ന്യൂഡൽഹി: രാജ്യത്തെ പെട്രോൾ ഡീസൽ വിലയിൽ നിന്നും കേന്ദ്രസർക്കാർ 1.50 രൂപവീതം കുറയ്‌ക്കാൻ തീരുമാനിച്ചത് ജനങ്ങളുടെ പ്രതിഷേധം ഭയന്നിട്ടാണെന്ന് കോൺഗ്രസ് ആരോപിച്ചു. പെട്രോൾ വിലയിൽ പൊറുതിമുട്ടിക്കഴിയുന്ന ജനങ്ങൾ പ്രതിഷേധവുമായി തെരുവിലിറങ്ങുമെന്ന് ഭയന്നാണ് കേന്ദ്രസർക്കാരിന്റെ നീക്കം. 1.50 രൂപ കുറച്ചത് തികച്ചും അപര്യാപ്‌തതമാണ്. വൈക്കൂൽകൂനയിലെ സൂചിമുന പോലെയാണ് കേന്ദ്രസർക്കാരിന്റെ പുതിയ തീരുമാനമെന്നും കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജേവാല ആരോപിച്ചു.
കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി നേതാവുമായ അരവിന്ദ് കേജ്‌രിവാളും രംഗത്തെത്തിയിട്ടുണ്ട്. കേന്ദ്രനികുതി 10 രൂപയോളം വർദ്ധിപ്പിച്ച ശേഷം 1.50 രൂപ കുറയ്‌ക്കുന്നത് നാണക്കേടാണെന്ന് അദ്ദേഹം ആരോപിച്ചു. പെട്രോൾ ഡീസൽ വിലയിൽ 10 രൂപ വീതമെങ്കിലും കുറയ്‌ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രാജ്യത്ത് നിയന്ത്രണമില്ലാതെ കുതിക്കുന്ന ഇന്ധനവിലയ്‌ക്കെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് പെട്രോൾ ഡീസൽ വിലയിൽ 1.50 രൂപ വീതം കുറയ്‌ക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്. പെട്രോളിയം കമ്പനികൾ ഒരു രൂപയും കുറയ്‌ക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇതിന് പിന്നാലെ ബി.ജെ.പി ഭരണം നിലനിൽക്കുന്ന ആറ് സംസ്ഥാനങ്ങളും ഇന്ധനവില കുറയ്‌ക്കുമെന്ന് അറിയിച്ചു. എന്നാൽ അധികമായി വർദ്ധിപ്പിച്ച നികുതി കേന്ദ്രസർക്കാർ കുറയ്‌ക്കണമെന്നും സംസ്ഥാന നികുതി കുറയ്‌ക്കില്ലെന്നുമാണ് കേരളം അടക്കമുള്ള സംസ്ഥാനങ്ങളുടെ നിലപാട്. നികുതി കുറയ്‌ക്കുന്നതിലൂടെ കേന്ദ്രസർക്കാരിന് 10,500 കോടിയുടെ വരുമാന നഷ്‌ടമുണ്ടാകുമെന്നാണ് കണക്കാക്കുന്നത്.