tp-ramakrishnan

ബ്രൂവറി യൂണിറ്റും കോമ്പൗണ്ടിംഗ്, ബ്ലെന്റിംഗ് ആൻഡ് ബോട്ടിലിംഗ് യൂണിറ്റും അനുവദിച്ചത് അഴിമതിയാണെന്ന് പ്രചരിപ്പിച്ച് രംഗപ്രവേശം ചെയ്തിരിക്കുകയാണ് പ്രതിപക്ഷ നേതാവ്. ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ നയത്തിന് വിരുദ്ധമാണിതെന്നാണ് ആരോപണം. പ്രകടനപത്രികയിൽപറയുന്നപ്രകാരം 'മദ്യത്തിന്റെ ലഭ്യതയും ഉപയോഗവും പടിപടിയായി കുറയ്ക്കാൻ സഹായകമായ നടപടി സ്വീകരിക്കും. മദ്യവർജ്ജനത്തെ പ്രോത്സാഹിപ്പിക്കാൻ ഇന്നുള്ളതിനെക്കാൾ ശക്തമായ ഇടപെടൽ ഉണ്ടാകും. ഇതിനായി സാക്ഷരതാ പ്രസ്ഥാനത്തിന്റെ മാതൃകയിൽ അതിവിപുലമായ ഒരു ജനകീയബോധവത്കരണ പ്രസ്ഥാനത്തിന് രൂപം നൽകും. ഡീഅഡിക്ഷൻ സെന്ററുകൾ സ്ഥാപിക്കും. മദ്യവർജ്ജനസമിതിയും സർക്കാരുമായുള്ള സഹകരണം ശക്തിപ്പെടുത്തും.' എന്നീ നടപടികളുമായി തന്നെയാണ് സർക്കാർ മുന്നോട്ടുപോകുന്നത്.

ഇന്ത്യൻ നിർമ്മിത വിദേശമദ്യത്തിന്റെ എട്ട് ശതമാനവും ബിയറിന്റെ 40 ശതമാനവും മറ്റു സംസ്ഥാനങ്ങളിൽ നിന്നാണ് ബീവറേജസ് കോർപറേഷൻ വാങ്ങുന്നത്. അന്യ സംസ്ഥാനത്തുനിന്നുള്ള മദ്യമൊഴുക്ക് കുറയ്ക്കാൻ അനുകൂലമാണെന്ന് പ്രതിപക്ഷനേതാവ് കഴിഞ്ഞ ദിവസം എനിക്ക് കത്ത് തന്നിട്ടുമുണ്ട്. സംസ്ഥാനത്ത് ബിയർ ഉത്പാദിപ്പിക്കാനും ബോട്ലിംഗ് യൂണിറ്റ് സ്ഥാപിക്കാനും സാധിച്ചാൽ നിരവധി തൊഴിലവസരങ്ങൾസൃഷ്ടിക്കാനാകും. ഡ്യൂട്ടിയിനത്തിൽ അധിക വരുമാനവും ലഭിക്കും. പൊതുമേഖലയിലുള്ള മദ്യഉത്പാദന കേന്ദ്രങ്ങളിലും ഉത്പാദനം തുടങ്ങാനും ഉത്പാദന അളവ് വർദ്ധിപ്പിക്കാനും അനുമതി നൽകിയിട്ടുണ്ട്. പാലക്കാട് ചിറ്റൂർ ഷുഗേഴ്സ് കോഓപ്പറേറ്റീവ് സൊസൈറ്റി (ചികോപ്സ്) ലിമിറ്റഡ് പ്രവർത്തിച്ച സ്ഥലത്ത് വിദേശമദ്യ നിർമ്മാണത്തിന് മലബാർ ഡിസ്റ്റിലറീസ് മാനേജർ സമർപ്പിച്ച അപേക്ഷപ്രകാരം അഞ്ച് ലൈൻ ബോട്ലിംഗ് യൂണിറ്റിന് 2018 ആഗസ്ത് 31ന് അനുമതി നൽകിയിരുന്നു. തിരുവല്ല ട്രാവൻകൂർ ഷുഗേഴ്സ് ആന്റ് കെമിക്കൽസ് ലിമിറ്റഡിൽ അഡീഷണൽ ബോട്ലിംഗ് ലൈൻ തുടങ്ങാൻ 2018 ജൂലായ് 24ന് അനുമതി നൽകിയിട്ടുണ്ട്. കേരള ഫോറിൻ ലിക്വർ(കോമ്പൗണ്ടിംഗ് ബ്ലെന്റിംഗ് ആന്റ് ബോട്ലിംഗ് )റൂൾ 1975ലും ബ്രൂവറി റൂൾസ് 1967ലും അബ്കാരി നിയമത്തിലും നിഷ്‌കർഷിച്ചിട്ടുള്ള വ്യവസ്ഥകൾ കൃത്യമായി പാലിച്ചാണ് അപേക്ഷകളിൽ നിയമാനുസൃതമായ തീരുമാനം കൈക്കൈാണ്ടിട്ടുള്ളത്.

