കേന്ദ്രത്തിലും നിരവധി സംസ്ഥാനങ്ങളിലും അധികാരത്തിലിരിക്കുന്ന ബി.ജെ.പി സർക്കാരുകളെ താഴെയിറക്കാൻ രണ്ടാം സ്വാതന്ത്ര്യ സമരത്തിനിറങ്ങുന്ന കോൺഗ്രസിന് വളരെയധികം നിരാശയുളവാക്കുന്നതാണ് ബഹുജൻ സമാജ് പാർട്ടി (ബി.എസ്.പി) പരമാധികാരി മായാവതി കഴിഞ്ഞദിവസം നടത്തിയ പ്രഖ്യാപനം. രാജസ്ഥാനിലും മദ്ധ്യപ്രദേശിലും ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ബി.എസ്.പി ഒറ്റയ്ക്കോ പ്രാദേശിക കക്ഷികളുമായി കൂട്ടുചേർന്നോ മത്സരിക്കാനാണ് മായാവതിയുടെ തീരുമാനം. ബി.ജെ.പിക്കെതിരെ സംയുക്ത പ്രതിപക്ഷ നിര കെട്ടിപ്പടുക്കാൻ കോൺഗ്രസ് നേതൃത്വത്തിൽ നടന്നുവരുന്ന ശ്രമങ്ങൾക്ക് വലിയ തിരിച്ചടിയാണ് മായാവതിയിൽ നിന്നുണ്ടായിരിക്കുന്നത്. അടുത്തകാലത്ത് ബംഗുളുരുവിലും ഡൽഹിയിലുമൊക്കെ പ്രതിപക്ഷ കക്ഷിനേതൃസംഗമങ്ങളിൽ മായാവതി സജീവ സാന്നിദ്ധ്യമായിരുന്നു. നിയസമഭാ തിരഞ്ഞെടുപ്പുകളിൽ മാത്രമല്ല, അടുത്തവർഷം ആദ്യം നടക്കേണ്ട ലോക്സഭാ തിരഞ്ഞെടുപ്പിലും പ്രതിപക്ഷനിര ശക്തിപ്പെടുത്തി ബി.ജെ. പിക്ക് കനത്ത വെല്ലുവിളി ഉയർത്താനുള്ള രാഷ്ട്രീയ നീക്കങ്ങൾ ബലപ്പെട്ടു വരുന്നതിനിടയിലാണ് ദളിത് വിഭാഗങ്ങൾക്കിടയിൽ നിർണായക സ്വാധീനമുള്ള മായാവതിയുടെ ഇൗ നിലപാടുമാറ്റം.
മൂന്നുവട്ടം മദ്ധ്യപ്രദേശിൽ തുടർച്ചയായി അധികാരത്തിലിരിക്കുന്ന ബി.ജെ.പിയെ ഇക്കുറി തങ്ങൾ ഒറ്റയ്ക്ക് വേണമെങ്കിലും താഴെയിറക്കുമെന്ന് സംസ്ഥാന കോൺഗ്രസ് നേതാക്കൾ വീമ്പുപറയുന്നുണ്ടെങ്കിലും മായാവതിയുടെ ബി.എസ്.