electric-car

 

 

കൊല്ലം:കുതിച്ചുയരുന്ന ഇന്ധന വിലയിൽ നിന്നും അന്തരീക്ഷ,ശബ്ദ മലിനീകരണത്തിൽ നിന്നും മുക്തി നേടുക എന്ന ലക്ഷ്യത്തോടെ നാല് വർഷത്തിനുള്ളിൽ 10 ലക്ഷം വൈദ്യുത വാഹനങ്ങൾ നിരത്തിലിറക്കാൻ വിഭാവനം ചെയ്യുന്ന വൈദ്യുത വാഹന നയത്തിന്റെ കരടിന് മന്ത്രിസഭ അംഗീകാരം നൽകി. പൈലറ്റ് പദ്ധതിയായി രണ്ട് വർഷത്തിനുള്ളിൽ ചെറുതും വലുതുമായി രണ്ടര ലക്ഷത്തിലധികം ഇലക്‌ട്രിക് വാഹനങ്ങൾ നിരത്തിലിറക്കാനാണ് ഉദ്ദേശിക്കുന്നത്.കേന്ദ്ര ഊർജ്ജ മന്ത്രാലയത്തിലെ മുഖ്യ ഉപദേഷ്ടാവായ പ്രൊഫ.ജുൻജുൻവാല അദ്ധ്യക്ഷനായി  സർക്കാർ നിയോഗിച്ച സമിതിയാണ് കരട് സമർപ്പിച്ചത്.

ആദ്യം ഓട്ടോറിക്ഷകൾ വൈദ്യുതിയിലേക്ക് മാറ്റും. ഇതിനായി കേരള ആട്ടോസ് ലിമിറ്റഡിൽ (കെ.എ.എൽ) ഇലക്ട്രിക് ഓട്ടോ നിർമ്മാണ യൂണിറ്റ് തുടങ്ങി. ബസുകൾക്കായി കേരള ഇലക്ട്രോണിക്സ് ലിമിറ്റഡിൽ (കെൽ) ഇലക്ട്രിക് എൻജിൻ യൂണിറ്റും തുടങ്ങി. കെ.എസ്.ആർ.ടി.സിയുടെ 10 ബസുകൾ ഭെല്ലിന്റെ (ബി.എച്ച്.ഇ.എൽ) സഹകരണത്തോടെ ഇലക്ട്രിക് ആക്കാനും നടപടി പുരോഗമിക്കുന്നു.

നേട്ടങ്ങൾ

സുഖയാത്ര

അന്തരീക്ഷ, ശബ്ദ മലിനീകരണം ഇല്ല

യാത്രാ നിരക്ക് കുറവ്,

പെട്രോൾ, ഡീസൽ വാഹനങ്ങളേക്കാൾ ലാഭം

വാഹന ഘടകങ്ങൾ കുറവ്,

അറ്റകുറ്റപ്പണി കുറവ്

പുതിയ തൊഴിലവസരങ്ങൾ

വാഹനഘടക യൂണിറ്റുകൾ തുടങ്ങാം


ഇവിടെ നിർമ്മിക്കാം

പല വാഹന നിർമ്മാതാക്കളും വൈദ്യുത വാഹന നിർമ്മാണം തുടങ്ങി. മഹീന്ദ്രയുടെ ഇലക്‌ട്രിക് കാറിന് 9 ലക്ഷത്തോളമാണ് വില. ഇവിടെ നിർമ്മിച്ചാൽ വിലകുറയും. ഇറക്കുമതി ചെയ്യുന്ന വൈദ്യുത ബസിന് ഒരു കോടി രൂപ വരെ വിലയുണ്ട്. 50 ലക്ഷത്തിന് ഇവിടെ നിർമ്മിക്കാം. വാഹനത്തിന്റെ എൻജിൻ വൈദ്യുതീകരിക്കുന്ന സാങ്കേതിക വിദ്യ സങ്കീർണമല്ല.

ചാർജിംഗ് സ്റ്റേഷനുകൾ

ക‌ാ‌ർ, ഓട്ടോ തുടങ്ങിയ ചെറുവാഹനങ്ങളുടെ ബാറ്ററി ഒറ്റത്തവണ ചാർജ് ചെയ്താൽ 200 കിലോമീറ്റർ ഓടാം. പെട്രോൾ പമ്പുകളിൽ ചാർജിംഗ് സൗകര്യം ഏർപ്പെടുത്താം. ചാർജ് തീ‌ർന്ന ബാറ്ററി നൽകി പകരം ചാർജ് ചെയ്ത ബാറ്ററിയും വാങ്ങാം.

വൈദ്യുതി ബോർഡിനും നേട്ടം

എൽ.ഇ.ഡി ലൈറ്റുകൾ വൈദ്യുതി ഉപഭോഗം കുറച്ചു. വാഹനങ്ങൾക്ക് വൈദ്യുതി നൽകി ബോർഡിനും നേട്ടമുണ്ടാക്കാം.

ചെലവ്

കാറിന് ഒരു കിലോമീറ്റ‌റിന് 1 രൂപ

ഓട്ടോറിക്ഷയ്‌ക്ക് 70 പൈസ


2020 ൽ ലക്ഷ്യമിടുന്നത്  

ഇരുചക്രവാഹനങ്ങൾ: 2 ലക്ഷം

ഓട്ടോറിക്ഷകൾ: 50,000

ബസുകൾ: 3,000

ഭാരവാഹനങ്ങൾ: 1,000

ഫെറിബോട്ടുകൾ: 1,00

''കരട്നയത്തിൽ പൊതുഅഭിപ്രായം രൂപീകരിക്കും. ഇതുകൂടി  ഉൾക്കൊള്ളിച്ച് സർക്കാരിന് സമർപ്പിക്കും. അംഗീകാരം ലഭിച്ചാലുടൻ നടപ്പാക്കും"

--കെ.ആർ. ജ്യോതിലാൽ, ഗതാഗത സെക്രട്ടറി