രാജ്കോട്ട് : ഇന്ത്യൻ ക്രിക്കറ്റിന്റെ പുതിയ രാജകുമാരൻ, സച്ചിൻ ടെൻഡുൽക്കറുടെ പിൻഗാമി എന്നുള്ള വിശേഷണങ്ങളൊക്കെ അക്ഷരാർത്ഥത്തിൽ ശരിവച്ച് രാജ്കോട്ടിൽ പൃഥി ഷാ എന്ന കൗമാരക്കാരന്റെ രാജകീയ ടെസ്റ്റ് അരങ്ങേറ്റം.
ഇന്നലെ വിൻഡീസിനെതിരായ ആദ്യടെസ്റ്റിൽ ഒാപ്പണറായി ഇറങ്ങി 134 റൺസ് നേടിയ പൃഥി ഷാ റെക്കാഡുപുസ്തകത്തിന്റെ പലതാളുകളിലായി തന്റെ പേരെഴുതിച്ചേർത്തപ്പോൾ ഇന്ത്യ കൂറ്റൻ സ്കോറിനുള്ള അടിസ്ഥാനമിടുകയും ചെയ്തു. ആദ്യദിനം കളിനിറുത്തുമ്പോൾ പൃഥിയുടെ സെഞ്ച്വറിക്കൊപ്പം ചേതേശ്വർ പുജാരയുടെയും (86) നായകൻ വിരാട് കൊഹ്‌ലിയുടെയും (72 നോട്ടൗട്ട്) അർദ്ധ സെഞ്ച്വറികളും ഇന്ത്യയെ 364/4 എന്ന സ്കോറിലെത്തിച്ചു. അജിങ്ക്യ രഹാനെ 41 റൺസടിച്ചു പുറത്തായി. കളി നിറുത്തുമ്പോൾ കൊഹ്‌ലിക്കൊപ്പം ഋഷഭ് പന്ത് 17 റൺസുമായി ക്രീസിലുണ്ട്.
രാവിലെ ടോസ് നേടിയ കൊഹ്‌ലി ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ പന്ത് നേരിടാനെത്തിയത് അരങ്ങേറ്റക്കാരൻ ഷായാണ്. സഹ ഒാപ്പണർ ലോകേഷ് രാഹുൽ ടീം സ്കോർ മൂന്ന് റൺസ് മാത്രമുള്ളപ്പോൾ ഡക്കായത്തിന്റെ ആഘാതമൊന്നും പൃഥി ഷായിൽ കണ്ടില്ല. ഷാനോൺ ഗബ്രിയേലിന്റെ പന്തിൽ എൽ.ബിയിൽ കുരുങ്ങുകയായിരുന്നു രാഹുൽ. എന്നാൽ രണ്ടാം വിക്കറ്റിൽ പരിചയ സമ്പന്നനായ ചേതേശ്വർ പുജാരയ്ക്കൊപ്പം അതി ഗംഭീരമായൊരു കൂട്ടുകെട്ട് പൃഥി കെട്ടിപ്പടുത്തു. 206 റൺസാണ് രണ്ടാംവിക്കറ്റിൽ പുജാരയും ഷായും ചേർന്ന് നേടിയത്.
ആദ്യ സെഷനിൽത്തന്നെ അർദ്ധ സെഞ്ച്വറി നേടിയിരുന്ന പൃഥ്വി രണ്ടാം സെഷനിൽ നേരിട്ട 99-ാമത്തെ പന്തിലാണ് സെഞ്ച്വറി തികച്ചത്. 154 പന്തുകളിൽ 19 ബൗണ്ടറികൾ നേടി പൃഥ്വി പുറത്തായപ്പോഴാണ് ചായയ്ക്ക് പിരിഞ്ഞത്.
ആദ്യസെഷനിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 133 റൺസാണ് ഇന്ത്യ നേടിയിരുന്നത്. ലഞ്ചിന് തൊട്ടുമുമ്പ് അർദ്ധ സെഞ്ച്വറിയിലെത്തിയരുന്ന പുജാര 43-ാം ഒാവറിലാണ് പുറത്തായത്. 130 പന്തുകളിൽ 14 ബൗണ്ടറികൾ പായിച്ച പുജാരയെ ലെവിസിന്റെ പന്തിൽ കീപ്പർ ഡോവ്‌റിച്ച് പിടികൂടുകയായിരുന്നു.
തുടർന്ന് ക്രീസിലെത്തിയ നായകൻ കൊഹ്‌ലിക്കൊപ്പം ഷാ സ്കോർ ഉയർത്താൻ ശ്രമിച്ചെങ്കിലും വൈകാതെ മനോഹരമായ ഇന്നിംഗ്സിന് കർട്ടനിടേണ്ടിവന്നു. സ്പിന്നർ ദേവേന്ദ്ര ബിഷുവിന്റെ നിരുപദ്രവകരമെന്ന് തോന്നിച്ച പന്തിൽ റിട്ടേൺ ക്യാച്ച് നൽകുകയായിരുന്നു ഷാ. പിന്നീട് നാലാം വിക്കറ്റിൽ നായകനും ഉപനായകൻ രഹാനെയും ചേർന്ന് 105 റൺസ് കൂട്ടിച്ചേർത്തു. ചായയ്ക്ക് പിരിയുമ്പോൾ 232/3 എന്ന നിലയിലായിരുന്ന ഇന്ത്യ രഹാനെ കീപ്പർ ക്യാച്ച് നൽകി മടങ്ങിയപ്പോൾ 337/4 എന്ന നിലയിലായി. 92 പന്തുകൾ നേരിട്ട രഹാനെ അഞ്ച് ബൗണ്ടറികൾ പായിച്ചു. 137 പന്തുകളിൽനിന്ന് നാല് ബൗണ്ടറികളടക്കമാണ് കൊഹ്‌ലി 72 റൺസ് നേടിയിരിക്കുന്നത്. 21 പന്തുകൾ നേരിട്ട ഋഷഭ് ഒാരോ ഫോറും സിക്സും പറത്തി.
സ്ഥിരം നായകൻ ജാസൺ ഹോൾഡർക്ക് പരിക്കുമൂലം കളിക്കാൻ കഴിയാത്തതിനാൽ ക്രെയ്‌ഗ് ബ്രാത്ത് വെയ്റ്റാണ് ഇന്നലെ വിൻഡീസിനെ നയിച്ചത്. പേസർ കെമർനേഷ് ബന്ധുവിന്റെ മരണത്തെത്തുടർന്ന് നാട്ടിലേക്ക് മടങ്ങിയതും വിൻഡീസ് ബൗളിംഗിനെ പിന്നോട്ടടിച്ചു. ആദ്യ അര മണിക്കൂറിലൊഴികെ ഇന്ത്യൻ ബാറ്റ്സ്‌മാർക്ക് വെല്ലുവിളി ഉയർത്താൻ വിൻഡീസ് ബൗളർമാർക്കായില്ല.