beauty

മുഖത്ത് മാത്രം ഒതുങ്ങിപ്പോകുന്ന സൗന്ദര്യ സംരക്ഷണമാണ് നമ്മളിൽ പലർക്കും ഉള്ളത്. അതിന്റെ പരിണിത ഫലമാകട്ടെ മുഖം വെളുത്ത് തുടുത്ത് ഇരിക്കുമ്പോൾ കൈ കാലുകൾ വാടിക്കുഴഞ്ഞ് കരുവാളിച്ച് ഇരിക്കും. ഒരാളുടെ വൃത്തിശീലങ്ങൾ മനസിലാക്കുന്നതിന് അയാളുടെ കൈകളുടേയും കാലുകളുടേയും വൃത്തി പരിശോധിച്ചാൽ മതിയാകും. അതുകൊണ്ട് മുഖം പോലെ തന്നെ കൈയും കാലും സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തിൽ വളരെയധികം ശ്രദ്ധിക്കപ്പെടേണ്ട ഭാഗങ്ങളാണ്. മുഖം പോലെ പെട്ടെന്ന് വെളുപ്പിക്കാനോ സൗന്ദര്യം വർദ്ധിപ്പിക്കുന്നതിനോ കഴിയുന്ന ഒന്നല്ല കൈകാലുകൾ. കാരണം കൈയിലേയും കാലിലേയും ചർമ്മത്തിന് അൽപം കട്ടി കൂടുതലാണ് എന്നതു തന്നെ. പോരാത്തതിന് കറിക്കരിഞ്ഞും പാചകം ചെയ്യുന്നതിനിടെയുള്ള പൊള്ളലേറ്റുമൊക്കെ കൈകൾ ആകെ പ്രശ്നത്തിലാകും. ജോലിത്തിരക്കിൽ നിന്ന് അൽപ സമയം കണ്ടെത്തി സൗന്ദര്യം സംരക്ഷിക്കാൻ ചില പൊടിക്കൈകൾ ഇതാ..

ആദ്യം പ്രത്യേക പാക്ക്
കൈ കാലുകളിലെ സൗന്ദര്യം സംരക്ഷിക്കാനുള്ള ആദ്യ പടി അഴുക്കും മാലിന്യവും നീക്കം ചെയ്യുക എന്നതാണ്.റിമൂവർ ഉപയോഗിച്ച് നഖങ്ങളിലെ നെയിൽ പോളിഷ് നന്നായി തുടച്ച് മാറ്റുക. ശേഷം ചെറുചൂടുവെള്ളത്തിൽ വീര്യം കുറഞ്ഞ ഷാംമ്പു ചേർത്ത് പതപ്പിച്ചശേഷം കൈകാലുകൾ ഇതിൽ മുക്കിവയ്ക്കുക. പത്ത് മിനിറ്റിന് ശേഷം ബ്രഷ് ഉപയോഗിച്ച് (പഴയ ടൂത്ത് ബ്രഷ് ഉപയോഗിക്കുന്നതിൽ തെറ്റില്ല ) നന്നായി തേച്ച് കഴുകുക. വിരലുകൾക്കിടയിലും നഖവുമൊക്കെ നന്നായി തേച്ച് കഴുകുക. ശേഷം തണുത്ത വെള്ളത്തിൽ കൈ കാലുകൾ വൃത്തിയായി കഴുകി കോട്ടൺ തുണി കൊണ്ട് തുടയ്ക്കുക.

ഇനി സ്‌ക്രബാണ്. ഇതിനായി ചെറുനാരങ്ങ രണ്ടായി മുറിക്കുക. ഒരു പകുതി പഞ്ചസാരയിൽ മുക്കി കാലിൽ ഉരയ്ക്കുക. കാലിലെ മൃതകോശങ്ങൾ നീക്കാനാണ് സ്‌ക്രബ് ചെയ്യുന്നത്. നാരങ്ങാനീര് അരിപ്പൊടിയും പഞ്ചസാരയും ചേർത്ത് കൈകാലുകളിൽ വൃത്താകൃതിയിൽ മസാജ് ചെയ്താലും മതി. പതിനഞ്ച് മിനിറ്റ് സ്‌ക്രബ് ചെയ്തശേഷം തണുത്ത വെള്ളത്തിൽ കൈകളും കാലുകളും വൃത്തിയായി കഴുകി തുടയ്ക്കുക. ശേഷം കടലമാവിൽ കാരറ്റ് ഗ്രേറ്റ് ചെയ്ത് തൈരിൽ യോജിപ്പിച്ച് കാലിൽ തേച്ചുപിടിപ്പിക്കുക. ഉണങ്ങുമ്പോൾ കഴുകി കളയാം. വിണ്ട് കീറിയ കാൽ പാദങ്ങൾക്കും വരണ്ട ചർമത്തിനും പഴുത്ത ഏത്തപ്പഴവും കറ്റാർവാഴ നീരും ഒലീവ് എണ്ണയിൽ യോജിപ്പിച്ച് തേയ്ക്കുക. ചർമം ലോലമാകും. ശേഷം മോയ്ചറൈസിംഗ് ക്രീം പുരട്ടി കാല് സുന്ദരമാക്കാം. ഇത് ആഴ്ചയിൽ ഒരിക്കൽ നിർബന്ധമായും ചെയ്തിരിക്കുക.