1999ലെ 'നയ'ത്തിന് വിരുദ്ധമോ?
ഡിസ്റ്റിലറി ബ്രൂവറി ലൈസൻസ് നൽകുന്നത് അവസാനിപ്പിച്ച് 1999 ൽസർക്കാർ നയപരമായ ഉത്തരവ് പുറപ്പെടുവിച്ചിട്ടില്ല എന്നതാണ് യാഥാർഥ്യം. അന്ന് സർക്കാരിനു ലഭിച്ച ഡിസ്റ്റിലറി/കോമ്പൗണ്ടിംഗ് ബ്ലെന്റിംഗ് ആൻഡ് ബോട്ലിംഗ്് യൂണിറ്റുകൾ സ്ഥാപിക്കാനുള്ള അപേക്ഷകൾ സംബന്ധിച്ച് മാത്രമായിരുന്നു ഉത്തരവ്.

ഇതാണ് സർക്കാർ ഉത്തരവ് :
1. മുൻഗണനാപട്ടിക തയ്യാറാക്കാൻ രൂപീകരിച്ച സ്‌ക്രൂട്ടിനി സെലക്ഷൻ കമ്മിറ്റിയുടെ ശുപാർശകൾ വിശദമായി പരിശോധിക്കുകയും പുതിയ ഡിസ്റ്റിലറികളും കോമ്പൗണ്ടിംഗ്, ബ്ലെന്റിംഗ് ആൻഡ് ബോട്ലിംഗ്് യൂണിറ്റുകൾ  സ്ഥാപിക്കുന്നതിനുള്ള ഒരു അപേക്ഷയും അംഗീകരിക്കേണ്ടെന്ന് ഉത്തരവിടുകയും ചെയ്യുന്നു.

2. ഇന്ത്യൻ നിർമ്മിത വിദേശമദ്യത്തിന്റെ പുതിയ ഒരു കോമ്പൗണ്ടിംഗ്്, ബ്ലെന്റിംഗ് ആൻഡ് ബോട്ലിംഗ്്  യൂണിറ്റ് സ്ഥാപിക്കാനായി കോ ഓപ്പറേറ്റീവ് സൊസൈറ്റി നടത്തുന്ന മന്നം ഷുഗർ മിൽ സമർപ്പിച്ച അപേക്ഷ മാത്രം പരിഗണിക്കാം.

3. നിലവിലുള്ള ഡിസ്റ്റലറികൾ അവയുടെ ശേഷി വർദ്ധിപ്പിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ എല്ലാ ചട്ടങ്ങളും കർശനമായി പാലിച്ച് അക്കാര്യം പരിഗണിക്കാം.
അന്ന് ലഭിച്ച അപേക്ഷകൾക്കൊന്നും അനുമതി നൽകേണ്ടെന്നാണ് 2991999ലെ സർക്കാർ ഉത്തരവ് (ആർടി നമ്പർ 689/99/നികുതി വകുപ്പ്) പ്രകാരമുള്ള തീരുമാനം. മറിച്ച് ഡിസ്റ്റിലറികൾക്കും ബ്രൂവറികൾക്കും മേലിൽ ഒരിക്കലും ലൈസൻസ് നൽകരുതെന്ന പരാമർശം ഉത്തരവിലില്ല.

