തിരുവനന്തപുരം:ശബരിമലയിലെ സ്ത്രീപ്രവേശനത്തിൽ സുപ്രീംകോടതി വിധി നടപ്പാക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ നിലപാട് കടുപ്പിക്കുകയാണ് യു.ഡി.എഫ്, ബി.ജെ.പി നേതൃത്വങ്ങൾ.വിധിക്കെതിരെ റിവ്യൂ ഹർജി നൽകുമെന്ന എൻ.എസ്.എസിന്റെയും പന്തളം രാജ കുടുംബത്തിന്റെയും നിലപാടുകൾ മദ്ധ്യതിരുവിതാംകൂറിൽ വിശ്വാസിസമൂഹത്തിൽ വൈകാരികചലനങ്ങളുണ്ടാക്കുന്നുവെന്ന കണക്കുകൂട്ടലിൽ അതിനൊപ്പം നിൽക്കുകയാണ് ഇരു കൂട്ടരുടെയും തന്ത്രം. സ്ത്രീപ്രവേശനത്തെ സി.പി.എമ്മും സർക്കാരും അനുകൂലിക്കുമ്പോൾ, ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനും യു.ഡി.എഫും ബി.ജെ.പിയും ലക്ഷ്യമിടുന്നു.
ചെങ്ങന്നൂരിൽ ചിതറിപ്പോയ ഹിന്ദു വോട്ട് ബാങ്കിനെ തിരിച്ചുപിടിക്കാമെന്ന കണക്കുകൂട്ടൽ യു.ഡി.എഫിനുണ്ട്. ബി.ജെ.പിയാകട്ടെ വിശ്വാസി സമൂഹത്തെ കൂടെ നിറുത്തി ഹൈന്ദവ വോട്ട് ധ്രുവീകരണമാണ് ലക്ഷ്യമിടുന്നത്. സ്ത്രീപ്രവേശനത്തെ സ്വാഗതം ചെയ്‌ത ആർ.എസ്.എസിനോട് പോലും ബി. ജെ. പി വിയോജിച്ചത് ഇതിന്റെ ഭാഗമാണ്.
കോടതിവിധി നടപ്പാക്കാൻ സർക്കാർ തിടുക്കം കൂട്ടുന്നുവെന്നാണ് പ്രതിപക്ഷ ആരോപണം. ഇത് ഇടതുപക്ഷത്തിനെതിരായ രാഷ്ട്രീയ ആയുധമാക്കാമെന്ന് യു.ഡി.എഫും ബി.ജെ.പിയും കണക്കുകൂട്ടുന്നു. ആർ.എസ്.എസ് നേതൃത്വത്തിനും ബി.ജെ.പിയുടെ ഈ സമീപനത്തോട് വഴങ്ങേണ്ടി വരുന്നു. ആർ.എസ്.എസ് സഹ കാര്യവാഹ് ഭയ്യാജി സുരേഷ് ജോഷിയുടെ കഴിഞ്ഞ ദിവസത്തെ പ്രതികരണം ഇത് വ്യക്തമാക്കുന്നതായി.
എന്നാൽ സി.പി.എമ്മും ഇടതുപക്ഷവും നിലപാടിൽ ഉറച്ചു നിൽക്കുകയാണ്. കോടതിവിധി ഇടതുപക്ഷത്തിന്റെ രാഷ്ട്രീയനിലപാട് ശരിവയ്ക്കുന്നതായതിനാൽ പിറകോട്ട് പോകുന്നത് തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ്. സ്ത്രീപ്രവേശനത്തെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള വാദങ്ങൾ ഉയരുന്നതിനാൽ ആശങ്ക വേണ്ടെന്നാണ് ഇടത് നേതൃത്വം കരുതുന്നത്.
