നിലവിൽ സുപ്രീംകോടതി വിധി വന്നതുമൂലം ശബരിമലയിൽ കാതലായ മാറ്റം ഉണ്ടാകും.നിലവിലുള്ള സൗകര്യങ്ങൾ തന്നെ സീസൺ സമയത്ത് മതിയാകാത്ത അവസ്ഥയാണ്. 8, 10 മണിക്കൂർ ക്യൂവിൽ കാത്തുനിന്ന് തളർന്ന് വരുന്ന സ്ത്രീകൾക്ക് ദർശനം നൽകുന്നതിന് അധികൃതർക്ക് വളരെയധികം പ്രയാസങ്ങൾ തരണം ചെയ്യേണ്ടിവരും. ഇപ്പോഴത്തെ നിലയിൽ പമ്പ ഇല്ലാതായിരിക്കുകയാണ്. സ്ത്രീകളും കൂടെ വന്നാൽ എവിടെ പാർപ്പിക്കും എന്നത് വലിയ വിഷമം തന്നെയാണ്.കലിയുഗവരദനായ സാക്ഷാൽ അയ്യപ്പൻ ഇതിന് പരിഹാരം കാണും. തീർച്ചയാണ്. മാറിമാറിവരുന്ന ഗവൺമെന്റിനും ദേവസ്വം ബോർഡിനും ശബരിമലയിൽ ചെയ്യാവുന്ന കാര്യങ്ങൾക്ക് പരിമിതികളുണ്ട്.
സ്ത്രീകളെ മല കയറാൻ അനുവദിക്കുന്നതിനാൽ ഇനി കുടുംബമായി ദർശനം ചെയ്യാൻ സാധിക്കും. എന്നാൽ സ്ത്രീപ്രവേശനം ഗുണദോഷ സമ്മിശ്രവുമായിരിക്കും. സീസൺ സമയത്താണ് ഇവിടെ പ്രശ്നങ്ങൾ ഉണ്ടാകുന്നത്. അതിന് പരിഹാരമായി എല്ലാമാസവും 15 ദിവസം നട തുറന്നാൽ തിരക്ക് കൂടാതെ മനഃസമാധാനത്തോടുകൂടി കുടുംബമായി ദർശനം ചെയ്യാൻ ഇതുകൊണ്ടു സാധിക്കും. ഇൗ സമയത്ത് ചെറിയ വണ്ടികൾ പമ്പവരെ പോകുന്നതിന് തടസം ഉണ്ടാകില്ല. വലിയ വണ്ടികൾ നിലയ്ക്കൽ പാർക്ക് ചെയ്യണം.
എല്ലാം അറിയുന്ന കലിയുഗവരദനായ അയ്യപ്പൻ ഇപ്പോഴത്തെ കാലത്തിന്റെ മാറ്റം ഉൾക്കൊണ്ട് യോഗനിദ്രയിൽ നിന്ന് ഉണർന്ന് ഭക്തജനങ്ങളെ കാത്തുകൊള്ളുന്നതിന് വേണ്ടി തീരുമാനം എടുത്തതാണെങ്കിൽ തിരുപ്പതി ക്ഷേത്രം മോഡലിൽ ശബരിമലയും ആക്കി തീർക്കാൻ സാധിക്കും. 365 ദിവസവും ദർശനം ഉണ്ടായിരിക്കും എന്നത് വലിയ കാര്യമാണ്. ഇപ്പോഴത്തെ സ്ത്രീവിഷയം ഒരു പ്രശ്നമേ ആയിരിക്കില്ല എന്നതാണ് സത്യം. സമ്പത്തിന്റെ കാര്യത്തിൽ ദേവസ്വം ബോർഡ് രക്ഷപ്പെടുകയും ചെയ്യും. എന്തായാലും സ്ത്രീപ്രവേശനത്തോടെ നിലവിലുള്ള ആചാരാനുഷ്ഠാനങ്ങൾക്ക് മാറ്റം ഉണ്ടാകും. ഇത് വലിയ ഒരു മാറ്റത്തിന് വഴി തുറക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു.
ഡോ. കെ. മുരളീധരൻ നായർ,
ശബരിമല വാസ്തു കൺസൾട്ടന്റ്
പ്രസിഡന്റ്, വാസ്തുശാസ്ത്ര വിജ്ഞാനപീഠം