കഥ ഇതുവരെ
കോഴഞ്ചേരിയിലെ പിങ്ക് പോലീസ് എസ്.ഐയാണ് വിജയ. അവർക്കും സമാന ചിന്താഗതിക്കാരായ അഞ്ച് എസ്.ഐമാർക്കും ഒരു വാട്സ് ആപ്പ് ഗ്രൂപ്പുണ്ട്. റെഡ്! അനീതിയും അക്രമവും തടയാൻ ആവാതെ വന്നപ്പോൾ അവർ സമാന്തര പോലീസായി.
സായാഹ്ന പത്രത്തിന്റെ ഉടമയായ തന്റെ അച്ഛൻ വാസുദേവനെ, ആഭ്യന്തരമന്ത്രിയുടെ നിർദ്ദേശാനുസരണം ആക്രമിച്ച ഗുണ്ട കരടിവാസുവിനെ വിജയ ക്രൂരമായി നേരിട്ടു.
കൂട്ടുകാരി പ്രസീതയെ ബലമായി കാറിൽ കയറ്റിക്കൊണ്ടുപോയ ആഭ്യന്തരമന്ത്രി രാജസേനന്റെ മകൻ രാഹുലിൽ നിന്ന് അവൾ കൂട്ടുകാരിയെ രക്ഷിച്ചു.
ആ സംഭവത്തിൽ മന്ത്രിക്ക് കസേര തെറിച്ചു. അയാൾക്ക് വിജയയോടും കുടുംബത്തോടും പകയായി. അമ്മിണി എന്ന വനിതാ ഗുണ്ടയുടെ സഹായത്തോടെ മന്ത്രി പ്രസീതയെയും ഭർത്താവിനെയും കൊലപ്പെടുത്തി. ഓട്ടോ ഡ്രൈവറെ പിടിച്ചുകൊണ്ടുപോയി വിജയയും സംഘവും സത്യം പറയിപ്പിച്ചു.
പക്ഷേ കൊലയാളിസംഘവും ക്രൂരമായി വധിക്കപ്പെട്ടു...
എസ്.പി അരുണാചലം കേസ് ഏറ്റെടുക്കുന്നു.
തുടർന്നു വായിക്കുക...
വിടെടോ. രാഹുൽ, സി.ഐ അലക്സ് എബ്രഹാമിന്റെ കൈ തട്ടിക്കളഞ്ഞു.
അലക്സിന്റെ മുഖം ചുവന്നു. അയാൾ എസ്.പിയെ നോക്കി.
എസ്. പി. അരുണാചലം, അലക്സിന്റെ മുഖത്തേക്ക് നോക്കി കണ്ണുകൾ കൊണ്ട് ഒരടയാളം കാണിച്ചു.
മിന്നൽ വേഗത്തിലായിരുന്നു അലക്സിന്റെ പ്രതികരണം. വെട്ടിത്തിരിഞ്ഞതും അയാൾ പുറംകൈ വീശി ഒറ്റയടി!
ഹാളിനുള്ളിൽ ആ ശബ്ദം വെടിമുഴക്കംപോലെ പ്രതിധ്വനിച്ചു.
കവിളടക്കം അടിയേറ്റ രാഹുൽ കാറ്റുപിടിച്ച മരം കണക്കെ ഒന്നുലഞ്ഞു. പിന്നെ ഒരുവശം ചരിഞ്ഞ് തറയിലേക്ക് വീഴാൻ ഭാവിച്ചു.
''എടാ' രാജസേനൻ അലറിക്കൊണ്ട് മുന്നോട്ടാഞ്ഞു.
അടുത്തനിമിഷം അരുണാചലം അയാൾക്ക് മുന്നിലേക്ക് ചെന്നു.
''നീ ' രാജസേനൻ കൈചൂണ്ടി നീ എന്റെ മോനെ തല്ലിച്ചു. അല്ലേ?
എസ്.പി ചിരിച്ചു.
