കഥ ഇതുവരെ
കോഴഞ്ചേരിയിലെ പിങ്ക് പോലീസ് എസ്.ഐയാണ് വിജയ. അവർക്കും സമാന ചിന്താഗതിക്കാരായ അഞ്ച് എസ്.ഐമാർക്കും ഒരു വാട്സ് ആപ്പ് ഗ്രൂപ്പുണ്ട്. റെഡ്! അനീതിയും അക്രമവും തടയാൻ ആവാതെ വന്നപ്പോൾ അവർ സമാന്തര പോലീസായി.
സായാഹ്ന പത്രത്തിന്റെ ഉടമയായ തന്റെ അച്ഛൻ വാസുദേവനെ, ആഭ്യന്തരമന്ത്രിയുടെ നിർദ്ദേശാനുസരണം ആക്രമിച്ച ഗുണ്ട കരടിവാസുവിനെ വിജയ ക്രൂരമായി നേരിട്ടു.
കൂട്ടുകാരി പ്രസീതയെ ബലമായി കാറിൽ കയറ്റിക്കൊണ്ടുപോയ ആഭ്യന്തരമന്ത്രി രാജസേനന്റെ മകൻ രാഹുലിൽ നിന്ന് അവൾ കൂട്ടുകാരിയെ രക്ഷിച്ചു.
ആ സംഭവത്തിൽ മന്ത്രിക്ക് കസേര തെറിച്ചു. അയാൾക്ക് വിജയയോടും കുടുംബത്തോടും പകയായി. അമ്മിണി എന്ന വനിതാ ഗുണ്ടയുടെ സഹായത്തോടെ മന്ത്രി പ്രസീതയെയും ഭർത്താവിനെയും കൊലപ്പെടുത്തി. ഓട്ടോ ഡ്രൈവറെ പിടിച്ചുകൊണ്ടുപോയി വിജയയും സംഘവും സത്യം പറയിപ്പിച്ചു.
പക്ഷേ കൊലയാളിസംഘവും ക്രൂരമായി വധിക്കപ്പെട്ടു...
എസ്.പി അരുണാചലം കേസ് ഏറ്റെടുക്കുന്നു.
തുടർന്നു വായിക്കുക...
ഒരു നിമിഷം സെൽഫോണിലേക്കു തുറിച്ചുനോക്കിയിരുന്നു എസ്.ഐ വിജയ. ശേഷം സ്വരം താഴ്ത്തി വീണ്ടും തിരക്കി.
''ആർ യൂ ഷുവർ?''
''യേസ്. സൈബർ സെല്ലിലെ നമ്മുടെ ബിന്ദുലാൽ എസ്.ഐയാണ് എന്നോടു വിവരം പറഞ്ഞത്. അവൻ ട്രെയിസ് ചെയ്തിരുന്ന രാഹുലിന്റെ ഫോൺ കാളുകളിൽ നിന്നു ലഭിച്ച വിവരമാണ്.
''ഛേ...'' വിജയ തല കുടഞ്ഞു.
''അവരെ തീർക്കേണ്ടത് നമ്മളായിരുന്നു. ഇതുപോലെ ഒരിക്കലും അവർ വെന്തുമരിക്കാൻ പാടില്ലായിരുന്നു. ഓരോ രോമകൂപത്തിലൂടെയും ചോര പൊടിയണമായിരുന്നു.. ഓരോ സെല്ലിലും വേദന നിറയണമായിരുന്നു....''
''ലീവിറ്റ് വിജയാ...'' അപ്പുറത്തു നിന്ന് സാന്ത്വനം പോലെയുള്ള സ്വരം കേട്ടു. ''ഇനിയും വരും അവസരങ്ങൾ. ഇത് കേരളമല്ലേ? ഇവരെക്കാൾ കൊടിയ കുറ്റവാളികൾ വാഴുന്ന ദൈവത്തിന്റെ സ്വന്തം നാട്?''
വിജയ അമർത്തി ഒന്നു മൂളി.
പിന്നെ കാൾ മുറിച്ചു.
അടുത്ത ദിവസം.
അന്ന് വിജയയുടെ സഹോദരൻ പ്രസിഡന്റായുള്ള മല്ലപ്പുഴശ്ശേരി പഞ്ചായത്തിൽ അവിശ്വാസ പ്രമേയം അവതരിപ്പിക്കപ്പെടുന്ന ദിവസമായിരുന്നു.
എല്ലാത്തിനും പിന്നിൽ മുൻ ആഭ്യന്തരമന്ത്രി രാജസേനനാണെന്ന് അനൂപിന് അറിയാമായിരുന്നു.
തന്റെ കൂടെ നിൽക്കുന്നവർ പ്രതിപക്ഷത്തേക്കു ചാടുമെന്നും.
ബ്രേക്ക് ഫാസ്റ്റ് സമയത്ത് തീൻമുറിയിൽ എല്ലാവരും ഒത്തുകൂടി. വാസുദേവൻ, മകനോട് കാര്യം തിരക്കി.
അവൻ ഒന്നു ചിരിച്ചു.
''തുമ്മിയാൽ തെറിക്കുന്ന മൂക്കാണെങ്കിൽ അങ്ങ് പോകട്ടെ അച്ഛാ.'' അനൂപ് പറഞ്ഞു. ''അല്ലെങ്കിൽത്തന്നെ, അധികമായില്ലെങ്കിലും രാഷ്ട്രീയക്കാരന്റെ നാറിപ്പുഴുത്ത കുപ്പായത്തോട് എനിക്കിപ്പോൾ അറപ്പാണ്.''
