കൊച്ചി: ഐ.എസ്.എൽ പുതിയ സീസണിലെ കൊച്ചിയിലെ ആദ്യ മത്സരത്തിന് ഇന്നു വൈകിട്ട് ഏഴിന് കലൂർ ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ പന്തുരുളും. ഉദ്ഘാടന കളിയിൽത്തന്നെ വിജയിച്ചുവന്ന കേരള ബ്ളാസ്റ്റേഴ്സിനെ ആരവം മുഴക്കി പ്രകമ്പനം കൊള്ളിക്കാൻ ആരാധാകർ ഒരുങ്ങിക്കഴിഞ്ഞു. സ്റ്റേഡിയവും പരിസരവും മഞ്ഞയണിച്ചു. ചുഴലിക്കാറ്റ് പെരുമഴ സൃഷ്ടിക്കുമോയെന്ന ആശങ്ക മാത്രമാണ് ആരാധകരിലും സംഘാടകരിലും ബാക്കി നിൽക്കുന്നത്. ഇന്നലെ വൈകിട്ട് ശക്തമായ മഴയാണ് കൊച്ചി നഗരത്തിൽ പെയ്തത്. മഴയും ഇടിവെട്ടും ആവർത്തിച്ചാൽ കളി മുടങ്ങുമോയെന്നാണ് ആശങ്ക. ടിക്കറ്റ് വില്പനയിലും തണുപ്പ് ബാധിച്ചിട്ടുണ്ട്.
രണ്ടു ടീമുകളും ഇന്നലെ കൊച്ചിയിൽ പരിശീലനം നടത്തി. കൊൽക്കത്തയിലെ ആദ്യ മത്സരത്തിൽ എ.ടി.കെയെ തോല്പിച്ചതിന്റെ ലഹരിയിലാണ് ബ്ളാസ്റ്റേഴ്സ് താരങ്ങൾ. യുവതാരങ്ങൾക്ക് മുൻതൂക്കമുള്ള ടീമാണിപ്പോൾ. ഒത്തൊരുമിച്ചു കളിച്ച് മുന്നേറാൻ സജ്ജമാണെന്ന് ആദ്യ മത്സരം തന്നെ തെളിയിച്ചു. അതിനാൽ സ്വന്തം കളമായ കൊച്ചിയിൽ വിജയിക്കാമെന്നതിൽ താരങ്ങൾക്കും കോച്ചിനും തെല്ലും സംശയമില്ല. മികച്ച കളി കാഴ്ച വയ്ക്കുകയെന്ന ലക്ഷ്യത്തിൽ തീവ്രമായ പരിശീലനം ഇന്നലെയും തുടർന്നു.
മഞ്ഞപ്പടയിലെ ചുറുചുറുക്കുള്ള യുവതാരങ്ങളാണ് കേരള ബ്ളാസ്റ്റേഴ്സിന് കരുത്തും പ്രതീക്ഷയും. നാട്ടിലെ ആദ്യകളിയിൽ വിജയിക്കണമെന്നതിൽ വിട്ടുവീഴ്ചയ്ക്ക് അവർ തയ്യാറല്ല. സീസണിൽ ഒരു കളിയിലും ജയിക്കാൻ കഴിയാത്തതിന്റെ നിരാശയാണ് മുംബെയ് സിറ്റി എഫ്.സിയെ അലട്ടുന്നത്. മഞ്ഞപ്പടയുടെ നാട്ടിൽ അത്ഭുതങ്ങളൊന്നും അവർ പ്രതീക്ഷിക്കുന്നില്ല.
പുതിയ സീസണിലെ ആദ്യകളിയിൽ തോറ്റതിന്റെ നിരാശ മുംബെയ് എഫ്.സിയെ വിട്ടിട്ടില്ല. കളിക്കാർക്കു മാത്രമല്ല, കോച്ചിനും ചെറിയ നിരാശയുണ്ട്. മഞ്ഞപ്പടയെ അവരുടെ കളത്തിൽ മലർത്തിയടിക്കുക അത്ര എളുപ്പമല്ലെങ്കിലും ശ്രമിക്കുമെന്ന ഉറപ്പിലാണ് താരങ്ങൾ. കൊച്ചിയിലെ കാലാവസ്ഥ ഉൾപ്പെടെ അനുകൂലമാകുമെന്ന പ്രതീക്ഷയാണ് ടീമിന്.
വിദേശതാരങ്ങളുണ്ടെങ്കിലും യുവ ഇന്ത്യൻ താരങ്ങളുടെ സാന്നിദ്ധ്യം കരുത്താണെന്ന് കോച്ച് ഡേവിഡ് ജയിംസ് പറഞ്ഞു.പുതിയ നിരവധി താരങ്ങൾ ടീമിലുണ്ട്. അവരെല്ലാം മികച്ച കളി കാഴ്ച വയ്ക്കുന്നവരാണ്. വിദേശികളായ മികച്ച കളിക്കാരും കൂടി ചേരുമ്പോൾ വിജയിക്കാൻ കഴിയും. മദ്ധ്യനിരയും മുന്നേറ്റനിരയും ശക്തമാണ്. പരിശീലനത്തിൽ കൂടുതൽ മികവിലേയ്ക്ക് ടീമംഗങ്ങൾ ഒന്നാകെ വന്നിട്ടുമുണ്ട്. ഇതും ഗുണം ചെയ്യും. ഐ.എസ്.എല്ലിൽ ഇക്കുറി കളികൾക്കിടയിൽ ഇടവേള കൂടുതലുള്ളത് ഗുണകരമാകുമെന്നും അദ്ദേഹം പറഞ്ഞു.
മികച്ച ചേരുവയാണ് ടീമിന്റെ കരുത്തെന്ന് ബ്ളാസ്റ്റേഴ്സിന്റെ മദ്ധ്യനിരയിലെ യുവതാരം സഹൽ അബദുൾ സമദ് പറഞ്ഞു. മുമ്പ് ബ്ളാസ്റ്റേഴ്സിന് വേണ്ടി കളിക്കുന്നതിൽ വലിയ സന്തോഷവും അനുഭവുമാണ്. കൊച്ചിയിലെ മത്സരത്തിൽ ആത്മവിശ്വാസമുണ്ട്. ഇന്നത്തെ അവസാന ഇലവനിൽ ആരൊക്കെയെന്ന് കോച്ച് തീരുമാനിക്കും.
ആദ്യമത്സരത്തിനുശേഷം അത്ര സന്തോഷവാനല്ലെന്നാണ് മുംബെയ് എഫ്.സിയുടെ കോച്ച് ജോർജ് കോസ്റ്റയുടെ പ്രതികരണം. കഴിഞ്ഞ കളിയിൽ ജയിക്കാൻ കഴിയുമെന്ന് പ്രതീക്ഷിച്ചത് വെറുതെയായി. ഇന്നത്തെ കളി സമ്മർദ്ദം നൽകുന്നതാണ്. ബ്ളാസ്റ്റേഴ്സിന്റെ ആരാധകർ വലിയ പിന്തുണ കൊച്ചിയിൽ നൽകും. അതും സമ്മർദ്ദത്തിന് കാരണമാണ്. താരങ്ങളിൽ ചിലരുടെ പരിക്കും അലട്ടുന്നുണ്ട്. വിജയം ലക്ഷ്യമിട്ട് കളത്തിലിറങ്ങുമെന്ന് അദ്ദേഹം പറഞ്ഞെങ്കിലും വാക്കുകളിൽ ആത്മവിശ്വാസം കുറവായിരുന്നു.