ഈ തല്ല് നിങ്ങൾ കൊടുക്കേണ്ട നേരത്ത് മകനുകൊടുത്തിരുന്നെങ്കിൽ ഇവൻ എന്നേ നന്നായി പോയേനെ.
വളർത്തുദോഷം അതാ സാറെ ഇവിടെ സംഭവിച്ചത്. ശിക്ഷിക്കുകയും ഉപദേശിക്കുകയും ചെയ്യേണ്ട നേരത്ത് അത് ചെയ്തിരുന്നെങ്കിൽ ഇവൻ ഇത്രയും കൊടും ക്രിമിനൽ ആകില്ലായിരുന്നു.
രാജസേനൻ അരുണാചലത്തെ തുറിച്ചുനോക്കി. അരുണാചലം തുടർന്നു.
സാർ.. ഇനിയും വൈകിയിട്ടില്ല. നന്നാകാൻ ഇനിയും ഇവൻ തീരുമാനിച്ചിട്ടുണ്ടെങ്കിൽ തല്ലുമേടിക്കാതെ ഇവൻ ഞങ്ങളെ അനുസരിക്കും.
പറഞ്ഞുനിറുത്തും മുൻപ് റോക്കറ്റ് വേഗത്തിൽ രാഹുൽ മേലേക്കുയർന്നു. ഒരു പച്ച തെറിവിളിച്ചുകൊണ്ട്.
നന്നാകാൻ തീരുമാനിച്ചിട്ടില്ലെടാ ചെറ്റേ ഞാൻ.
പറഞ്ഞതും അവൻ സി.ഐയുടെ മുഖത്തിന് നേർക്ക് കൈവീശി.
ക്ഷണനേരത്തിനുള്ളിൽ അലക്സ് എബ്രഹാം ഒരുവശത്തേക്കൊഴിഞ്ഞു. പിന്നെ തനിക്ക് നേരെവന്ന കൈയിൽ കടന്നുപിടിച്ച് ഒന്നുതിരിച്ചു.
ഹാ..
തോളിൽനിന്നു കൈ അടർന്നുപോകുന്ന വേദനയിൽ രാഹുൽ നിലവിളിച്ചു.
സി.ഐ പിടിവിട്ടില്ല.
അവന്റെ കൈ ഒന്നുകൂടി തിരിച്ചു.
ചുഴലിക്കാറ്റിൽ വട്ടം കറങ്ങുന്നതുപോലെ രാഹുൽ ഒന്നുതിരിഞ്ഞു.
അലക്സ് എബ്രഹാം അവന്റെ കാൽമടക്കിന് പിന്നിൽ ഒറ്റ ചവിട്ട്. ഒടിഞ്ഞതുപോലെ അവൻ പിറകിലേക്ക് വളഞ്ഞു.
ആ നിമിഷം സി.ഐ കൈമുട്ട് മടക്കി അവന്റെ നെഞ്ചിൽ ആഞ്ഞിടിച്ചു. ചെമ്പുകുടത്തിൽ കരിങ്കല്ലുകൊണ്ട് ഇടിക്കുംപോലെ ഒരു ശബ്ദം!
''അച്ഛാ''
രാഹുൽ അലറിക്കരഞ്ഞു?
അവന്റെ തുറന്ന വായിലൂടെ കൊഴുത്ത ചോര കവിട്ടി.
''മോനെ...'
പേപിടിച്ചതുപോലെ രാജസേനൻ അലറി.
പക്ഷേ അയാൾക്ക് മകന്റെ അടുത്തെത്താൻ കഴിയുംമുൻപ്, അരുണാചലം കൈകൾ വിരിച്ചുപിടിച്ചു.
മുൻ ആഭ്യന്തരമന്ത്രിയെ തല്ലി എന്ന പേരിൽ ഇന്നത്തെ അന്തി ചർച്ചയ്ക്ക് ചാനലുകാർക്ക് അവസരം കൊടുക്കണോ സാർ? തീരുമാനം നിങ്ങളുടേതാണ്. നിങ്ങളുടേത് മാത്രം.
