കേരളീയരുടെ ഉച്ചയൂണിന് പതിവുവിഭവങ്ങളിലൊന്ന് ബീൻസായിരിക്കും. ബീൻസ് കൃഷിയിൽ അത്ര പരിചയസമ്പന്നരല്ല മലയാളികൾ. പക്ഷേ, ബീൻസിൽ നൂറുമേനി വിതയ്ക്കുന്ന ധാരാളം പേർ നമുക്ക് ചുറ്റുമുണ്ട്. എങ്കിൽ പിന്നെ നമുക്കും ഒരു കൈ നോക്കിയാലോ? വെള്ളവും വളവും കൃത്യമായി നൽകിയാൽ ബീൻസ് നിങ്ങളെ ചതിക്കില്ല.
വിത്ത് പാകിയാണ് ബീൻസ് തൈകൾ മുളപ്പിക്കുന്നത്. പൊതുവെ തണുപ്പുള്ള സ്ഥലങ്ങളിൽ മാത്രമാണ് ഉണ്ടാകുന്നത്.
ആദ്യം മണ്ണിട്ട് പിന്നെ ഉണങ്ങിയ ആട്ടിൻ കാഷ്ടം ഇട്ടു ഒരു പിടി വേപ്പിൻ പിണ്ണാക്ക് ചേർക്കണം. വീണ്ടും മണ്ണിട്ട് മൂടി തൈകൾ പറിച്ചു നടുക. നടുന്നതിന് മുൻപ് സ്യുഡോമോണസ് ലായനിയിൽ വേരുകൾ അര മണിക്കൂർ മുക്കി വയ്ക്കണം. ഗ്രോ ബാഗ് ഒരുക്കലാണ് ആദ്യ പടി. ആദ്യം ബാഗിന്റെ അടിവശം കൃത്യമായി മടക്കി അതിനെ ഷേപ്പ് ആക്കുക. ആർക്കും എളുപ്പത്തിൽ ചെയ്യാൻ സാധിക്കും. എന്നാൽ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. ഗ്രോ ബാഗിൽ മണ്ണ് നിറയ്ക്കുമ്പോൾ ഒരിക്കലും മുഴുവൻ നിറയ്ക്കരുത്. മുക്കാൽ ഭാഗം മാത്രം നിറയ്ക്കുന്നതാണ് കൃഷിക്ക് അനുയോജ്യമാകുക. പിന്നീട് അടുത്ത ഭാഗം ഒഴിച്ചിടാനും മറക്കരുത്. വെള്ളവും പാകത്തിന് നൽകാൻ സാധിക്കുന്നതിനാണിത്. അതേ പോലെ മുകൾ ഭാഗം കുറച്ചു മടക്കി വെക്കുകയും വേണം.
ആദ്യം ഗ്രോ ബാഗിൽ മണ്ണ് നിറയ്ക്കണം. മണ്ണ് നന്നായി ഇളക്കി, കല്ലും കട്ടയും കളഞ്ഞു എടുക്കുക. മണ്ണ് കുറച്ചു ദിവസം വെയിൽ കൊള്ളിക്കുന്നതും നല്ലതാണ്. ശേഷം ബീൻസ് തൈകൾ നടാം. എന്നും രാവിലെയും വൈകുന്നേരവും നനച്ചു കൊടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. തണുപ്പാണ് ബീൻസിന്റെ വളർച്ചയെ ത്വരിതപ്പെടുത്തുന്ന പ്രധാന ഘടകം. ഓരോ ആഴ്ചയിലും സ്യുഡോമോണസ് ലായിനി ചുവട്ടിൽ ഒഴിച്ച് കൊടുക്കുന്നതും നല്ലതാണ്. ഇടയ്ക്കിടെ വേപ്പിൻ പിണ്ണാക്ക് ഒരു പിടി ഒരു ലിറ്റർ വെള്ളത്തിൽ രണ്ടു ദിവസം വച്ച തെളി നേർപ്പിച്ചു ഒഴിച്ചും കൊടുക്കുന്നതിലൂടെ ബീൻസ് വളരെ പെട്ടന്ന് തന്നെ പൂവിടുകയും ചെയ്തു.
രണ്ടു തവണ ഫിഷ് അമിനോ ആസിഡ് തളിച്ച് കൊടുക്കണം. ചെടികളുടെ ചുവട്ടിൽ തന്നെ ഒഴിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഒരു തവണ കടല പിണ്ണാക്ക് നൽകി, ഒരു പിടി എടുത്തു വെള്ളത്തിൽ ഇട്ടു രണ്ടു ദിവസം വച്ച്, നേർപ്പിച്ചു ഒഴിച്ച് കൊടുക്കുക. ഗോമൂത്രം, ശർക്കര, കടലപിണ്ണാക്ക്, ചാണകം എന്നിവ ചേർത്തുണ്ടാക്കിയ ജൈവകീടനാശിനി ബീൻസിനെ ആക്രമിക്കുന്ന ചെറുകീടങ്ങളിൽ നിന്നും അവയെ സംരക്ഷിച്ചോളും. നട്ട് ഏകദേശം രണ്ട് മാസത്തിനുള്ളിൽ വിളവെടുക്കാൻ കഴിയും.