കഥ ഇതുവരെ
കോഴഞ്ചേരിയിലെ പിങ്ക് പോലീസ് എസ്.ഐയാണ് വിജയ. അവർക്കും സമാന ചിന്താഗതിക്കാരായ അഞ്ച് എസ്.ഐമാർക്കും ഒരു വാട്സ് ആപ്പ് ഗ്രൂപ്പുണ്ട്. റെഡ്! അനീതിയും അക്രമവും തടയാൻ ആവാതെ വന്നപ്പോൾ അവർ സമാന്തര പോലീസായി.
സായാഹ്ന പത്രത്തിന്റെ ഉടമയായ തന്റെ അച്ഛൻ വാസുദേവനെ, ആഭ്യന്തരമന്ത്രിയുടെ നിർദ്ദേശാനുസരണം ആക്രമിച്ച ഗുണ്ട കരടിവാസുവിനെ വിജയ ക്രൂരമായി നേരിട്ടു.
കൂട്ടുകാരി പ്രസീതയെ ബലമായി കാറിൽ കയറ്റിക്കൊണ്ടുപോയ ആഭ്യന്തരമന്ത്രി രാജസേനന്റെ മകൻ രാഹുലിൽ നിന്ന് അവൾ കൂട്ടുകാരിയെ രക്ഷിച്ചു.
ആ സംഭവത്തിൽ മന്ത്രിക്ക് കസേര തെറിച്ചു. അയാൾക്ക് വിജയയോടും കുടുംബത്തോടും പകയായി. അമ്മിണി എന്ന വനിതാ ഗുണ്ടയുടെ സഹായത്തോടെ മന്ത്രി പ്രസീതയെയും ഭർത്താവിനെയും കൊലപ്പെടുത്തി. ഓട്ടോ ഡ്രൈവറെ പിടിച്ചുകൊണ്ടുപോയി വിജയയും സംഘവും സത്യം പറയിപ്പിച്ചു.
പക്ഷേ കൊലയാളിസംഘവും ക്രൂരമായി വധിക്കപ്പെട്ടു...
എസ്.പി അരുണാചലം കേസ് ഏറ്റെടുക്കുന്നു.
തുടർന്നു വായിക്കുക...
''ഏയ്....'
എസ്.പി അരുണാചലം ശബ്ദമുയർത്തി. അപ്പോഴേക്കും ഒരു വലിയ പാറ വീണ് അയാളുടെ കാറിന്റെ മുന്നിലെ ഗ്ലാസ് തകർന്നു.
അരയിൽ നിന്ന് റിവോൾവർ വലിച്ചെടുത്തുകൊണ്ട് അരുണാചലം പുറത്തേക്കു പാഞ്ഞു.
ആ ക്ഷണം ടിപ്പറുകൾ രണ്ടും ഇരു ദിശകളിലേക്കും പാഞ്ഞുപോയി.
സി.ഐ അലക്സ് എബ്രഹാമും പൊലീസുകാരും ജീപ്പിൽ നിന്നിറങ്ങി.
ജീപ്പിന്റെ ബോണറ്റ് തകർന്നിരുന്നു.
വീടിന്റെ വാതിൽക്കൽ കൗതുകത്തോടെ പുറത്തെ കാഴ്ച നോക്കിനിൽക്കുകയായിരുന്നു മുൻ ആഭ്യന്തരമന്ത്രി രാജസേനൻ.
രാഹുലിനെ പൊലീസുകാർ ജീപ്പിൽ നിന്ന് ഇറക്കുന്നതു കണ്ടു.
അവനെ പൊലീസ് കൊണ്ടുപോകാതിരിക്കാൻ അവസാന ശ്രമം നടത്തണമെന്നു തോന്നി രാജസേനന്.
അയാൾ കൊടുങ്കാറ്റുപോലെ വെട്ടിത്തിരിഞ്ഞ് സെൽഫോൺ എടുത്തു. നേരെ ചീഫ് മിനിസ്റ്ററുടെ പ്രൈവറ്റ് സെൽനമ്പരിലേക്കു വിളിച്ചു.
ഫോൺ ബല്ലടിച്ചു നിന്നു.
ഒരു ചീത്ത വിളിച്ചുകൊണ്ട് രാജസേനൻ വീണ്ടും കാൾ അയച്ചു.
ഇത്തവണ ഫോൺ അറ്റന്റു ചെയ്യപ്പെട്ടു.
''എന്താ രാജസേനാ..'
വേലായുധൻ മാസ്റ്ററുടെ ശാന്തതയോടെയുള്ള ചോദ്യം.
''ഓഹോ. അപ്പോൾ നിങ്ങൾ ഒന്നും അറിഞ്ഞിട്ടില്ല. അല്ലേ?
അറിയാതെയാണോ കാട്ടുകാളയെപ്പോലെ ഒരുത്തനെ അഴിഞ്ഞാടാൻ വിട്ടിരിക്കുന്നത്?'
അപ്പുറത്ത് ഒരു നിമിഷത്തെ മൗനം. പിന്നെ ശാന്തത കൈവെടിയാത്ത സ്വരം വീണ്ടും.
''കാര്യം പറയാതെ ഞാൻ എങ്ങനെ അറിയാൻ: രാജസേനൻ കാര്യം പറ. എനിക്ക് തിരക്കുണ്ട്.'