വാസുദേവന്റെ മുഖം തെളിഞ്ഞു.
''നന്നായെടാ... ഇവിടുന്ന് അങ്ങോട്ടു കൊണ്ടുപോയി നീ ഓരോരുത്തരെ സഹായിച്ചല്ലോ... ഒക്കെ നന്ദിയില്ലാത്ത വർഗ്ഗങ്ങളാടാ. സത്യസന്ധന്മാർക്ക് ഒരിക്കലും പറ്റുന്ന പണിയല്ല രാഷ്ട്രീയം.''
വിജയ ഒന്നും പറയാതെ അച്ഛനെയും ഏട്ടനെയും നോക്കി ഭക്ഷണം കഴിച്ചുകൊണ്ടിരുന്നു....
വാസുദേവൻ തുടർന്നു:
''ഇന്ത്യയിൽ മൊത്തം ആറുലക്ഷത്തിൽ അധികം പേരാണ് രാഷ്ട്രീയം ഉപജീവനം ആക്കിയിരിക്കുന്നത് എന്നാണ് ഔദ്യോഗിക കണക്ക്. ശരിക്കുള്ളത് അതിൽ എത്രയോ ഇരട്ടി വരും? വിയർക്കാതെയും ശരീരം അനങ്ങാതെയും മറ്റുള്ളവരെ പറ്റിച്ച് ജീവിക്കാൻ കഴിയുന്ന ഏക മാർഗ്ഗം ഏതായാലും നീ അത് വിടുന്നതിൽ അച്ഛന് അഭിമാനമുണ്ട്.''
അതുവരെ ഒന്നും മിണ്ടാതെ ഇരിക്കുകയായിരുന്ന, വാസുദേവന്റെ ഇളയ മകൻ സത്യൻ പെട്ടെന്നു പറഞ്ഞു:
''ഏട്ടൻ രാഷ്ട്രീയം വിട്ടാലും ഞാൻ പിന്മാറില്ല കേട്ടോ. അടുത്ത കോളേജ് ഇലക്ഷനിൽ ചെയർമാൻ സ്ഥാനാർത്ഥി ഞാനാ.''
''നിന്നെയും അതിനു മുൻപ് അവന്മാര് ഒതുക്കുമെടാ.'' അനൂപ് അറിയിച്ചു.
''ദേ. കരിനാക്ക് വളച്ചൊന്നും പറഞ്ഞേക്കല്ലേ...''
സത്യനു ശുണ്ഠിയായി.
അതുകേട്ടുകൊണ്ടാണ് മാലിനി ചായയുമായി അവിടേക്കു വന്നത്.
''നിങ്ങളെല്ലാവരും കൂടി അവനെ കളിയാക്കാതെ... പെമ്പിള്ളേർക്ക് ഇടയിൽ അവനൊന്ന് ഷൈൻ ചെയ്തോട്ടേന്നേ...''
അതുകേട്ടപ്പോൾ സത്യനു സന്തോഷമായി.
''ഡിഗ്രി ഫസ്റ്റ് ഇയേഴ്സിനു നാളെ ക്ളാസ് തുടങ്ങുകയാ.. ഞാൻ ശരിക്കും ഷൈൻ ചെയ്യും അമ്മേ...''
അവൻ എഴുന്നേറ്റു കൈകഴുകി മുറിവിട്ടു.
''അവൻ ജയിക്കും. കോളേജിൽ എല്ലാവർക്കും നല്ല മതിപ്പാ അവനോട്. എനിക്കറിയാം.''
വിജയ എല്ലാവരെയും ഒന്നു നോക്കി.
''അത് തന്നെയാണു പ്രശ്നം. എന്റെ അനുജനെ തോൽപ്പിക്കാൻ എന്റെ പാർട്ടിക്കാർ തന്നെ ശ്രമിക്കും.''
അനൂപ് പതുക്കെയാണു പറഞ്ഞത്.
അന്ന് ഉച്ചയ്ക്കുശേഷമായിരുന്നു പഞ്ചായത്ത് ഓഫീസിൽ അവിശ്വാസപ്രമേയം അവതരിപ്പിച്ചത്.
പ്രതീക്ഷിച്ചതുപോലെ അനൂപിന്റെ ഒപ്പം നിന്നവർ എതിർപക്ഷക്കാരുടെ കൂടി.
അനൂപിന് പ്രസിഡന്റ് സ്ഥാനം പോയി...
വൈകിട്ട് 5 മണി.
എസ്.പി അരുണാചലത്തിന്റെ ക്യാബിനിലേക്ക് സൈബർ സെൽ എസ്.ഐ ബിന്ദുലാൽ കടന്നുചെന്നു സല്യൂട്ടു ചെയ്തു.
പിന്നെ ഒരു പെൻഡ്രൈവ് കൈമാറി. അത് കംപ്യൂട്ടറിൽ പ്ളേ ചെയ്ത് ഹെഡ് സെറ്റുവച്ച് എസ്.പി ആ ഫോൺ സംഭാഷണം കേട്ടു.
അയാളുടെ മുഖത്ത് പലവിധ ഭാവങ്ങൾ മിന്നി.
ചാടിയെഴുന്നേറ്റ അരുണാചലം കൊടുങ്കാറ്റുപോലെ പുറത്തേക്ക്...(തുടരും)