പിയുമായുള്ള രാഷ്ട്രീയ സഖ്യം അവർ ഏറെ ആഗ്രഹിച്ചിരുന്നതാണ്. മദ്ധ്യപ്രദേശ് രാഷ്ട്രീയത്തിൽ മായാവതിക്കുള്ള സ്വാധീനം തന്നെയാണ് അവരുമായി അടുക്കാൻ നേതാക്കളെ പ്രേരിപ്പിച്ചത്. എന്നാൽ തങ്ങളുടെ നിലയും സ്വാധീനവും കുറച്ചുകാണുന്ന സംസ്ഥാന കോൺഗ്രസ് നേതാക്കളുടെ സമീപനമാണ് മായാവതിയെ പ്രകോപിപ്പിച്ചിരിക്കുന്നത്. സംസ്ഥാന കോൺഗ്രസ് അദ്ധ്യക്ഷൻ കമൽനാഥ് മായാവതിയുമായുള്ള സഖ്യത്തിനുവേണ്ടി ആവുംവിധം ശ്രമം നടത്തിയിരുന്നു. എന്നാൽ സംസ്ഥാനത്തെ മറ്റൊരു പ്രമുഖ കോൺഗ്രസ് നേതാവും രണ്ടുവട്ടം മുഖ്യമന്ത്രിയുമായ ദിഗ് വിജയ് സിംഗിന്റെ പ്രകോപനപരമായ നിലപാടാണ് മായാവതിയെ വല്ലാതെ ചൊടിപ്പിച്ചിരിക്കുന്നത്. ദിഗ്വിജയ് സിംഗിനെ ബി.ജെ.പി ചാരൻ എന്നുവരെ അധിക്ഷേപിച്ചുകൊണ്ടാണ് മായാവതി കഴിഞ്ഞദിവസം മാദ്ധ്യമങ്ങളെ കണ്ടത്. മാത്രമല്ല ബി.ജെ.പി എൻഫോഴ്സ്മെന്റിനെയും സി.ബി.ഐയെയും ചൂണ്ടി മായാവതിയെ വിരട്ടിയപ്പോൾ അവർ വീണുപോയി എന്ന് ദിഗ്വിജയ് സിംഗ് പരിഹസിക്കുകപോലും ചെയ്തു. ബുധനാഴ്ച പ്രതിപക്ഷ മഹാസഖ്യത്തിന്റെ യോഗം ഡൽഹിയിൽ നടക്കാനിരിക്കെയാണ് മായാവതി സഖ്യത്തിന് താനില്ലെന്ന വെളിപ്പെടുത്തലുമായി സഖ്യകക്ഷി നേതാക്കളെ ഞെട്ടിച്ചത്. ബി.ജെ.പിയെ തങ്ങൾ ഒറ്റയ്ക്കുനേരിട്ട് പരാജയപ്പെടുത്താമെന്നത് കോൺഗ്രസിന്റെ നടക്കാത്ത സ്വപ്നം മാത്രമാണെന്ന് അവർ കളിയാക്കുകയും ചെയ്തു. നിയമസഭാ തിരഞ്ഞെടുപ്പുകളിലും ലോക്സഭാ തിരഞ്ഞെടുപ്പിലും കോൺഗ്രസുമായി സഖ്യമുണ്ടാക്കാൻ ബി.എസ്.പി ആത്മാർത്ഥമായി ആഗ്രഹിച്ചിരുന്നുവെങ്കിലും ദിഗ്വിജയ് സിംഗിന്റെ സ്വേച്ഛാപരമായ നിലപാട് എല്ലാം താറുമാറാക്കിയെന്നാണ് ബി.എസ്.പി നേതാവിന്റെ ആക്ഷേപം.
