തിരുവനന്തപുരം: പ്രളയത്തിനു പിന്നാലെ സംസ്ഥാനത്ത് ചുഴലിക്കാറ്റ് ആഞ്ഞടിക്കാനുള്ള സാദ്ധ്യത കണക്കിലെടുത്ത് വിപുലമായ ദുരന്തനിവാരണ ആക്ഷൻ പ്‌ളാൻ തയ്യാറാക്കി സർക്കാരിന് സമർപ്പിക്കാൻ ഇന്നലെ ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ദുരന്തനിവാരണ അതോറിട്ടി എക്‌സിക്യൂട്ടിവ് കമ്മിറ്റിയോഗം തീരുമാനിച്ചു. ജലവിഭവ വകുപ്പിന്റെയും കെ.എസ്.ഇ.ബിയുടെയും ഡാമുകളിലേക്ക് ഒഴുകിയെത്തുന്ന ജലവും നിലവിലെ സ്ഥിതിയും ഡാമിലെ ദീർഘകാല ജല അളവുകളും മഴയുടെ പ്രവചനവും പരിഗണിച്ചാണ് നിയന്ത്രണ ചട്ടക്കൂട് ഉണ്ടാക്കുക.
ഡാമുകളെ സദാനിരീക്ഷിക്കാനും സ്ഥിതിഗതികൾ അപ്പപ്പോൾ അറിഞ്ഞ് തുറന്നുവിടാനുമായി കെ.എസ്.ഇ.ബിയുടെയും ജല വിഭവ വകുപ്പിന്റെയും എല്ലാ ഡാം സൈറ്റിലും ഉപഗ്രഹ ഫോണുകൾ നൽകുവാൻ യോഗം നിർദ്ദേശിച്ചു. ഇന്നലെത്തന്നെ നടപടി സ്വീകരിക്കാനാണ് നിർദ്ദേശിച്ചത്.
തമിഴ്‌നാടിന്റെ നിയന്ത്രണത്തിലുള്ള എല്ലാ ഡാമുകളും പരമാവധി സംഭരണ ശേഷിക്കടുത്താണ് എന്നതിനാൽ, ഇവ മുൻകൂട്ടി തുറന്നുവിടാൻ നിർദ്ദേശം നൽകണമെന്ന് കേന്ദ്ര ജല കമ്മിഷനോട് ആവശ്യപ്പെടും. തീരരക്ഷാ സേനാ കപ്പലുകളും ഡോണിയർ വിമാനങ്ങളും കേരളത്തിന്റെ തീരത്തോട് അടുത്തുള്ള അറബിക്കടൽ മേഖലയിൽ മൈക്കിലൂടെയും റേഡിയോ വഴിയും മുന്നറിയിപ്പ് നൽകും.
കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാദ്ധ്യത
തിരുവനന്തപുരം: ലക്ഷദ്വീപിന്റെ തീരത്ത് അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തിന്റെ ഫലമായി സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയുണ്ടാകും. തിരുവനന്തപുരം ജില്ലയിൽ ഇന്നു മുതൽ തിങ്കളാഴ്ച വരെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, തൃശൂർ, വയനാട്, കൊല്ലം, കോഴിക്കോട് ജില്ലകളിലും ശനി, ഞായർ ദിവസങ്ങളിൽ യെല്ലോ അലർട്ടും ഇടുക്കി, മലപ്പുറം ജില്ലകളിൽ റെഡ് അലർട്ടും പാലക്കാട്ട് ഒാറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം ജില്ലകളിൽ ഉരൾപൊട്ടലുണ്ടാകാനിടയുള്ള സ്ഥലങ്ങളിൽ കനത്ത ജാഗ്രതാനിർദ്ദേശവും നൽകിയിട്ടുണ്ട്.
അറബിക്കടലിൽ ഇന്ന് വൈകിട്ടോടെ ഉണ്ടാകുന്ന ന്യൂനമർദ്ദം ശക്തി പ്രാപിച്ച് 100 കിലോമീറ്റർ വരെ വേഗതയുള്ള ചുഴലിക്കൊടുങ്കാറ്റായി മാറാനാണ് സാദ്ധ്യതയെന്നാണ് നിഗമനം.