കൊച്ചി: പ്രളയത്തിൽ തകർന്ന കേരളത്തെ പുനർനിർമിക്കുന്നതിന്റെ ഭാഗമായുള്ള സാലറി ചലഞ്ചിൽ പങ്കെടുക്കാത്തവരുടെ പട്ടിക തയ്യാറാക്കുന്നത് എന്തിനാണെന്ന് ഹൈക്കോടതി വീണ്ടും സർക്കാരിനോട് ചോദിച്ചു. പങ്കെടുക്കാത്തവരുടെ പേരുകൾ പുറത്ത് വിടരുതെന്നും ഹൈക്കോടതി സർക്കാരിനോട് നിർദ്ദേശിച്ചു.
സാലറി ചലഞ്ചിൽ പങ്കെടുക്കാത്തവരുടെ പേരുകൾ പുറത്ത് വിടുന്നത് ഉദ്യോഗസ്ഥർക്കിടയിൽ എതിർപ്പിനിടയാക്കും. ജീവനക്കാരെ രണ്ട് തട്ടിലാക്കുന്ന തീരുമാനമാണിത്. ശന്പളം സംഭാവന ചെയ്യാൻ വിസമ്മതിച്ചവരുടെ പേരുകൾ പുറത്ത് വിട്ടവർക്കെതിരെ എന്ത് നടപടി സ്വീകരിച്ചുവെന്ന് സർക്കാർ അറിയിക്കണം. പ്രളയത്തിന്റെ പേരിലുള്ള നിർബന്ധിത പിരിവ് ശരിയല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. വിസമ്മതപത്ര വ്യവസ്ഥ ഒരുതരത്തിലുള്ള നിർബന്ധിക്കലാണെന്ന് ഡിവിഷൻ ബെഞ്ച് വാക്കാൽ പറഞ്ഞു. പ്രളയ ദുരിതാശ്വാസത്തിനായി ഒരുമാസത്തെ ശമ്പളം സർക്കാർ ജീവനക്കാർ സംഭാവനയായി നൽകണമെന്നാണ് മുഖ്യമന്ത്രി അഭ്യർത്ഥിച്ചത്. ആരെയും നിർബന്ധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ആ ഉറപ്പിന് വിരുദ്ധമാണ് സർക്കാർ ഉത്തരവിലെ വിസമ്മത പത്രമെന്ന വ്യവസ്ഥ. മഹത്തായ ലക്ഷ്യത്തെ പരിമിതപ്പെടുത്താനേ ഇതുപകരിക്കൂ. സംഭാവന നൽകാൻ താത്പര്യമുള്ളവരുടെ സമ്മതപത്രമല്ലേ തേടേണ്ടിയിരുന്നതെന്നും ഡിവിഷൻ ബെഞ്ച് വാക്കാൽ ചോദിച്ചു. ഇതിനു വിരുദ്ധമായാണ് ഇപ്പോൾ പട്ടിക തയാറാക്കിയിരിക്കുന്നത്. അതിനു പിന്നിലെ കാരണം എന്താണെന്ന് സർക്കാർ വ്യക്തമാക്കണം. എന്നാൽ ഇത് വകുപ്പുകൾക്കുള്ളിലെ ആഭ്യന്തര കാര്യമാണെന്നായിരുന്നു സർക്കാരിന്റെ വിശദീകരണം. പട്ടികകൾക്ക് രഹസ്യ സ്വഭാവമുണ്ടെന്നും ഇത് പരസ്യപ്പെടുത്തില്ലെന്നും എ.ജി കോടതിയെ അറിയിച്ചു.
ഉദ്യോഗസ്ഥരെ സംഭാവന നൽകാൻ നിർബന്ധിക്കുന്നില്ലെന്നും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുന്നവർക്ക് പലതരം ഇളവുകൾ അനുവദിച്ചിട്ടുണ്ടെന്നും അഡ്വക്കേറ്റ് ജനറൽ വിശദീകരിച്ചു. കേസ് ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.