ബി.എസ്.പി നേതാവും കോൺഗ്രസ് നേതാക്കളും തമ്മിലുള്ള ആരോപണ പ്രത്യാരോപണങ്ങൾ ഇനിയുള്ള ദിവസങ്ങളിലും തുടരുമ്പോൾ നേട്ടം അവർ മുഖ്യശത്രുവായി കാണുന്ന ബി.ജെ.പിക്ക് തന്നെയാകും. ബി.ജെ.പി വിരുദ്ധവികാരത്താൽ മാത്രം ശക്തമായൊരു രാഷ്ട്രീയ മുന്നണിയുടെ നിലനില്പ് എത്രമാത്രം ദുർബലമാണെന്ന് ചൂണ്ടിക്കാണിക്കുന്നത് കൂടിയാണ് മായാവതിയുടെ കരണംമറിച്ചിൽ. രാജ്യംതന്നെ ഏതാണ്ട് അപ്പാടെ തങ്ങളുടെ പിടിയിൽനിന്നുപോയ ശേഷവും രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ ശരിയായി മനസിലാക്കാൻ കോൺഗ്രസ് നേതൃത്വം ശ്രമിക്കുന്നില്ലെന്നാണ് ഇതിൽനിന്നുള്ള സൂചന. കോൺഗ്രസിന്റെ സർവാധിപത്യം പുലർന്നിരുന്ന യു.പി. മദ്ധ്യപ്രദേശ്, ഛത്തീസ് ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ഏതാനും സീറ്റുകൾക്കായി ഇന്ന് പ്രാദേശിക കക്ഷികളുടെ കാലുപിടിക്കേണ്ട ദുർഗതിയിലാണ് കോൺഗ്രസ് . രാജ്യവ്യാപകമായി രണ്ടാം സ്വാതന്ത്ര്യ സമരത്തിന് രാഷ്ട്രപിതാവിന്റെ സബർമതി ആശ്രമത്തിൽവച്ച് രണ്ട് ദിവസം മുൻപ് കുറി കുറിച്ച കോൺഗ്രസിന് വളരെ ദുർഘടം പിടിച്ച പാതയാണ് മുമ്പിലുള്ളത്. അധികാരം നഷ്ടമായെങ്കിലും രാജ്യത്താകമാനം ശക്തമായ വേരുകളുള്ള പാർട്ടിയെന്ന നിലയ്ക്ക് തിരഞ്ഞെടുപ്പ് വിജയം നേടാൻ കോൺഗ്രസ് മറ്റു കക്ഷികളോട് വലിയ തോതിൽ വിട്ടുവീഴ്ചകൾ ചെയ്യേണ്ടിവരും. പൊതുവേദികളിൽ നേതാക്കൾ കെട്ടിപ്പുണർന്നതുകൊണ്ടോ കൈകൾ ചുറ്റിപ്പിടിച്ചതുകൊണ്ടോ സഖ്യം യാഥാർത്ഥ്യമാകണമെന്നില്ല. പരസ്പര വിശ്വാസത്തിലധിഷ്ഠിതമായ സമീപനമാണ് രാഷ്ട്രീയ സഖ്യങ്ങളുടെ അടിത്തറയാകേണ്ടത്. തിരഞ്ഞെടുപ്പിനുമുമ്പുള്ള ഇത്തരം സഖ്യങ്ങൾ വോട്ടെടുപ്പിനുശേഷവും നിലനിൽക്കുകയും വേണം. സീറ്റ് വിഭജനം ഉൾപ്പെടെയുള്ള സങ്കീർണ പ്രശ്നങ്ങളിൽ വിട്ടുവീഴ്ച പരമപ്രധാനമാണ്. ഇതുമായി ബന്ധപ്പെട്ട തർക്കങ്ങൾക്കൊടുവിലാണ് മിക്കവാറും സഖ്യങ്ങൾ ശിഥിലമാകാറുള്ളത്. പ്രതിപക്ഷ സഖ്യനീക്കങ്ങളിൽ ഒരു പ്രധാന കണ്ണിയാകേണ്ട ഉത്തർപ്രദേശിലെ സമാജ് പാർട്ടിയുടെ നേതാവ് അഖിലേഷ് യാദവ് മായാവതിക്ക് പിന്നാലെ കോൺഗ്രസ് നേതൃത്വത്തെ ഒാർമ്മിപ്പിച്ചതും ഇൗ വക കാര്യങ്ങളാണ്. മായാവതിയെ ബി.ജെ.പി അന്വേഷണ ഉമ്മാക്കി കാണിച്ച് ഭയപ്പെടുത്തിയത് കൊണ്ടാണ് അവർ സഖ്യത്തിൽനിന്ന് പിൻമാറിയതെന്ന കോൺഗ്രസ് നേതാക്കളുടെ ആരോപണത്തെ അഖിലേഷ് തള്ളിപ്പറഞ്ഞത് ശ്രദ്ധേയമാണ്. വാക്കുകൾ സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കിൽ വലിയ നഷ്ടമാണുണ്ടാവുക എന്ന യാഥാർത്ഥ്യബോധം കോൺഗ്രസ് നേതാക്കൾക്കുണ്ടാകണം.