പാലും തേനും
ആരോഗ്യവും സൗന്ദര്യവും ഒരുപോലെ വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഒന്നാണ് പാലും തേനും. ഇവ സമാസമം ചേർത്ത് കൈകളിൽ പുരട്ടി പതിനഞ്ച് മിനിട്ടിന് ശേഷം കഴുകി കളയുക. ഇത് കൈകളിലെ കരുവാളിപ്പിനെ ഇല്ലാതാക്കുന്നു. മാത്രമല്ല ഇത് മൃതകോശങ്ങളെ ഇല്ലാതാക്കി ചർമ്മത്തിന് തിളക്കം നൽകാനും സഹായിക്കും. തേനിൽ അടങ്ങിയിട്ടുള്ള ആന്റി ബാക്ടീരിയൽ ഘടകങ്ങൾ ആണ് ഇത്തരം പ്രശ്നങ്ങളെ ഇല്ലാതാക്കി ചർമ്മത്തിന് തിളക്കം നൽകാൻ സഹായിക്കുന്നത്. പാലിൽ ധാരാളം വിറ്റാമിനുകളും പ്രോട്ടീനുകളും അടങ്ങിയിട്ടുണ്ട്. ഇത് കൈകളെ മൃദുവാക്കുകയും ചെയ്യുന്നു. വെറുതെ പാൽ കൈകളിലും കാലുകളിലും തേയ്ച്ചു പിടിപ്പിക്കുന്നത് നല്ലതാണ്. ഒരു ടീസ്പൂൺ തേനും ചെറുനാരങ്ങാനീരും ഒരു ടീസ്പൂൺ പാൽപൊടിയും ചേർത്ത് പേസ്റ്റാക്കുക. ഇത് കൈകളിലും കാലുകളിലും പുരട്ടി 20 മിനിട്ട് വയ്ക്കാം. ശേഷം കഴുകി കളയുക. കടലമാവ്, പാൽ, ചെറുനാരങ്ങാനീര് എന്നിവ ചേർത്ത് പേസ്റ്റാക്കുക. ഇത് കൈകളിൽപുരട്ടി ഉണങ്ങുന്നതുവരെ വയ്ക്കുക. ശേഷം കഴുകി കളയുക. വെയിലേറ്റുണ്ടാകുന്ന കരിവാളിപ്പ് മാറികിട്ടും.

വെള്ളരിക്കാ നീര്
വെള്ളരിക്ക നല്ലൊരു ആസ്ട്രിജന്റായി പ്രവർത്തിക്കുന്നു. വെള്ളരിക്കാനീരിൽ അൽപം നാരങ്ങാനീര് ചേർത്ത് കൈയ്യിലും കാലിലും തേച്ച് പിടിപ്പിക്കുക, ഇരുണ്ട നിറമെന്ന പ്രശ്നത്തെ അകറ്റി ചർമ്മത്തിന്  നിറം വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. ചർമ്മം തിളക്കമുള്ളതാക്കി മാറ്റുന്നു. ചെറുനാരങ്ങാനീരും വെള്ളരിക്കാനീരും ഒരു നുള്ള്  മഞ്ഞൾപ്പൊടിയും ചേർത്ത് പേസ്റ്റാക്കി കൈയിൽ തേയ്ക്കാം. വെയിലേറ്റുണ്ടാകുന്ന കരിവാളിപ്പുകൾ മാറികിട്ടും.

കറ്റാർ വാഴ
കറ്റാർ വാഴ ജെല്ലിയിൽ അൽപം നാരങ്ങാനീരും ചേർത്ത് കൈകളിലും കാലുകളിലും തേച്ച് പിടിപ്പിക്കുക. കൈകളിലെ കരുവാളിപ്പ് അകറ്റി തിളക്കം വർദ്ധിപ്പിക്കുന്നു. കറ്റാർ വാഴയുടെ ജെല്ല് ഉരുളക്കിഴങ്ങ് നീരിലോ വെള്ളരിക്കാ ജ്യൂസിലോ ചേർക്കുക. ഇത് കൈകളിൽ പുരട്ടാം, നല്ലൊരു സൺസ്‌ക്രീനാണിത്.

