s-400-deal

ന്യൂഡൽഹി: രണ്ടു ദിവസത്തെ സന്ദർശനത്തിനായി റഷ്യൻപ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ ഡൽഹിയിലെത്തി. റഷ്യയിൽ നിന്ന് എസ് 400 മിസൈൽ പ്രതിരോധ സംവിധാനം വാങ്ങാനുള്ള കരാറിൽ ഒപ്പിടുന്നതിനെതിരെ ഇന്ത്യയ്‌ക്കുമേൽ യു.എസ് സമ്മർദ്ദം  നിലനിൽക്കെയാണ് പുട്ടിന്റെ സന്ദർശനം. സന്ദർശനത്തിന്റെ ഭാഗമായി  പ്രതിരോധ, ബഹിരാകാശ, ഊർജ്ജ മേഖലകളിൽ ഇന്ത്യയും റഷ്യയും തമ്മിൽ നിർണായക കരാറുകളിൽ ഒപ്പിടും.

ഇന്നലെ വൈകിട്ട് ഏഴുമണിയോടെ ഡൽഹിയിൽ വിമാനം ഇറങ്ങിയ പുട്ടിനെ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള അനൗദ്യോഗിക കൂടിക്കാഴ്‌ചയോടെയാണ് പരിപാടികൾ തുടങ്ങിയത്. ഇന്ന് 19-ാമത് ഇൻഡോ-റഷ്യൻ വാർഷിക ഉഭയകക്ഷി സമ്മേളനത്തിൽ നരേന്ദ്രമോദിയും പുട്ടിനും പങ്കെടുക്കും. ഇന്ത്യയ്ക്കുള്ള 500 കോടി ഡോളറിന്റെ (ഏകദേശം 39,000 കോടി രൂപ) അഞ്ച് എസ്-400 ട്രംഫ് വ്യോമ പ്രതിരോധ മിസൈൽ ഇടപാടാണ് പുട്ടിന്റെ സന്ദർശനത്തിൽ നിർണായകം. റഷ്യൻ പ്രതിരോധ സാമഗ്രികൾ വാങ്ങുന്ന രാജ്യങ്ങൾക്കുമേൽ ഉപരോധം ഏർപ്പെടുത്തുമെന്ന യു.എസ് ഭീഷണി നിലനിൽക്കെയാണിത്. റഷ്യൻ നിർമ്മിത സുഖോയ് വിമാനങ്ങൾ വാങ്ങിയതിന് ചൈനയ്‌ക്കു മേൽ യു.എസ് ഉപരോധം ഏർപ്പെടുത്തിയിരുന്നു.

2022ഒാടെ മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഇന്ത്യയുടെ ദൗത്യത്തിനും റഷ്യയുടെ സഹകരണം ഉറപ്പാക്കും. ബഹിരാകാശ പേടക നിർമ്മാണം, ബഹിരാകാശ യാത്രികർക്ക്പരിശീലനം തുടങ്ങിയ മേഖലകളിലാണ് റഷ്യ സഹായം വാഗ്‌ദാനം ചെയ്യുന്നത്. 1984ൽ ആദ്യ ഇന്ത്യൻ ബഹിരാകാശ യാത്രികനായ രാകേഷ് ശർമ്മയുടെ യാത്ര റഷ്യൻ പേടകത്തിലായിരുന്നു. കൂടംകൂളത്തിന് പുറമെ മറ്റൊരു ആണവ നിലയം കൂടി നിർമ്മിക്കാനും റഷ്യൻ സഹായം വാഗ്‌ദാനം ചെയ്‌തതായി അറിയുന്നു. ഇതു സംബന്ധിച്ചും കരാറിൽ ഒപ്പിട്ടേക്കും. ഇറാനു മേലുള്ള യു.എസ് ഉപരോധം, ദക്ഷിണേഷ്യയിലെ സമാധാനം, ഭീകര പ്രവർത്തനം തുടങ്ങിയ വിഷയങ്ങളും ചർച്ചയാകും.

സുപ്രധാനം എസ്-400 ട്രംഫ് വ്യോമ പ്രതിരോധ മിസൈൽ കരാർ

മറ്രു കരാറുകൾ

14,000 കോടി രൂപയുടെ യുദ്ധക്കപ്പൽ

7000 കോടി രൂപയുടെ ഹെലികോപ്ടർ