novel

കഥ ഇതുവരെ
കോഴഞ്ചേരിയിലെ പിങ്ക് പോലീസ് എസ്.ഐയാണ് വിജയ. അവർക്കും സമാന ചിന്താഗതിക്കാരായ അഞ്ച് എസ്.ഐമാർക്കും ഒരു വാട്സ് ആപ്പ് ഗ്രൂപ്പുണ്ട്. റെഡ്! അനീതിയും അക്രമവും തടയാൻ ആവാതെ വന്നപ്പോൾ അവർ സമാന്തര പോലീസായി.

സായാഹ്ന പത്രത്തിന്റെ ഉടമയായ തന്റെ അച്ഛൻ വാസുദേവനെ, ആഭ്യന്തരമന്ത്രിയുടെ നിർദ്ദേശാനുസരണം ആക്രമിച്ച ഗുണ്ട കരടിവാസുവിനെ വിജയ ക്രൂരമായി നേരിട്ടു.
കൂട്ടുകാരി പ്രസീതയെ ബലമായി കാറിൽ കയറ്റിക്കൊണ്ടുപോയ ആഭ്യന്തരമന്ത്രി രാജസേനന്റെ മകൻ രാഹുലിൽ നിന്ന് അവൾ കൂട്ടുകാരിയെ രക്ഷിച്ചു.

ആ സംഭവത്തിൽ മന്ത്രിക്ക് കസേര തെറിച്ചു. അയാൾക്ക് വിജയയോടും കുടുംബത്തോടും പകയായി. അമ്മിണി എന്ന വനിതാ ഗുണ്ടയുടെ സഹായത്തോടെ മന്ത്രി പ്രസീതയെയും ഭർത്താവിനെയും കൊലപ്പെടുത്തി. ഓട്ടോ ഡ്രൈവറെ പിടിച്ചുകൊണ്ടുപോയി വിജയയും സംഘവും സത്യം പറയിപ്പിച്ചു.

പക്ഷേ കൊലയാളിസംഘവും ക്രൂരമായി വധിക്കപ്പെട്ടു...
എസ്.പി അരുണാചലം കേസ് ഏറ്റെടുക്കുന്നു.

തുടർന്നു വായിക്കുക...
സെക്കൻഡുകൾ കഴിഞ്ഞതേയുള്ളൂ. മീഡിയക്കാരുടെ ഒബി വാൻ അടക്കം മുൻ ആഭ്യന്തരമന്ത്രി രാജസേനന്റെ വീട്ടുപടിക്കൽ പാഞ്ഞെത്തി.
ക്യാമറക്കണ്ണുകൾ തുറന്നു.
''സാർ... എന്താണിത്?'

ഒരു റിപ്പോർട്ടർ മൈക്രോഫോണുമായി രാജസേനന്റെ മുന്നിൽ ഓടിയെത്തി.
''കാണുന്നില്ലേ. ഇത് തന്നെ കാര്യം.'

അയാൾ കരിങ്കല്ലുകൾ വീണുകിടക്കുന്ന പോലീസ് വാഹനങ്ങൾക്കു നേരെ കൈ ചൂണ്ടി:
''എസ്.പി അരുണാചലത്തോട് ആരോ പക വീട്ടിയതാ..'

''പക്ഷേ അങ്ങയുടെ മകൻ രാഹുലിനെ മലയാലപ്പുഴ കൂട്ട കൊലപാതകങ്ങളുടെ പേരിൽ എസ്.പി അറസ്റ്റുചെയ്‌തെന്നും അതിന്റെ പേരിൽ അങ്ങു തന്നെയാണ് ഇത് ചെയ്യിച്ചതെന്നും ഞങ്ങൾക്കു വിവരം കിട്ടിയിട്ടുണ്ട്.'
റിപ്പോർട്ടർ വിടാനുള്ള ഭാവമില്ല.