രാജസേനന്റെ മുഖം വലിഞ്ഞു മുറുകി.
''തിരക്ക് നിങ്ങൾക്കു മാത്രമല്ല എനിക്കുമുണ്ട്. എന്റെ മകനെ അറസ്റ്റുചെയ്യാൻ നിങ്ങൾ എസ്.പി അരുണാചലത്തോടു പറഞ്ഞോ?'
മറുചോദ്യമാണ് അപ്പുറത്തുനിന്നു വന്നത്:
''അതിന് അവൻ എന്തെങ്കിലും തെറ്റു ചെയ്‌തോ?'
എല്ലാം അറിഞ്ഞുകൊണ്ടാണ് സി.എം. സംസാരിക്കുന്നതെന്ന് രാജസേനന് ഉറപ്പുണ്ട്. എങ്കിലും കാര്യം ചുരുക്കി പറഞ്ഞു. അവസാനിപ്പിച്ചത് ഇങ്ങനെയും.
'' ഈ നിമിഷം അവനെ റിലീസ് ചെയ്യാൻ എസ്.പിയോട് പറഞ്ഞേക്കണം. അതല്ലെങ്കിൽ കളി മാറും. എന്റെ പാർട്ടിക്കാർ ഞാനൊന്ന് ചുണ്ടനക്കാൻ കാത്തിരിക്കുകയാണ്. അവര് എസ്.പിയെ വലിച്ചുകീറും. പിന്നെ മന്ത്രിസഭയുടെ പ്രതിച്ഛായയ്ക്കു മങ്ങലേറ്റു, മാങ്ങാത്തൊലി എന്നൊന്നും എന്നോടു പറഞ്ഞേക്കരുത്.'
വേലായുധൻ മാസ്റ്റർ ഒന്നു ചിരിച്ചു.
''രാജസേനാ. സത്യസന്ധനായ ഒരു പൊലീസ് ഉദ്യോഗസ്ഥനാണ് അരുണാചലം. അയാൾ തന്റെ മകനെ അറസ്റ്റുചെയ്യാൻ വന്നെങ്കിൽ മർഡർ കേസുമായി അവന് ബന്ധം ഉണ്ടായിരിക്കും. ആ നിലയ്ക്ക് ഞാൻ അരുണാചലത്തോട് എങ്ങനെ അതു പറയും?
മാത്രമല്ല ഞാൻ പറഞ്ഞാലും അയാൾ അനുസരിച്ചില്ലെങ്കിൽ... മീഡിയക്കാരുടെ മുന്നിൽ എല്ലാം വെളിപ്പെടുത്തിയാൽ അതോടെ മന്ത്രിസഭ വീണെന്നിരിക്കും. താനും തന്റെ മകനും കാട്ടികൂട്ടിയിട്ടുള്ള തോന്ന്യാസങ്ങൾ കാരണം എത്ര പേരോട് ഞാൻ മറുപടി പറയേണ്ടിവന്നിട്ടുണ്ടെന്ന് അറിയാമല്ലോ....'
'എങ്കിൽ ഇനി എന്തുവേണമെന്ന് എനിക്കറിയാം.' കാൾ കട്ടുചെയ്തിട്ട് രാജസേനൻ, അരുണാചലത്തിനു നേരെ പാഞ്ഞുചെന്നു.
''തന്റെ തീരുമാനത്തിന് മാറ്റമില്ലല്ലോ. അല്ലേ?'
'ഇല്ല.' എസ്.പി തലയാട്ടി.
''മാത്രമല്ല ഈ ചെയ്യിച്ചതിനടക്കം നിങ്ങളെക്കൊണ്ട് ഞാൻ കണക്കു പറയിക്കും.'
രാജസേനന്റെ മുഖത്ത് പുച്ഛഭാവം മിന്നി.
''ആ ടിപ്പറിൽ വന്നത് എന്റെ ആളുകളാണെന്ന് നിങ്ങൾക്ക് തെളിയിക്കാൻ കഴിയില്ല മിസ്റ്റർ അരുണാചലം. നിങ്ങൾക്ക് ഒരുപാട് ശത്രുക്കൾ ഉണ്ടല്ലോ... അവരിൽ ആരെങ്കിലുമാവാം ഇത് ചെയ്തത്.
പറഞ്ഞിട്ട് അയാൾ രാഹുലിനെ നോക്കി.
''പേടിയ്ക്കാതെ പൊയ്‌ക്കോടാ നീയ്. രാഷ്ട്രീയക്കാർക്ക് പോലീസ് സ്റ്റേഷനും ജയിലുമൊക്കെ പിക്നിക് കേന്ദ്രങ്ങളാടാ. '
രാഹുൽ തലയാട്ടി.
അമ്മ ഈ നേരത്ത് ഇവിടെ ഇല്ലാതിരുന്നതും നന്നായെന്ന് അവനു തോന്നി.
എസ്.പി വിളിച്ചതനുസരിച്ച് രണ്ട് ബൊലോറോ ജീപ്പുകൾ പാഞ്ഞെത്തി.
ഒന്നിൽ രാഹുലിനെയും കയറ്റി സി.ഐയും സംഘവും ഒപ്പം കയറി.
അടുത്തതിൽ എസ്.പിയും.
വാഹനങ്ങൾ പാഞ്ഞുപോയി... (തുടരും)