കഥ ഇതുവരെ
കോഴഞ്ചേരിയിലെ പിങ്ക് പോലീസ് എസ്.ഐയാണ് വിജയ. അവർക്കും സമാന ചിന്താഗതിക്കാരായ അഞ്ച് എസ്.ഐമാർക്കും ഒരു വാട്സ് ആപ്പ് ഗ്രൂപ്പുണ്ട്. റെഡ്! അനീതിയും അക്രമവും തടയാൻ ആവാതെ വന്നപ്പോൾ അവർ സമാന്തര പോലീസായി.
സായാഹ്ന പത്രത്തിന്റെ ഉടമയായ തന്റെ അച്ഛൻ വാസുദേവനെ, ആഭ്യന്തരമന്ത്രിയുടെ നിർദ്ദേശാനുസരണം ആക്രമിച്ച ഗുണ്ട കരടിവാസുവിനെ വിജയ ക്രൂരമായി നേരിട്ടു.
കൂട്ടുകാരി പ്രസീതയെ ബലമായി കാറിൽ കയറ്റിക്കൊണ്ടുപോയ ആഭ്യന്തരമന്ത്രി രാജസേനന്റെ മകൻ രാഹുലിൽ നിന്ന് അവൾ കൂട്ടുകാരിയെ രക്ഷിച്ചു.
ആ സംഭവത്തിൽ മന്ത്രിക്ക് കസേര തെറിച്ചു. അയാൾക്ക് വിജയയോടും കുടുംബത്തോടും പകയായി. അമ്മിണി എന്ന വനിതാ ഗുണ്ടയുടെ സഹായത്തോടെ മന്ത്രി പ്രസീതയെയും ഭർത്താവിനെയും കൊലപ്പെടുത്തി. ഓട്ടോ ഡ്രൈവറെ പിടിച്ചുകൊണ്ടുപോയി വിജയയും സംഘവും സത്യം പറയിപ്പിച്ചു.
പക്ഷേ കൊലയാളിസംഘവും ക്രൂരമായി വധിക്കപ്പെട്ടു...
എസ്.പി അരുണാചലം കേസ് ഏറ്റെടുക്കുന്നു.
തുടർന്നു വായിക്കുക...
അരുണാചലം ചെല്ലുന്നതു കണ്ട് പോലീസ് ഡ്രൈവർ വേഗം കാറിന്റെ പിൻഡോർ തുറന്നു പിടിച്ചു.
അതിലേക്കു കയറുന്നതിനിടയിൽത്തന്നെ എസ്.പി, സി.ഐ അലക്സ് എബ്രഹാമിനെ വിളിച്ച് ചില നിർദ്ദേശം നൽകി.
''സാർ... ഞാൻ അനുരാഗ് തീയേറ്ററിന് അടുത്തുണ്ട്. എത്രയും പെട്ടെന്ന് അങ്ങെത്തിക്കോളാം.''
അലക്സ് എബ്രഹാമിന്റെ മറുപടി കിട്ടി.
എസ്.പിയുടെ കാർ വെട്ടിപ്പുറത്തേക്കു പാഞ്ഞു. രണ്ടുമിനിട്ടു കഴിഞ്ഞപ്പോൾ പിന്നിൽ പോലീസ് ജീപ്പിന്റെ മുഖം തെളിഞ്ഞു.
സി.ഐ അലക്സ് എബ്രഹാമും സംഘവും!
അരുണാചലം മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് ചില കാര്യങ്ങൾ ധരിപ്പിച്ചു. അവിടെ നിന്ന് എന്തും ചെയ്യാനുള്ള അനുമതിയും കിട്ടി, എസ്.പിക്ക്.
മുന്നിലും പിന്നിലുമായി എസ്.പിയുടെ കാറും സി.ഐയുടെ ജീപ്പും രാജസേനന്റെ വീട്ടിലേക്ക് ഇരച്ചുകയറി.
പോർച്ചിനു പുറത്ത് അത് ബ്രേക്കിട്ടു. എസ്.പിയും പോലീസ് സംഘവും ചാടിയിറങ്ങി.
വീടിന്റെ വാതിൽ തുറന്നുകിടക്കുകയായിരുന്നു.
''അലക്‌സേ... നിങ്ങളിവിടെ നിൽക്ക്.''
പറഞ്ഞിട്ട് എസ്.പി വാതിൽ കടന്നു. വിശാലമായ ഹാളിൽ നിന്നു ചുറ്റും നോക്കി.
ആരെയും കണ്ടില്ല!
അരുണാചലം വിളിക്കാൻ ഭാവിക്കുമ്പോൾ ബാൽക്കണിയിൽ നിന്നു ശബ്ദം കേട്ടു.
''ഞാൻ മന്ത്രിയല്ലാത്തതുകൊണ്ടാണോ അരുണാചലം, താൻ ചോദിക്കാതെയും പറയാതെയും തറ ചവുട്ടിക്കുലുക്കി അകത്തു കയറിയത്?''
അരുണാചലം മുകളിലേക്കു നോക്കി. ബാൽക്കണിയുടെ കൈവരിയിൽ പിടിച്ച് താഴേക്ക് നോക്കിനിൽക്കുന്നു രാജസേനൻ!
''സാർ... ഞാൻ വന്നത്...''
പൂർത്തിയാക്കാൻ സമ്മതിച്ചില്ല രാജസേനൻ.
