-uefa

ലണ്ടൻ : സൂപ്പർതാരം ലയണൽ മെസിയുടെ ഇരട്ടഗോളുകളുടെ മികവിൽ യുവേഫ ചാമ്പ്യൻസ് ലീഗിൽ ഇംഗ്ളീഷ് ക്ളബ് ടോട്ടൻ ഹാമിനെ കീഴടക്കി ബാഴ്സലോണ. വെംബ്ളി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ രണ്ടിനെതിരെ നാല് ഗോളുകൾക്കായിരുന്നു ബാഴ്സയുടെ വിജയം. ആദ്യപകുതിയിൽ രണ്ട് ഗോളുകൾ നേടിയിരുന്ന ബാഴ്സലോണ മെസിയിലൂടെ രണ്ടാം പകുതിയിൽ രണ്ടെണ്ണം കൂടിയടിച്ചു. രണ്ടാം പകുതിയിലാണ് ടോട്ടൻ ഹാമിന്റെ രണ്ട് ഗോളുകളും പിറന്നത്.

രണ്ടാം മിനിട്ടിൽ ഫിലിപ്പ് കുടീഞ്ഞോയുടെ ഗോളിലൂടെയാണ് ബാഴ്സലോണ സ്കോറിംഗ് തുടങ്ങിയത്. 28-ാം മിനിട്ടിൽ ഇവാൻ റാക്കിട്ടിച്ച്  തകർപ്പനൊരു ദീർഘദൂര മിസൈൽ ഷോട്ടിലൂടെ ലീഡുയർത്തി. ഇടവേളയ്ക്ക് ശേഷം 52-ാം മിനിട്ടിൽ ഹാരികേൻ ടോട്ടൻ ഹാമിനുവേണ്ടി ഒരു ഗോൾ തിരിച്ചടിച്ചു. 56-ാം മിനിട്ടിലാണ് മെസി  മത്സരത്തിലെ തന്റെ ആദ്യഗോൾ നേടിയത്. 66-ാം മിനിട്ടിൽ ലമേല ബാഴ്സയുടെ വല കുലുക്കിയതോടെ സ്കോർ 3-2 ആയി. 90-ാം മിനിട്ടിൽ മെസി ബാഴ്സയ്ക്ക് വേണ്ടി നാലാം ഗോളും നേടി.

മറ്റൊരു  മത്സരത്തിൽ സ്പാനിഷ് ക്ളബ് അത്‌ലറ്റിക്കോ മാഡ്രിഡ് 3-1ന് ക്ളബ് ബ്രൂഗെയെ കീഴടക്കി. അത്‌ലറ്റിക്കോയ്ക്ക് വേണ്ടി ഗ്രീസ്‌മാൻ രണ്ട് ഗോളുകളും കോകെ ഒരു ഗോളും നേടി. ബൊറൂഷ്യ ഡോർട്ട് മുണ്ട് 3-0 ത്തിന് മൊണാക്കോയെയും ഇന്റർമിലാൻ  2-1ന് പി.എസ്.വിയെയും കീഴടക്കി. ഇംഗ്ളീഷ് ക്ളബ് ലിവർപൂളിന് സീസണിലെ രണ്ടാം മത്സരത്തിലും തോൽവി ഏറ്റുവാങ്ങേണ്ടിവന്നു.  ഇന്നലെ ഇറ്റാലിയൻ ക്ളബ് നാപ്പോളി 1-0  ത്തിനാണ് ലിവർ പൂളിനെ തോൽപ്പിച്ചത്. അവസാന മിനിട്ടിൽ ഇൻസൈനാണ് നാപ്പോളിക്ക് വേണ്ടി സ്കോർ ചെയ്തത്. ഫ്രഞ്ച് ക്ളബ് പാരീസ് എസ്.ജി  കഴിഞ്ഞ രാത്രി 6-1ന് ക്രവ്‌‌ന സ്വെസ്‌ഭയെ  കീഴടക്കിയിരുന്നു. പാരീസിനുവേണ്ടി നെയ്‌മർ ഹാട്രിക് നേടി. പഡിൻ സൺ കവാനി, കൈലിയാൻ എംബാപ്പെ, ഏൻജൽ ഡി മരിയ എന്നിവർ ഒാരോ ഗോൾ വീതം നേടി