പുതിയ ബ്രൂവറികളും ഡിസ്റ്റിലറിയും തുടങ്ങുന്നതിന് ആദ്യം തത്വത്തിൽ അനുമതി നൽകുകയും പിന്നീട് ബന്ധപ്പെട്ട തലത്തിലുള്ള പരിശോധനകൾ നടത്തുകയും ചെയ്യുമെന്ന മുഖ്യമന്ത്രിയുടെയും എക്സൈസ് മന്ത്രിയുടെയും നയസമീപനം വികലവും തലതിരിഞ്ഞതും ജനദ്രോഹപരവുമാണ്. തെറ്റായ ഈ സമീപനം ഉപേക്ഷിച്ചേ മതിയാകൂ.
അനിവാര്യമായ പഠനങ്ങളോ പരിശോധനകളോ നടത്താതെ അനുമതി നൽകിയ ആറന്മുള വിമാനത്താവള പദ്ധതിയുടെയും പ്ലാച്ചിമടയിലെ കൊക്കക്കോള കമ്പനിയടേയും കാര്യത്തിൽ അതാത് കാലത്തെ ഇടതുമുന്നണി സർക്കാരുകൾക്ക് പറ്റിയ ഗുരുതരമായ വീഴ്ചകളുടെ തനിയാവർത്തനമാണ് പുതിയ ബ്രൂവറികളും ഡിസ്റ്റിലറിയും തുടങ്ങാനുള്ള സർക്കാർ നടപടിയിലും കാണുന്നത്.
ആറന്മുള വിമാനത്താവള പദ്ധതിക്ക് തത്വത്തിൽ അനുമതി നൽകിയ അന്നത്തെ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും പാർട്ടി സെക്രട്ടറിയായിരുന്ന ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പടെയുള്ള ഇടതുമുന്നണി നേതാക്കൾക്കും തങ്ങളുടെ സ്വന്തം സൃഷ്ടിയായ ആ പദ്ധതിക്കെതിരെ സമരം ചെയ്യേണ്ടിവന്നിരുന്നു. അതേക്കുറിച്ച് തെല്ലെങ്കിലും ആലോചിച്ചിരുന്നെങ്കിൽ ഇപ്പോഴത്തെ എക്സൈസ് വകുപ്പിന്റെ ഉത്തരവുകൾ പുറപ്പെടുവിക്കില്ലായിരുന്നു. മദ്യലോബിയെ ഏത് വിധത്തിലും വഴിവിട്ട് സഹായിക്കാനുള്ള മുഖ്യമന്ത്രിയുടെയും എക്സൈസ് മന്ത്രിയുടെയും അമിത ആവേശവും വ്യഗ്രതയുമാണ് ഈയൊരു നിലയിലേക്ക് കാര്യങ്ങളെത്തിച്ച് വഷളാക്കിയത്.
പാരിസ്ഥിതിക പഠനമോ സാമൂഹ്യ ആഘാത പരിശോധന ഉൾപ്പടെ ബന്ധപ്പെട്ട തലത്തിലുള്ള അനിവാര്യമായ കാര്യങ്ങളോ ഇല്ലാതെ ആറന്മുള വിമാനത്താവള പദ്ധതിക്ക് തത്വത്തിൽ അനുമതി നൽകിയത് തെറ്റായ നടപടിയാണെന്ന് പിന്നീട് തെളിയിക്കപ്പെട്ടു. ഹരിത ട്രൈബ്യൂണലിൽ നിന്നും സുപ്രീം കോടതിയിൽ നിന്നുമുണ്ടായ തിരിച്ചടിയെ തുടർന്ന് ഈ സർക്കാരിനു തന്നെ ആ പദ്ധതി ഉപേക്ഷിക്കേണ്ടി വന്നു. കൊക്കക്കോള കമ്പനിയെ വൻ ആവേശത്തോടെ എതിരേറ്റ ഇടതുമുന്നണി സർക്കാരിന്റെ നടപടിക്കെതിരെ ഇടതുപക്ഷ നേതാക്കളടക്കം ജനങ്ങളാകെ സമരരംഗത്ത് വന്നതും തുടർന്ന് ആ കമ്പനി അടച്ചുപൂട്ടിയതും എന്തുകൊണ്ട് സർക്കാരിന്റെയും ഇടതുമുന്നണിയുടെയും ചിന്തയിൽ വന്നില്ല.? വൻ ജലചൂഷണത്തിനെതിരെ നടന്ന പ്ലാച്ചിമടയിലെ കൊക്കക്കോള വിരുദ്ധ ജനകീയ സമരം ചരിത്രത്തിന്റെ ഭാഗമാണ്.സർക്കാർ ഇതെല്ലാം കണ്ടില്ലെന്ന് നടിക്കുകയാണ്. സ്വയം വിശ്വാസ്യത ഇല്ലാതാക്കിയും മദ്യക്കമ്പനികൾക്ക് വഴിയൊരുക്കുന്ന അസാധാരണ സ്ഥിതിവിശേഷമാണ് ഇപ്പോൾ ഉണ്ടായിട്ടുള്ളത്.
