thomas-isac

 തിരുവനന്തപുരം: സംസ്ഥാന സർക്കാർ ചുമത്തുന്ന ഇന്ധന നികുതി കുറക്കില്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക് അറിയിച്ചു. ആദ്യം 14 രൂപ കൂട്ടിയിട്ട് 2.50 രൂപ കുറച്ചത് ശരിയായില്ല. കൂട്ടിയ തുക മുഴുവൻ കുറക്കട്ടയെന്നും തോമസ് ഐസക്ക് പറഞ്ഞു. രാജസ്ഥാൻ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് കേന്ദ്രം നികുതി കുറച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, അനിയന്ത്രിതമായ വിലക്കയറ്റം പ്രതിഷേധത്തിന് ഇടയാക്കിയിരിക്കെ കേന്ദ്ര സർക്കാർ ഇന്ധനവില കുറച്ചു. പെട്രോളിനും ഡീസലിനും ലിറ്ററിന് 2.50 രൂപ വീതമാണ് കുറച്ചത്. ഇന്ധനങ്ങളുടെ എക്സൈസ് തീരുവ ഇനത്തിൽ കേന്ദ്രം 1.50 രൂപയും എണ്ണക്കന്പനികൾ ഒരു രൂപയും വീതമാണ് കുറച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിന് ശേഷം കേന്ദ്ര ധനമന്ത്രി അരുൺ ജയ്‌റ്റ്‌ലി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

 കേന്ദ്രം നികുതി കുറച്ചതിനാൽ ഇത്രയും തുക കുറച്ച് ജനങ്ങൾക്ക് ഭാരം ലഘൂകരിച്ച് നൽകണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനങ്ങൾക്ക് കത്തയയ്ക്കുമെന്നും ജയ്‌റ്റ്‌ലി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് തോമസ് ഐസക്കിന്റെ മറുപടി. എക്സൈസ് നികുതി കുറച്ചതിലൂടെ കേന്ദ്രത്തിന് ഈ വർഷം 10,​500 കോടിയുടെ നഷ്ടമാണുണ്ടാകുകയെന്നും ജയ്‌റ്റ്‌ലി പറഞ്ഞു. ആഗോള വിപണിയിൽ  ക്രൂഡ് ഓയിൽ വില എക്കാലത്തെയും മികച്ച ഉയരത്തിലാണെന്നും ഇതാണ് വില വർദ്ധിക്കാൻ ഇടയാക്കിയതെന്നും ജയ്‌റ്റ്‌ലി വിശദീകരിച്ചു. വില നിയന്ത്രിക്കാൻ സർക്കാർ നടപടികൾ സ്വീകരിക്കുന്നുണ്ട്.