''എങ്കിൽ കണക്കായിപ്പോയി.' രാജസേനന്റെ മുഖം ചുവന്നു. ''നിങ്ങൾക്ക് വിവരം തന്നവരോടു തന്നെ പോയി ചോദിക്ക്.'
''സാർ... ഇത് നിഷേധാത്മക നിലപാടാണ്. മാദ്ധ്യമ സ്വാതന്ത്ര്യത്തിനു നേരെയുള്ള ധിക്കാരപരമായ നടപടി.'
രാജസേനൻ കാറിത്തുപ്പി:
''മാദ്ധ്യമസ്വാതന്ത്ര്യം. കോപ്പ്. എങ്കിൽ നീയൊക്കെ എന്നെ എന്താണെന്നു വച്ചാൽ അങ്ങ് കാണിക്ക്.'
കൂടുതലൊന്നും പറയാൻ നിൽക്കാതെ അയാൾ വീടിനുള്ളിലേക്ക് പോയി.

വാർത്തകൾ കേട്ടറിഞ്ഞ ആളുകൾ വാഹനങ്ങളിലും മറ്റും അവിടേക്കു പാഞ്ഞുവന്നുകൊണ്ടിരുന്നു.
ചിലർ പോലീസ് വാഹനങ്ങളുടെ പശ്ചാത്തലത്തിൽ സെൽഫി എടുക്കുകയും ചെയ്തു.

എസ്.പിയുടെ നിർദ്ദേശാനുസരണം വളരെ പെട്ടെന്നുതന്നെ പോലീസ് അലർട്ടായെങ്കിലും ടിപ്പർ ലോറികൾ കണ്ടെത്താൻ കഴിഞ്ഞില്ല.
എല്ലാ സ്റ്റേഷനുകളിലേക്കും വയർലസ് മെസേജുകൾ പോയി.
പത്തനംതിട്ട പൊടുന്നനെ സ്തംഭനാവസ്ഥയിലായി.

റിങ് റോഡുകളിലൂടെ രാജസേനന്റെ ആയിരക്കണക്കിന് അണികൾ എസ്.പി ഓഫീസിലേക്കു മാർച്ചു ചെയ്തു.
റോഡുകൾ ബ്‌ളോക്കായി.

പോലീസ് ഗേറ്റടച്ചെങ്കിലും അതിനും മതിലിനും മുകളിലൂടെ അണികൾ എസ്.പി ഓഫീസിന്റെ മുറ്റത്തേക്കു ചാടി.
അവിടെ പാർക്കു ചെയ്തിരുന്ന വാഹനങ്ങളിൽ പലതും അടിച്ചുതകർക്കപ്പെട്ടു.
എസ്.പിക്കെതിരെ മുദ്രാവാക്യം വിളികൾ... രാഹുലിനെ വിട്ടുകിട്ടണമെന്ന ആവശ്യം...
രണ്ടാം നിലയിലെ തന്റെ ഓഫീസ് റൂമിന്റെ ജനാലക്കർട്ടൻ മാറ്റി അരുണാചലം മുറ്റത്തേക്കു നോക്കി.

കാര്യങ്ങൾ പിടിവിട്ടു പോകുകയാണ് എന്നൊരു തോന്നൽ....
കൂടുതൽ പോലീസ് എത്തുവാൻ എസ്.പി നിർദ്ദേശിച്ചു.
എല്ലാം കണ്ടും കേട്ടും പുഞ്ചിരിച്ചുകൊണ്ട് കനത്ത ബന്തവസ്സിൽ ഓഫീസിൽ ഉണ്ടായിരുന്നു രാഹുൽ.

എസ്.പി അവനെ നോക്കി.
''നിന്റെ അച്ഛൻ എന്തൊക്കെ പണിയൊരുക്കിയാലും രക്ഷപ്പെടാൻ കഴിയുമെന്ന് നീ കരുതണ്ടാ... അയാൾ ചെയ്യുന്ന ഓരോന്നിനും മറുപടി നിന്റെ ശിക്ഷ കുരുക്കുകയാവും.'
രാഹുൽ അപ്പോഴും ചിരിച്ചു.

''സാറിന് ചെയ്യാവുന്നത് സാറ് ചെയ്യ്. എന്റെ അച്ഛനാകുന്നത് അദ്ദേഹം ചെയ്‌തോളും.'
അടുത്ത നിമിഷം എസ്.പിയുടെ സെൽഫോൺ ഇരമ്പി:
അരുണാചലം അതെടുത്തു നോക്കി. ഡി.ജി.പി !
ആ മുഖത്ത് ഒരു വിളർച്ചയുണ്ടായി.