ആറന്മുളയിലും പ്ലാച്ചിമടയിലും ഇടതുമുന്നണി സർക്കാരുകൾക്ക് സംഭവിച്ച വലിയ വീഴ്ചകൾ ഇപ്പോഴും ആവർത്തിക്കുന്നതിന്റെ പിന്നിൽ നിക്ഷിപ്ത താത്പര്യ സംരക്ഷണമാണ്്. തികച്ചും നാടകീയവും ദുരൂഹവുമായ സാഹചര്യത്തിൽ ഉണ്ടായ ബ്രൂവറി ഡിസ്റ്റിലറി തീരുമാനങ്ങളുടെ പിന്നിൽ വമ്പൻ അഴിമതിയാണ് നടന്നിട്ടുള്ളതെന്ന് ഏവരും വിശ്വസിക്കുന്ന സാഹചര്യമാണ് സംജാതമായിട്ടുള്ളത്.
തന്നെയുമല്ല, കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് ഇടതുമുന്നണി ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങളെ തള്ളിക്കളഞ്ഞുകൊണ്ടാണ് ഇതെല്ലാം ചെയ്തിട്ടുള്ളത് എന്നത് ആശ്ചര്യജനകമാണ്. മദ്യം കേരളത്തിൽ ഗുരുതരമായ സാമൂഹ്യവിപത്താണെന്നും മദ്യലഭ്യതയും ഉപയോഗവും പടിപടിയായി കുറയ്ക്കാൻ സഹായകരമായ നയമായിരിക്കും ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ സ്വീകരിക്കുകയെന്നുമുള്ള പ്രകടനപത്രിയിലെ വാക്കുകൾക്ക് കടലാസിന്റെ വിലപോലും ഇല്ലാതാക്കിയ സർക്കാർ നടത്തുന്നത് തികഞ്ഞ ജനവഞ്ചനയാണ്.
പ്രകൃതിക്ഷോഭത്തിൽ പെട്ട് ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് പ്രഖ്യാപിച്ച ആനുകൂല്യം പോലും ഇതേവരെ നൽകാതെ വീഴ്ച വരുത്തിയ സർക്കാരിന്റെ മദ്യലോബിക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങളിലെ അമിതാവേശവും അതിലേറെ തിടുക്കവും പരിഹാസ്യമാണ്.നവകേരള നിർമ്മിതിക്ക് വേണ്ടിയുള്ള സർക്കാർ പ്രഖ്യാപനങ്ങളെ സ്വാഗതം ചെയ്ത ജനങ്ങളുടെ മനസ് മടുപ്പിക്കുന്നതാണ് ഇത്തരം നടപടികൾ. പരിസ്ഥിതി സൗഹൃദ കർമ്മപദ്ധതികളും സംരംഭങ്ങളുമാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പറയുന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപിത നിലപാടിന് വിരുദ്ധവുമാണ് ഇതെല്ലാം. പ്രളയക്കെടുതികളുടെ ദുരിതത്തിൽപ്പെട്ടു കിടക്കുന്ന ജനങ്ങളുടെ മേൽ ഇനിയൊരു 'മദ്യപ്രളയ"മുണ്ടാക്കാൻ ഇടവരുത്തുന്ന തെറ്റായ നടപടികൾ പിൻവലിക്കാൻ സർക്കാർ തയ്യാറാകണം. ബ്രൂവറി ഡിസ്റ്റിലറി സംബന്ധിച്ച് ഇപ്പോൾ പുറപ്പെടുവിച്ച സർവ ഉത്തരവുകളും ഉടനടി റദ്ദാക്കണം. ഇതേക്കുറിച്ച് ഹൈക്കോടതിയിലെ സിറ്റിംഗ് ജഡ്ജിയുടെ സേവനം പ്രയോജനപ്പെടുത്തി ഒരു ജുഡീഷ്വൽ അന്വേഷണത്തിന് സർക്കാർ തയാറാവുകയും വേണം.
ദുർബല വാദമുഖങ്ങൾ നിരത്തി അതിഗുരുതരമായ തെറ്റുകളെ ന്യായീകരിക്കാനാണ് ഇനിയും മുഖ്യമന്ത്രിയും കൂട്ടരും ശ്രമിക്കുന്നതെങ്കിൽ അതെല്ലാം ഇടതുപക്ഷ ജനാധിപത്യ മുന്നണിയെയും സർക്കാരിനെയും വലിയ തകർച്ചയിലേക്കായിരിക്കും എത്തിക്കുക. രാഷ്ട്രീയമായും ധാർമികമായും അതിനെല്ലാം വലിയ വില നൽകേണ്ടിവരികയും ചെയ്യും.