ആദ്യ ലൈസൻസ് ആന്റണിയുടെ കാലത്ത്
1999നു ശേഷം ആദ്യമായി ബ്രൂവറി ലൈസൻസ് അനുവദിച്ചത് 2003 ൽ എ.കെ ആന്റണിയുടെ നേതൃത്വത്തിലുള്ള യു.ഡി.എഫ് ഗവൺമെന്റിന്റെ കാലത്താണ്. 1998ലെ എൽ.ഡി.എഫ് സർക്കാരാണ് മലബാർ ബ്രൂവറിക്ക് അനുമതി നൽകിയതെന്നും ഇതിന്റെ അടിസ്ഥാനത്തിൽ ലൈസൻസ് നൽകുക മാത്രമാണ് എ.കെ.ആന്റണി സർക്കാരിന്റെ കാലത്തെ നടപടി എന്നുമുള്ള വാദവും ഉയർത്തുന്നു. 1999ലെ സർക്കാർ ഉത്തരവ് നയപരമാണെങ്കിൽ എന്തുകൊണ്ട്ഉത്തരവ് അടിസ്ഥാനമാക്കി ബ്രൂവറിക്ക് നൽകിയ അനുമതി റദ്ദാക്കുകയും ലൈസൻസ് നിഷേധിക്കുകയും ചെയ്തില്ല ?

അബ്കാരിനയത്തിൽ പ്രഖ്യാപിക്കേണ്ടതുണ്ടോ?
ഒരു അബ്കാരി നയത്തിലും ബ്രൂവറികളും ഡിസ്റ്റിലറികളും അനുവദിക്കുന്നതിനെക്കുറിച്ച് പരാമർശിച്ചിട്ടില്ല. ബ്രൂവറികളും ഡിസ്റ്റിലറികളും അനുവദിക്കില്ലെന്ന് യു.ഡി.എഫ്  എൽ.ഡി.എഫ് സർക്കാരുകളുടെ കാലത്ത് അബ്കാരിനയങ്ങളിൽ പറഞ്ഞിട്ടില്ല.കേരള ഫോറിൻ ലിക്വർ(കോമ്പൗണ്ടിങ്ബ്ലെന്റിങ് ആന്റ് ബോട്ലിങ് റൂൾ 1975)ചട്ടം മൂന്ന് പ്രകാരവും ബ്രൂവറി റൂൾസ് 1967 ചട്ടം രണ്ട് പ്രകാരവുമാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ചട്ടങ്ങളിൽ വ്യവസ്ഥ ചെയ്തിട്ടുള്ളതിനാൽ അബ്കാരിനയത്തിൽ ഇതേക്കുറിച്ച് പ്രഖ്യാപിക്കേണ്ടതില്ല. നയപരമായ പ്രത്യേക തീരുമാനം എടുക്കേണ്ടതുമില്ല. അപേക്ഷകൾപരിശോധിച്ച് തീരുമാനമെടുത്താൽ മതി. ഒരു ഭരണകാലയളവിലും പത്രപരസ്യം നൽകിയല്ല ലൈസൻസിനുള്ള അപേക്ഷകൾ സ്വീകരിച്ചിട്ടുള്ളത്.

ഒരു വകുപ്പിന് കീഴിൽ നിലവിലുള്ള നിയമപ്രകാരം സ്ഥാപനം അനുവദിക്കുമ്പോൾ മന്ത്രിസഭയുടെ അനുമതി വേണ്ട എന്ന് അബ്കാരി ആക്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.  അപേക്ഷ സ്വീകരിക്കാൻ പ്രത്യേക വ്യവസ്ഥകളൊന്നും കേരള ഫോറിൻ ലിക്വർ(കോമ്പൗണ്ടിംഗ്, ബ്ലെന്റിംഗ് ആൻഡ് ബോട്ലിംഗ്    )റൂൾ 1975ലും ബ്രൂവറി റൂൾസ് 1967ലും നിഷ്‌കർഷിച്ചിട്ടില്ല. എക്സൈസ് കമ്മിഷണർക്ക് ലഭിക്കുന്ന അപേക്ഷകളുടെ അടിസ്ഥാനത്തിലാണ് സർക്കാർ തീരുമാനം കൈക്കൊള്ളുക. 1975ലെ കേരള ഫോറിൻ ലിക്വർ(കോമ്പൗണ്ടിംഗ്, ബ്ലെന്റിംഗ് ആൻഡ് ബോട്ലിംഗ്    )റൂളിലെ നടപടികക്രമങ്ങൾ അബ്കാരി നിയമത്തിന് വിധേയമായാണ് നടപ്പാക്കേണ്ടത്. അബ്കാരി നിയമത്തിലെ 14ാം വകുപ്പ് പ്രകാരമുള്ള അനുമതി മാത്രമാണ് ഇപ്പോൾ നൽകിയിട്ടുള്ളത്. ചട്ടത്തിലെ വ്യവസ്ഥകളായി പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ലൈസൻസിനായി കമ്മിഷണർക്ക് അപേക്ഷ സമർപ്പിക്കുന്ന ഘട്ടത്തിൽ മാത്രമാണ് ബാധകമാകുക.
കമ്മിഷണറുടെ ലൈസൻസ് അനുമതിക്ക് പുറമേ ജലലഭ്യത, പാരിസ്ഥിതികാഘാതം, മലിനീകരണം തുടങ്ങി വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ക്ലിയറൻസും ലഭിച്ചാൽ മാത്രമേ ലൈസൻസ് അനുവദിക്കൂ .