തന്ത്രി കുടുംബവും കൊട്ടരവും നിയമപോരാട്ടം തുടരും
പന്തളം : ശബരിമലയിലെ നിലവിലുള്ള ആചാരക്രമങ്ങളിൽ മാറ്റം വരുത്താനോ വിട്ടുവീഴ്ച ചെയ്യാനോ തയ്യാറല്ലെന്ന് താഴമൺ തന്ത്രികുടുംബാംഗങ്ങളും തന്ത്രിമാരുമായ കണ്ഠരര് മോഹനരര്, രാജീവര്, മേഹഷ് മോഹനര്, പന്തളം കൊട്ടാരം നിർവാഹകസംഘം പ്രസിഡന്റ് പി.ജി.ശശികുമാർവർമ്മ, സെക്രട്ടറി പി.എൻ നാരയണവർമ്മ എന്നിവർ പത്രസമ്മേളത്തിൽ അറിയിച്ചു. ആചാരം സംരക്ഷിക്കാൻ നിയമപോരാട്ടം തുടരും. വിശ്വാസികൾക്കും ഭക്തർക്കുമൊപ്പം നേതൃസ്ഥാനത്ത് നിൽക്കും..
നൂറ്റാണ്ടുകൾ പഴക്കമുള്ള ശബരിമലക്ഷേത്രം ഐതീഹ്യംകൊണ്ടും ആചാര അനുഷ്ഠാനങ്ങൾകൊണ്ടും ഏറെ പ്രത്യേകത നിറഞ്ഞതാണ്. കേരളീയ താന്ത്രിക വിധിയ്ക്കധിഷ്ഠിതമായി പടിത്തരത്തോടുകൂടി ക്ഷേത്രാചാരങ്ങൾ പൂർണ്ണമായും നിലനിർത്തിപ്പോരുന്ന ക്ഷേത്രമാണ് ശബരിമല. ധ്യാനനിമഗ്നനായ അയ്യപ്പന്റെ പ്രതിഷ്ഠയാണ് ശബരിമലയിലേത്. പ്രതിഷ്ഠാ വേളയിൽ ദേവഹിതത്തിനുസരിച്ച് പ്രതിജ്ഞയെടുത്ത് പ്രതിഷ്ഠാകർമ്മം നിർവ്വഹിച്ചിട്ടുള്ള ക്ഷേത്രത്തിലെ ആചാര അനുഷ്ഠാനങ്ങൾ വ്യക്തി താൽപ്പര്യങ്ങൾക്കനുസൃതമായി മാറ്റാൻ കഴിയില്ല.
ശബരിമല ക്ഷേത്ര ദർശനത്തിന് പൊതുവായ ശുദ്ധി ക്രമങ്ങൾ ആചാര്യന്മാർ നിഷ്കർഷിച്ചിട്ടുണ്ട്. വിശ്വാസികളായ ഭക്തർ ഇതു പാലിച്ചുകൊണ്ടാണ് ക്ഷേത്രദർശനം നടത്തിയിട്ടുള്ളത്. മറ്റു ക്ഷേത്രങ്ങളിൽ നിന്നു ഭിന്നമായി ശബരിമല ക്ഷേത്രദർശനം തീർത്ഥാനത്തിന്റെ ഭാഗമായാണ് ആചരിച്ചു പോന്നിട്ടുള്ളത്. നാൽപത്തിയൊന്നു ദിവസത്തെ വ്രതവും ഇരുമുടിക്കെട്ടുമേന്തി മാത്രമേ പതിനെട്ടാംപടി ചവിട്ടി ഭഗവത് ദർശനം നടത്താവൂ എന്നാണ് വ്യവസ്ഥ. അൻപത് വർഷമായി ഓരോരോ കാരണങ്ങൾ പറഞ്ഞ് ശബരിമലയുടെ യശസ്സ് കളങ്കപ്പെടുത്താൻ ചിലർ ശ്രമിക്കുകയാണ്. സ്ത്രീ പ്രവേശനം ശബരിമലയിൽ നിഷിദ്ധമല്ല. നിശ്ചിത പ്രായപരിധിക്കുള്ളിൽ മാത്രമുള്ളവർക്കാണ് ദർശനത്തിന് താന്ത്രിക ആചാരവിധിപ്രകാരം നിയന്ത്രണം.