markandeya-katju

 ന്യൂഡൽഹി: ശബരിമലയിൽ എല്ലാ പ്രായത്തിലുള്ള സ്ത്രീകൾക്കും പ്രവേശിക്കാമെന്ന സുപ്രീം കോടതി വിധിക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി ജഡ്ജി മാർക്കണ്ഡേയ കട്ജു രംഗത്ത്. രാജ്യത്തെ ആയിരക്കണക്കിന് ക്ഷേത്രങ്ങളിലെയും  മുസ്ലീം പള്ളികളിലെയും ഗുരുദ്വാരകളിലെയും ആചാരങ്ങൾ മാറ്റിമറിക്കാൻ സുപ്രീം കോടതിക്ക് കഴിയുമോയെന്ന് കട്ജു ചോദിച്ചു. ട്വിറ്ററിലൂടെയാണ് കട്ജുവിന്റെ പ്രതികരണം.

രാജ്യത്തെ സ്ത്രീകളെ പ്രവേശിപ്പിക്കാത്തതും പുരുഷന്മാരെ പ്രവേശിപ്പിക്കാത്തതുമായ ക്ഷേത്രങ്ങളിലെ ആചാരങ്ങൾ കോടതിക്ക് ഇടപെട്ട് മാറ്റാൻ സാധിക്കുമോ എന്നും അദ്ദേഹം ചോദിച്ചു. പുതുതായി ചുമതലയേറ്റ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയിക്ക് മുന്നിലുള്ള ഒരു മാർ‌ഗം ശബരിമലക്കേസിലെ വിധി പുനഃപരിശോധിക്കാൻ ഏഴംഗ ബെഞ്ചിന് രൂപം നൽകുക. അല്ലെങ്കിൽ രാജ്യത്തെ എല്ലാ മുസ്ലീം പള്ളികളിലും ശബരിമലക്കേസിലെ വിധിക്ക് സമാനമായ വിധികൾ പുറപ്പെടുവിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ശബരിമലക്കേസിൽ ഭരണഘടന ബെഞ്ചിന്റെ വിധി നിലനിർത്തണമെങ്കിൽ സ്ത്രീകൾക്കും പുരുഷനും തുല്യമായ പ്രവേശനം അനുവദിക്കുകയാണ് ചീഫ് ജസ്റ്റിസിന് മുന്നിലുള്ള ഏകവഴി. മുസ്ലീം പള്ളികളിൽ സ്ത്രീകൾക്ക് പ്രവേശനമുണ്ടെന്ന് പറയുന്നത് പേരിന് മാത്രമാണെന്നും ക്ഷേത്ര ആചാരങ്ങളുടെ യുക്തി പരിശോധിക്കാൻ കോടതിക്ക് ഒരു അധികാരമില്ലെന്നും കട്ജു വ്യക്തമാക്കി.