അരുണാചലത്തിന്റെ കണ്ണുകളിൽ അഗ്നിയെരിഞ്ഞു.
വാക്കുകൾക്കിടയിലെ വെടിമരുന്നിന്റെ നീറ്റൽ രാജസേനൻ തിരിച്ചറിഞ്ഞു.
അരുണാചലം.
വിവശതയോടെ രാജസേനൻ സെറ്റിയിലേക്കിരുന്നു.
നീ... നീ കാതിൽ നുള്ളിക്കോടാ. ഞാൻ തിരിച്ചുവരും. ആഭ്യന്തര മന്ത്രിയായിട്ടുതന്നെ. അപ്പോൾ അലങ്കാരമായി നിന്റെ തലയിൽ ഈ തൊപ്പിയുണ്ടാവില്ല. ഓർത്തുവച്ചോട.
അരുണാചലം ചിരിച്ചു.
ഓർക്കും സാർ. ഊണിലും ഉറക്കത്തിലും മാത്രമല്ല, ഉണർന്നിരിക്കുന്ന ഓരോ നിമിഷത്തിലും.
അയാൾ തിരിഞ്ഞ് സി.ഐയെ നോക്കി.
അലക്സ് കൊണ്ടുപോയി കേറ്റ് ഇവനെ നമ്മുടെ വണ്ടിയിൽ. എന്നിട്ട് ഒരിക്കലും ഊരിപ്പോരാൻ കഴിയാത്ത വിധം ഫസ്റ്റ് ഇൻഫർമേഷൻ റിപ്പോർട്ട് തയ്യാറാക്ക്. കിടക്കണം ഇവൻ പതിനാലുദിവസമെങ്കിലും. ജയിലിൽ.
സാർ.
അലക്സ് എബ്രഹാം, രാഹുലിനെ പൊലീസുകാർക്ക് നേരെ തള്ളി.
അവർ, അവനെ കൊണ്ടുപോയി ജീപ്പിൽ കയറ്റി.
രാഹുൽ ആക്രോശിക്കുകയും കുതറുകയും ചെയ്തുകൊണ്ടിരുന്നു.
പൊലീസ് വാഹനങ്ങൾ രണ്ടും മുൻമന്ത്രിയുടെ വീട്ടുമുറ്റത്ത് വട്ടംതിരിഞ്ഞു.
തറയിൽ വിരിച്ചിരുന്ന ആറ്റുചരലുകൾ പിൻചക്രങ്ങൾക്കിടയിൽ നിന്ന് ബുള്ളറ്റുകൾ പോലെ പിറകോട്ട് തെറിച്ചു.
പൊലീസ് വാഹനങ്ങൾ ഗേറ്റ് കടക്കാൻ ഭാവിക്കുകയായിരുന്നു.
അടുത്ത നിമിഷം.
മുന്നിൽ ഇരുവശത്തുനിന്നും രണ്ട് ടിപ്പർ ലോറികൾ പാഞ്ഞെത്തി.
പൊലീസ് ഡ്രൈവർമാർ ബ്രേക്ക് ആഞ്ഞമർത്തി.
അവർക്ക് വിലങ്ങനെ ടിപ്പറുകൾ നിന്നു.
അവയുടെ പെട്ടികൾ മെല്ലെ ഉയരുന്നത് എസ്.പിയും സി.ഐയും കണ്ടു.
ഏയ്. അരുണാചലം എന്തോ വിളിച്ചുപറയാൻ ഭാവിച്ചു.
ആ ക്ഷണം ടിപ്പറുകളിൽ നിന്ന് കരിങ്കൽ പാളികൾ ഇളകിവീണു തുടങ്ങി.
പൊലീസ് വാഹനങ്ങളുടെ ബോണറ്റുകൾ അടക്കം.
തകരപ്പാളികൾ അരിഞ്ഞുടയുന്ന ഉച്ച... ഒപ്പം പൊലീസ് വണ്ടികളും വിറച്ചു... (തുടരും)