വിനോദസഞ്ചാരികളുടെ ഹൃദയം കീഴടക്കാൻ നീലകുറിഞ്ഞി വീണ്ടും പൂത്തു... മൂന്നാറിലേക്ക് വണ്ടി കയറിയാൽ കുന്നിൻചരിവുകളെ നീലനിറമണിയിച്ച കുറിഞ്ഞിയുടെ സൗന്ദര്യം ആവോളം ആസ്വദിച്ച് മനം നിറയ്ക്കാം. പന്ത്രണ്ട് വർഷങ്ങളാണ് കുറിഞ്ഞിക്കാടുകളുടെ വസന്തകാലത്തിനായുള്ള കാത്തിരിപ്പിന്റെ ദൈർഘ്യം. പശ്ചിമഘട്ട മലനിരകളുടെ പ്രധാന വിനോദ സഞ്ചാര മേഖലയായ രാജമലയിലാണ് ഈ ദൃശ്യമാസ്വദിക്കാൻ സന്ദർശകരിലേറെയും എത്തുന്നത്.
സമുദ്രനിരപ്പിൽ നിന്ന് 1600 മുതൽ 2700 വരെ മീറ്റർ ഉയരങ്ങളിലുള്ള പ്രദേശങ്ങളിലാണ് ഇവ പൂക്കുന്നത്. കേരള തമിഴ്നാട് അതിർത്തിയിലുള്ള മലനിരകളിലും മൂന്നാർ മലനിരകളിലുമാണ് കുറിഞ്ഞി പൂക്കൾഏറ്റവുമധികം കാണപ്പെടുന്നത്. ഈ പൂവുകൾക്ക് വലിയ മനോഹാരിതയോ വശ്യതയോ മനംമയക്കുന്ന സുഗന്ധമോ ഒന്നുമില്ലെങ്കിലും കൂട്ടത്തോടെ പൂത്തു നിൽക്കുന്ന കാഴ്ച ഏവരുടെയും മനം കവരുക തന്നെ ചെയ്യുക. മൂന്നാർ മാട്ടുപ്പെട്ടി എസ്റ്റേറ്റ് നെറ്റിമേട് ഡിവിഷനിലേക്ക് പോകുന്ന വഴിയിലും ചെണ്ടുവാര എസ്‌റ്റേറ്റിലെ ചിലയിടങ്ങളിലും എല്ലപ്പെട്ടി എസ്റ്റേറ്റിന്റെ ചില പ്രദേശങ്ങളിലും കുറിഞ്ഞി പൂവിട്ടിട്ടുണ്ട്. പ്രാദേശിക വ്യത്യാസങ്ങൾക്കനുസരിച്ച് നീലക്കുറിഞ്ഞി ചെടിയുടെ ഉയരത്തിൽ വ്യത്യാസം വരും. രണ്ടടിയോളം ഉയരമുള്ള ചെറിയ ചെടികൾ ഉയർന്ന ഭാഗത്തും അഞ്ചു മുതൽ 10 അടി വരെ ഉയരമുള്ള വലിയ കുറിഞ്ഞികൾ താഴ്ന്ന പ്രദേശങ്ങളിലും കാണാം. ഒരു പ്രദേശമാകെ വസന്തം തീർത്ത് മൊട്ടിടുന്ന കുറിഞ്ഞിപ്പൂക്കൾ രണ്ടു മാസംവരെ നശിക്കാതെ നിൽക്കും.
നീലക്കുറിഞ്ഞികൾ പൂക്കുന്ന സീസണിൽ മൂന്നാറിലും പരിസര പ്രദേശങ്ങളിലും എത്തിച്ചേരുന്ന ടൂറിസ്റ്റുകൾക്കായി ടൂർ ഓപ്പറേറ്റർമാരും അഡ്വഞ്ചർ ക്ലബുകളും ട്രക്കിംഗ് സൗകര്യം ഒരുക്കി കൊടുക്കാറുണ്ട്. ഇക്കുറി വൻ തയ്യാറെടുപ്പാണ് ടൂറിസം വകുപ്പും കൈക്കൊണ്ടിരിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി വിനോദസഞ്ചാരികളാണ് നീലകുറിഞ്ഞി കാണാൻ മൂന്നാറിലേക്ക് എത്തുന്നത്. എന്തായാലും രണ്ട് മാസക്കാലം മൂന്നാർ ലോകത്തെ വിസ്മയിപ്പിക്കുക തന്നെ ചെയ്യും.