''ഉം.. ഉം.. ഞാനങ്ങോട്ടു വരാം. വെറുതെ വിളിച്ചു കൂവണ്ടാ.''
രാജസേനൻ സാവധാനം പടികൾ ഇറങ്ങിവന്നു.
''മന്ത്രിസ്ഥാനം പോയതുകൊണ്ട് താൻ സല്യൂട്ട് ചെയ്യില്ല എനിക്കെന്ന് അറിയാം.''
അരുണാചലം മിണ്ടിയില്ല.
രാജസേനൻ ഒരു സെറ്റിയിൽ ഇരുന്നു.
''ഇരിക്ക് താൻ.''
എതിരെ കിടന്നിരുന്ന ചെയറിലേക്ക് അയാൾ കൈചൂണ്ടി.
വേണ്ട സാർ. എനിക്കൽപ്പം തിരക്കുണ്ട്. അതുകൊണ്ട് രാഹുലിനെ ഒന്നു കണ്ടിട്ട് ഉടൻ പോകണം.''
രാജസേനന്റെ നെറ്റിയൊന്ന് ചുളിഞ്ഞു നിവർന്നു.
''എന്തിനാ?''
''ഒരു ഡൗട്ട് ക്ലിയർ ചെയ്യാൻ.''
രാജസേനന്റെ മുഖത്തെ സംശയം മാറിയില്ല. എങ്കിലും തിരിഞ്ഞുനോക്കി ശബ്ദമുയർത്തി.
''രാഹുൽ ഇങ്ങോട്ടു വരൂ....''
ഒരുമിനിട്ടു കഴിഞ്ഞപ്പോൾ ബാൽക്കണിയിൽ രാഹുലിന്റെ മുഖം കണ്ടു.
''എന്താ അച്ഛാ?''
''ഈ എസ്.പിക്ക് നിന്നോട് എന്തോ സംസാരിക്കാനുണ്ട്.''
യാതൊരു ഭാവഭേദവും കൂടാതെ രാഹുൽ ഇറങ്ങിവന്നു.
''എന്താ സാറേ?''
എസ്.പി അവനെ അടിമുടി ഒന്നു നോക്കി. അഹങ്കാരത്തിന്റെ ദൃശ്യരൂപം!
''ഈ പ്രകാശൻ ആരാ?''
എസ്. പി അവന്റെ കണ്ണുകളിലേക്കു നോട്ടമുറപ്പിച്ചു.
''എന്റെ സുഹൃത്ത്.''
''നിങ്ങൾ രണ്ടുപേരും തമ്മിൽ കഴിഞ്ഞ ദിവസം ഫോണിൽ സംസാരിച്ചതിന്റെ വിവരങ്ങൾ എനിക്കു കിട്ടി. അതനുസരിച്ച് മലയാലപ്പുഴയിൽ കൂട്ടമരണങ്ങൾ നടന്നതിന്റെ ഉത്തരവാദിത്വം നിങ്ങൾക്കു രണ്ടാൾക്കുമാണ്.''
രാഹുൽ മാത്രമല്ല രാജസേനനും ഒരു വിളർച്ച ബാധിച്ചു.
പക്ഷേ രാഹുൽ പെട്ടെന്നു ഭാവം മാറ്റി പൊട്ടിച്ചിരിച്ചു.
''സാറ് എന്തെങ്കിലും സ്വപ്നം കണ്ടോ ഇങ്ങനെ പറയുവാൻ?''
''എന്റെ കയ്യിൽ തെളിവുണ്ട്. കേൾക്കണോ?''
''നിങ്ങൾ പറയുമ്പോൾ കേൾക്കാനിരിക്കുവാണോ ഞാൻ? ഞാനും എന്റെ സുഹൃത്തും ഫോണിൽ പലതും സംസാരിച്ചിരിക്കും. അതിന് നിങ്ങൾക്കെന്താ?''
''അതൊക്കെ പിന്നെ പറയാം. പറയേണ്ടിടത്തുവച്ച്. തൽക്കാലം നീ എന്റെ കൂടെ വരണം.''
മിന്നൽ വേഗത്തിൽ അരുണാചലം അവന്റെ കയ്യിൽ കടന്നുപിടിച്ചു.
''ഛീ...വിടെടോ...''
രാഹുൽ കൈ കുടഞ്ഞു.
പക്ഷേ എസ്.പി വിട്ടില്ല.
രാജസേനൻ ചാടിയെഴുന്നേറ്റു.
''മിസ്റ്റർ അലക്സാണ്ടർ. ഞാൻ ഒരു ജനപ്രതിനിധിയാണ്. എന്നുവച്ചാൽ തന്നേക്കാൾ ഒരുപാട് മുകളിൽ. എന്റെ വീട്ടിൽ കയറുന്നതിനും പ്രവർത്തിക്കുന്നതിനും പ്രോട്ടോകോൾ ഉണ്ട്.''
അരുണാചലത്തിന്റെ മുഖം മുറുകി:
''എന്ത് പ്രോട്ടോകോൾ ആണെങ്കിലും ആരുടെ വീടാണെങ്കിലും ഒരു കുറ്റവാളിയെ കസ്റ്റഡിയിലെടുക്കുമ്പോൾ ഞാൻ മറ്റൊന്നും നോക്കാറില്ല...''
അയാളുടെ കൈവിരൽ രാഹുലിന്റെ കയ്യിൽ കുറേക്കൂടി മുറുകി. (തുടരും)