അപേക്ഷ ക്ഷണിക്കാത്തതെന്ത് ?
മാദ്ധ്യമങ്ങളിൽ പരസ്യം ചെയ്ത് അപേക്ഷ ക്ഷണിച്ചല്ല ബ്രൂവറികളും ഡിസ്റ്റലിറികളും തുടങ്ങുന്നത്.എക്സൈസ് കമ്മിഷണറുടെ പരിഗണനയ്ക്കെത്തുന്ന അപേക്ഷകളിൽ തത്വത്തിലുള്ള അനുമതി നൽകുന്നതു സംബന്ധിച്ച് സർക്കാർ തീരുമാനം എടുക്കുകയാണ് ചെയ്യുക. യു.ഡി.എഫ് മൂന്ന്   ബ്രൂവറികളും പതിനൊന്ന് കോമ്പൗണ്ടിംഗ്, ബ്ലെന്റിംഗ് ആൻഡ് ബോട്ലിംഗ് യൂണിറ്റുകളും അനുവദിച്ചത് അപേക്ഷ ക്ഷണിച്ചിട്ടാണോ.  1998ൽ രണ്ട് കോമ്പൗണ്ടിംഗ്്, ബ്ലെന്റിംഗ് ആൻഡ് ബോട്ലിംഗ് യൂണിറ്റ് അനുവദിച്ചതും അപേക്ഷ ക്ഷണിച്ചല്ല. എക്സൈസ് കമ്മിഷണർ വ്യക്തമായ ശുപാർശയോടെ സമർപ്പിച്ച അപേക്ഷയിൽ ചട്ടപ്രകാരമുള്ള പരിശോധനയ്ക്ക്  ശേഷമാണ് തീരുമാനം കൈക്കൊണ്ടിട്ടുള്ളത്.

കിൻഫ്രയുടെ പേരിലും പുകമറ
അപേക്ഷകന് ഭൂമി നൽകാമെന്ന കിൻഫ്രയുടെ എൻഒസി ബ്രൂവറിക്ക് അനുമതി ലഭിക്കുന്നതിനുള്ള അപേക്ഷയോടൊപ്പം സമർപ്പിച്ചിട്ടുണ്ട്. കളമശ്ശേരി കിൻഫ്ര ഹൈടെക്ക് പാർക്കിലെ പത്ത് ഏക്കർ ഭൂമി പവർ ഇൻഫ്രാടെക്ക് ലിമിറ്റഡിന് ബ്രൂവറി പ്രൊജക്ടിനായി അലോട്ട് ചെയ്യാമെന്നും ഭൂമി ലഭിക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളിൽനിന്നുള്ള ക്ലിയറൻസ് ഹാജരാക്കണമെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ഈ എൻ.ഒ.സിയുടെയും എക്സൈസ് കമ്മിഷണറുടെ റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിലാണ് കിൻഫ്രയുടെ ഭൂമിയിൽ സ്ഥാപിക്കാനുദ്ദേശിക്കുന്നതായി പറഞ്ഞ ബ്രൂവറിക്ക് അനുമതി നൽകിയത്. അനുവദിക്കാത്ത ഭൂമി വിട്ടുകൊടുത്തെന്ന് ആദ്യം ആക്ഷേപിച്ച പ്രതിപക്ഷനേതാവ് ഇതിനു വിരുദ്ധമായ കാര്യങ്ങളാണ് തുടർന്ന് പറഞ്ഞുകൊണ്ടിരിക്കുന്നത്.