ന്യൂഡൽഹി: കണ്ണൂർ മെഡിക്കൽ കോളേജിലെ പ്രവേശന ക്രമക്കേടിനെ കുറിച്ച് അന്വേഷണം നടത്താൻ പ്രവേശന മേൽനോട്ട സമിതിയോട് സുപ്രീം കോടതി ഉത്തരവിട്ടു. വിദ്യാർത്ഥികളിൽ നിന്ന് തലവരിപ്പണം വാങ്ങിയോ എന്നാണ് മേൽനോട്ട സമിതി പ്രധാനമായും അന്വേഷിക്കുക. ഈ വർഷം കോളേജിൽ പ്രവേശനം നടത്തരുതെന്നും ജസ്റ്റിസ് അരുൺ മിശ്ര അദ്ധ്യക്ഷനായ ബെഞ്ച് നിർദ്ദേശിച്ചു. കോളേജിലെ 2016 -17 വർഷത്തെ പ്രവേശനവുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും പരിശോധിച്ച ശേഷമാണ് കോടതിയുടെ ഉത്തരവ്.
2016-17 വർഷത്തിൽ പ്രവേശനം റദ്ദാക്കപ്പെട്ട വിദ്യാർത്ഥികളിൽ നിന്ന് വാങ്ങിയ ഫീസ് ഇരട്ടിയായി തിരിച്ചു നൽകണമെന്ന് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഇത് തിരിച്ചു നൽകിയതായി ഇന്ന് കേസ് പരിഗണിച്ചപ്പോൾ കണ്ണൂർ മെഡിക്കൽ മാനേജ്മെന്റ് കോടതിയെ അറിയിച്ചു. എന്നാൽ, ഫീസ് തിരിച്ചു നൽകിയതു കൊണ്ട് ആയില്ലെന്നും തലവരിപ്പണം വാങ്ങിയതിനെ കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും കോടതി പറഞ്ഞു. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ സി.ബി.ഐ അന്വേഷണം നടത്തുമെന്നാണ് കോടതി പറഞ്ഞിരുന്നത്. എന്നാൽ സി.ബി.ഐ അന്വേഷണം വേണ്ടെന്നും പ്രവേശന മേൽനോട്ട സമിതി തന്നെ അന്വേഷിച്ചാൽ മതിയെന്നും ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചു. അന്വേഷണത്തിൽ ക്രമക്കേട് നടന്നെന്ന് കണ്ടെത്തിയാൽ കൂടുതൽ ക്രിമിനൽ നടപടികൾ ഉണ്ടാകും.
മാനദണ്ഡപ്രകാരമുള്ള ഓൺലൈൻ നടപടികളിലൂടെയല്ലാതെയും അംഗീകൃത പ്രോസ്‌പെക്‌ടസ് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കാതെയുമായിരുന്നു 2016 -17 ൽ കണ്ണൂർ മെഡിക്കൽ കോളേജിലെ എം.ബി.ബി.എസ് പ്രവേശനമെന്ന് മേൽനോട്ടസമിതി നേരത്തെ കണ്ടെത്തിയിരുന്നു. തുടർന്ന്, ഇവിടെ പ്രവേശനം നേടിയ 150 വിദ്യാർത്ഥികളെ സമിതി അയോഗ്യരാക്കി. ഇത് പിന്നീട് ഹൈക്കോടതിയും സുപ്രീം കോടതിയും ശരിവച്ചു. പുനഃപരിശോധനാ ഹർജിയും കോടതി തള്ളി. തുടർന്ന് വിദ്യാർത്ഥികളുടെ ഭാവിയെ കരുതിയെന്ന് പറഞ്ഞ് പ്രവേശനം ക്രമപ്പെടുത്താൻ സർക്കാർ കേരള പ്രൊഫഷണൽ കോളേജസ് (റെഗുലറൈസേഷൻ ഒഫ് അഡ്മിഷൻ ഇൻ മെഡിക്കൽ കോളേജസ് ) ഓർഡിനൻസ് 2017 എന്ന പേരിൽ ഓർഡിനൻസ് കൊണ്ടുവന്നു. നിയമസഭയിൽ ഭരണ, പ്രതിപക്ഷ ഐക്യത്തോടെ ബില്ല് പാസാക്കുകയും ചെയ്തു. ഓർഡിനൻസിന്റെ സാധുത ചോദ്യം ചെയ്ത് ഏപ്രിലിൽ ഇന്ത്യൻ മെഡിക്കൽ കൗൺസിൽ സുപ്രീംകോടതിയെ സമീപിച്ചു. എന്നാൽ ഓർഡിനൻസ് സുപ്രീം കോടതി സ്‌റ്റേ ചെയ്യുകയായിരുന്നു. വിദ്യാർത്ഥികളുടെ ഭാവി പരിഗണിച്ചാണ് ഓർഡിനൻസ് കൊണ്ടുവന്നതെന്ന സംസ്ഥാനസർക്കാരിന്റെ വാദം തള്ളിയ കോടതി ഓർഡിനൻസ് സ്റ്റേ ചെയ്യുകയായിരുന്നു.