കാരണം ഡി.ജി.പി, രാജസേനന്റെ ആളാണെന്ന് അയാൾക്കറിയാം.
അരുണാചലം കാൾ അറ്റന്റു ചെയ്തു.
''സാർ..'

''എന്താടോ തന്റെ അണ്ടറിൽ നടക്കുന്നത്? തന്റെ കൺമുന്നിൽ ടിവിയിൽ എല്ലാം കണ്ടുകൊണ്ടിരിക്കുകയാണ് ഞാൻ. ഐ വാണ്ട് എക്സ്പ്ലനേഷൻ.'
''സാർ... ആ കൂട്ടക്കൊലയ്ക്കു പിന്നിൽ മുൻ മന്ത്രിയുടെ മകനാണ്.'
ബാക്കി പറയാൻ സമ്മതിച്ചില്ല ഡി.ജി.പി.

''ആയിക്കോട്ടെ. താൻ എത്രയും വേഗം അവനെ മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാക്ക്. ജാമ്യം കിട്ടുകയോ കിട്ടാതിരിക്കുകയോ ചെയ്‌തോട്ടെ. അങ്ങനെ തൽക്കാലം താൻ തടിയൂരാൻ നോക്ക്. '
അത്രമാത്രം പറഞ്ഞതും അപ്പുറത്ത് കാൾ മുറിഞ്ഞു.
പിന്നെ എല്ലാം പെട്ടെന്നായിരുന്നു.

അക്രമാസക്തരായ ജനങ്ങൾക്കിടയിലൂടെ പോലീസിന്റെ കനത്ത വലയത്തിൽ രാഹുലിനെ മജിസ്‌ട്രേറ്റിന്റെ മുന്നിൽ ഹാജരാക്കി.
സ്വന്തം പേരിലും മറ്റു രണ്ടുപേരുടെ ജാമ്യത്തിലും രാഹുലിനെ വിട്ടു.

പൂമാലയണിയിച്ച് എസ്.പിയെ തെറിവിളിച്ച് ചെണ്ടമേളത്തിന്റെ അകമ്പടിയോടെ രാഹുലിനെ അണികൾ കൊണ്ടുപോയി.
അതിനുമുൻപ് രാഹുൽ എസ്.പിയുടെ അരുകിൽ വന്ന് സ്വരം താഴ്ത്തി:
''മറക്കില്ല സാർ ഞാൻ നിങ്ങളെ. തീപിടിച്ച ഒരോർമയായി എന്നും എന്റെയുള്ളിൽ ഉണ്ടായിരിക്കും നിങ്ങൾ. അതുകൊണ്ടുതന്നെ നമ്മൾ തമ്മിൽ ഇനിയും കാണും.'
എസ്.പി കടപ്പല്ലമർത്തി രോഷം പിടിച്ചു നിന്നു.

ആ സമയം കോഴഞ്ചേരിയിൽ.
ബസ് സ്റ്റാന്റിന് അരുകിൽ ഉണ്ടായിരുന്നു പിങ്ക് പോലീസിന്റെ ടൊയോട്ട കാർ.
അതിന്റെ ബോണറ്റിൽ ചാരി എസ്.ഐ വിജയയും.

ഒരു സ്ത്രീ തന്റെ കുട്ടിയുമായി റോഡ് മുറിച്ചുകടക്കുന്നത് വിജയ കണ്ടു...
അടുത്ത നിമിഷം കാതടപ്പിക്കുന്ന ഹോൺ ശബ്ദം.
വിജയ നടുങ്ങിത്തിരിഞ്ഞു.

ഗവൺമെന്റ് ഹോസ്പിറ്റൽ ഭാഗത്തുകൂടി അലറിപ്പാഞ്ഞു വരുന്ന രണ്ട് ടിപ്പർ ലോറികൾ....
വിജയയ്ക്ക് അപകടം മണത്തു. എസ്.പിയുടെ വയർലസ് മെസേജ് അവൾ ഓർത്തു.
''ഏയ്...'

അവളുടെ ഒച്ചക്കിടയിൽ ഒരു നിലവിളി കൂടി...
ഫുട്‌ബോൾ കണക്കെ ലോറിക്കു മുന്നിൽ നിന്ന് ഒരു കുട്ടി ഇടിയേറ്റു തെറിച്ചു...! (തുടരും)