മുംബയ്: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ മഹാരാഷ്ട്രയിലും ബി.ജെ.പിയെ ഞെട്ടിച്ച് അപ്രതീക്ഷിത നീക്കവുമായി പ്രതിപക്ഷ പാർട്ടികൾ. ഒരു മാസത്തിനുള്ളിൽ പ്രതിപക്ഷ പാർട്ടികളെ ഒരുമിപ്പിച്ച് സംസ്ഥാനത്ത് മഹാസഖ്യത്തിന് രൂപംനൽകുമെന്ന് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് അശോക് ചവാൻ വ്യക്തമാക്കി. കോൺഗ്രസ്, എൻ.സി.പി നേതാക്കളുടെ അടുത്ത യോഗം ഒക്‌ടോബർ 12ന് നടക്കുമെന്നും ചവാൻ വാർത്താ ഏജൻസിയോട് വ്യക്തമാക്കി.
ഭരണഘടനാ ശിൽപിയായ ഡോ.ബി.ആർ.അംബേദ്‌കറുടെ ചെറുമകൻ പ്രകാശ് അംബേദ്‌കറിനെക്കൂടി മഹാസഖ്യത്തിൽ ഉൾപ്പെടുത്തുന്ന കാര്യത്തിലും ചർച്ചകൾ പുരോഗമിക്കുകയാണെന്നും അശോക് ചവാൻ പറഞ്ഞു. അസദുദ്ദീൻ ഒവൈസിയുടെ ആൽ ഇന്ത്യാ മജിലിസെ ഇത്തിഹാദുൽ മുസ്‌ലിമീൻ പാർട്ടിയെയും കൂടി മഹാസഖ്യത്തിൽ ഉൾപ്പെടുത്തണമെന്ന പ്രകാശിന്റെ ആവശ്യത്തിൽ ചർച്ചയിലൂടെ പരിഹാരം കാണുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രകാശ് അംബേദ്‌കറിന്റെ നേതൃത്വത്തിലുള്ള ഭരിപാ ബഹുജൻ മഹാസംഘ് ഇതിനോടകം തന്നെ ഒവൈസിയുമായി സഖ്യത്തിലേർപ്പെടുമെന്ന് അറിയിച്ചിട്ടുണ്ട്. എന്നാൽ ഒവൈസിയെ മഹാസഖ്യത്തിൽ ഉൾപ്പെടുത്താൻ കോൺഗ്രസിലെ ചില നേതാക്കൾക്ക് താത്പര്യമില്ല. സംസ്ഥാനത്തെ സ്വതന്ത്ര എം.പിമാരോടും ഇടത് പാർട്ടികളോടും കോൺഗ്രസ് ചർച്ച നടത്തിയിട്ടുണ്ട്. മദ്ധ്യപ്രദേശിൽ ഒറ്റയ്‌ക്ക് മത്സരിക്കുമെന്ന് അറിയിച്ച ബഹുജൻ സമാജ്‌വാദ് പാർട്ടിയെ സഖ്യത്തിൽ ഉൾപ്പെടുത്തുന്ന കാര്യം കോൺഗ്രസ് ഹൈക്കമാൻഡാണ് തീരുമാനിക്കുന്നത്. അതിനിടെ മഹാരാഷ്ട്രയിൽ എൻ.ഡി.എ സഖ്യത്തിൽ നിന്നും ശിവസേന വിട്ടുനിൽക്കുന്നതും ബി.ജെ.പിയെ ആശങ്കയിലാഴ്‌ത്തിയിട്ടുണ്ട്. ശിവസേനയുമായി നിലനിൽക്കുന്ന പ്രശ്‌നങ്ങൾ എത്രയും പെട്ടെന്ന് പരിഹരിക്കണമെന്നും ഇല്ലെങ്കിൽ തിരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്നും ബി.ജെ.പി നേതാക്കൾക്കിടയിൽ നിന്നുതന്നെ ആവശ്യമുയരുന്നുണ്ട്.