക്കാട്ട് വിളാകം വീട്ടിൽ ഷിബുവിനെയാണ് (28) തുമ്പ എസ്.ഐ പ്രതാപ ചന്ദ്രനും സംഘവും പിടികൂടിയത്. ലോഡിംഗ് തൊഴിലാളിയായ ഇയാൾ കഴിഞ്ഞ കറേ നാളുകളായി ടെക്കികളും മറ്റും താമസിക്കുന്ന വീടുകളിലെത്തി നഗ്നതാ പ്രദർശനം നടത്തി വരികയായിരുന്നു. കഴിഞ്ഞദിവസം അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന വീട്ടിലെത്തി നഗ്നത പ്രദർശിപ്പിക്കുന്നതിനിടെയാണ് വിവരമറിഞ്ഞെത്തിയ തുമ്പ പൊലീസ് ഇയാളെ കൈയോടെ പൊക്കിയത്.

സ്ത്രീകൾ തനിച്ച് താമസിക്കുന്ന വീടുകൾ മനസിലാക്കി രാത്രി അവിടെയെത്തി കതകിൽ തട്ടിയും ചൂളമടിച്ചും അവരെ ഉണർത്തിയശേഷം ഉടുതുണി ഊരി തലയിൽകെട്ടിയാണ് ഷിബുവിന്റെ ലീലാവിലാസം. ഇത് സംബന്ധിച്ച് തുമ്പ പൊലീസിൽ നിരവധി പരാതികളുണ്ടായെങ്കിലും ഇയാളെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല. ഇയാൾക്കായി പൊലീസ് തെരച്ചിലും നീരീക്ഷണവും തുടരുന്നതിനിടെയാണ് കഴിഞ്ഞദിവസം പിടിയിലായത്. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.