ലണ്ടൻ: മദ്യത്തിന് പഴക്കം കൂടുന്തോറും വീര്യം മാത്രമല്ല വിലയും കൂടുമെന്നതാണ് സത്യം. നൂറ്റാണ്ടുകൾ പഴക്കമുള്ള മദ്യത്തിന് ലക്ഷങ്ങളും കോടികളും കൊടുക്കാനും ചിലർക്ക് മടിയുണ്ടാകില്ല. 8.12 കോടി വിലയുള്ള ഒരു കുപ്പി സ്കോച്ച് വിസ്‌കിയാണ് ഇപ്പോൾ സംസാരവിഷയം. ഹോളി ഗ്രെയിൽ ഒഫ് വിസ്‌കി എന്ന് വിളിപ്പേരുള്ള അപൂർവ ഇനത്തിലെ സ്‌കോച്ച് വിസ്‌കിക്കാണ് റെക്കാർഡ് വിലയായ 848750 പൗണ്ട് (ഏകദേശം 8.12 കോടി രൂപ) ലേലത്തുകയായി ലഭിച്ചത്.
1926 ൽ നിർമിച്ച് 1986ൽ കുപ്പിയിൽ നിറച്ച 60 വർഷം പഴക്കമുള്ള മക്കല്ലൻ വലേറിയോ അദാമി എന്ന അപൂർവയിനം സ്‌കോച്ച് വിസ്‌കിക്കാണ് റെക്കാർഡ് തുക ലഭിച്ചത്. 7,00,000 പൗണ്ട് അടിസ്ഥാന വില നിശ്ചയിച്ചിരുന്ന സ്കോച്ച് 8,48,750 പൗണ്ടിനാണ് ലേലത്തിൽ പോയത്. യു.കെ ആസ്ഥാനമായ ഒരു വിസ്‌കി നിർമാതാവ് വിൽപ്പനയ്‌ക്ക് വച്ച സ്‌കോച്ച് വിസ്‌ക് ആരാണ് വാങ്ങിച്ചതെന്ന് വ്യക്തമല്ല. സുരക്ഷാ കാരണങ്ങളാൽ ഇക്കാര്യം പുറത്ത് വിടാനാവില്ലെന്നാണ് അധികൃതരുടെ നിലപാട്. ഇറ്റലിയിൽ നടന്ന ഒരു വിവാഹ സത്കാരത്തിനായി കാറിൽ യാത്ര ചെയ്യവെയാണ് ഇയാൾക്ക് സ്‌കോച്ച് വിസ്‌കിയുടെ ലേലത്തെ പറ്റി വിവരം ലഭിച്ചത്. ഓൺലൈൻ ലേലത്തിൽ പങ്കെടുക്കാൻ സാധിക്കാൻ കഴിയാത്തതിനാൽ ഈ വ്യക്തി ടെലഫോൺ വഴിയാണ് ലേലത്തിൽ പങ്കെടുത്തതെന്നും അധികൃതർ വ്യക്തമാക്കി.