ഉരുളക്കിഴങ്ങ് നീര്
കറിക്കരിയുമ്പോഴുണ്ടാകുന്ന കറകൾ വീട്ടമ്മമാരുടെ കൈകൾക്ക് ഒരു പ്രധാന ശത്രുവാണ്. ഉരുളക്കിഴങ്ങ് നീരിലൂടെ ഈ പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്താം. ഉരുളക്കിഴങ്ങ് നീരിൽ അൽപം തേനും ചേർത്ത് കൈകളിലും കാലിലും തേച്ച് പിടിപ്പിക്കുക. ചർമ്മത്തിലെ കറുത്ത പാടുകളെ ഇല്ലാതാക്കി ചർമ്മത്തിന് നിറവും തിളക്കവും നൽകുന്നു. ഉരുളക്കിഴങ്ങ് അരച്ചു പുരട്ടുന്നതും കൈകൾക്കും കാലുകൾക്കും നിറം നൽകും.

വെളിച്ചെണ്ണ
കൈകാലുകൾക്ക് നിറം വർദ്ധിപ്പിക്കാൻ വെളിച്ചെണ്ണ ഉപയോഗിക്കാം. വെളിച്ചെണ്ണയിൽ അൽപം തേൻ ചേർത്ത് കൈകളിൽ നല്ലത് പോലെ തേച്ച് പിടിപ്പിക്കാവുന്നതാണ്. അര മണിക്കൂർ കഴിഞ്ഞ് കഴുകി കളയുക. ആഴ്ചയിൽ മൂന്ന് ദിവസം ഇത് ശീലമാക്കാം. ചർമ്മം കൂടുതൽ മൃദുവാകാനും കറുത്ത പാടുകൾ പോകാനും ഇത് സഹായിക്കും.

അരിമാവും ഓറഞ്ച് തൊലിയും
അരിമാവും ഓറഞ്ച് തൊലി ഉണക്കി പ്പൊടിച്ചതും എല്ലാ വിധത്തിലും ചർമ്മത്തിന് തിളക്കം നൽകാൻ സഹായിക്കുന്ന ഒരു മാർഗമാണ്. ചർമ്മത്തിലെ ടാൻ നീക്കാൻ അരിമാവും ഓറഞ്ച്  തൊലിയും തേനിൽ ചേർത്ത്  തേച്ച് പിടിപ്പിക്കാവുന്നതാണ്. ഓറഞ്ച് തൊലി പൊടിച്ചെടുത്ത് പാലിൽ ചേർത്ത് കട്ടിയുള്ള പേസ്റ്റാക്കിയെടുക്കുക. ഇത് കൈകളിൽ പുരട്ടാം. 20 മിനിട്ട് കഴിഞ്ഞ് കഴുകാം. കറുത്ത പാടുകൾ എല്ലാം തന്നെ മാറി കിട്ടും. കടലപ്പൊടിയിൽ മഞ്ഞൾപ്പൊടിയും ഓറഞ്ച് തൊലി ഉണക്കി പൊടിച്ചതും പാലും ചേർത്ത് പേസ്റ്റാക്കി തേയ്ക്കാം. പതിനഞ്ച് മിനിറ്റിനുശേഷം കഴുകി കളയുക. നിറം വർദ്ധിക്കാൻ ഇത് നല്ലൊരു ഒറ്റമൂലിയാണ്.

ചെറുനാരങ്ങാനീര്
ബ്ലീച്ചിംഗ് ഗുണമുള്ള ചെറുനാരങ്ങാനീര് കൈകൾക്ക് നിറം നൽകും. കൈകളിലേയും കാലുകളിലേയും അഴുക്ക് നീക്കം ചെയ്യാൻ ഇവ സഹായിക്കും. പോരാത്തതിന് കറിക്കരിയുമ്പോൾ കൈകളിലുണ്ടാകുന്ന കറ നീക്കം ചെയ്യാനും ഇവ സഹായിക്കും. ഇതിനായി ചെറുനാരങ്ങാ നീര് വെറുതേ കൈയിൽ തേച്ച് പിടിപ്പിക്കുക. കൈകൾക്കും കാലുകൾക്കും നിറം വർദ്ധിപ്പിക്കുന്നതിന് ചെറുനാരങ്ങാ നീരും പാൽപ്പൊടിയും തേനും ചേർത്ത് പേസ്റ്റാക്കി പുരട്ടാം. ചന്ദനപ്പൊടിയിൽ തക്കാളി, വെള്ളരിക്ക,ചെറുനാരങ്ങാനീര് എന്നിവ ചേർത്ത് പേസ്റ്റാക്കുക. ഇത് കൈകാലുകളിൽ പുരട്ടി 15 മിനിറ്റിന് ശേഷം കഴുകി കളയുക. പപ്പായ കൈകളുടെ നിറം വർദ്ധിപ്പിക്കാനുള്ള ഒരു മികച്ച വഴിയാണ്. പഴുത്ത പപ്പായ കുഴമ്പാക്കി കൈകളിൽ പുരട്ടാം. കൈകൾക്ക് തിളക്കം ലഭിക്കും.
പ്രത്യേകം ശ്രദ്ധിക്കുക