കഥ ഇതുവരെ
കോഴഞ്ചേരിയിലെ പിങ്ക് പോലീസ് എസ്.ഐയാണ് വിജയ. അവർക്കും സമാന ചിന്താഗതിക്കാരായ അഞ്ച് എസ്.ഐമാർക്കും ഒരു വാട്സ് ആപ്പ് ഗ്രൂപ്പുണ്ട്. റെഡ്! അനീതിയും അക്രമവും തടയാൻ ആവാതെ വന്നപ്പോൾ അവർ സമാന്തര പോലീസായി.
സായാഹ്ന പത്രത്തിന്റെ ഉടമയായ തന്റെ അച്ഛൻ വാസുദേവനെ, ആഭ്യന്തരമന്ത്രിയുടെ നിർദ്ദേശാനുസരണം ആക്രമിച്ച ഗുണ്ട കരടിവാസുവിനെ വിജയ ക്രൂരമായി നേരിട്ടു.
കൂട്ടുകാരി പ്രസീതയെ ബലമായി കാറിൽ കയറ്റിക്കൊണ്ടുപോയ ആഭ്യന്തരമന്ത്രി രാജസേനന്റെ മകൻ രാഹുലിൽ നിന്ന് അവൾ കൂട്ടുകാരിയെ രക്ഷിച്ചു.
ആ സംഭവത്തിൽ മന്ത്രിക്ക് കസേര തെറിച്ചു. അയാൾക്ക് വിജയയോടും കുടുംബത്തോടും പകയായി. അമ്മിണി എന്ന വനിതാ ഗുണ്ടയുടെ സഹായത്തോടെ മന്ത്രി പ്രസീതയെയും ഭർത്താവിനെയും കൊലപ്പെടുത്തി. ഓട്ടോ ഡ്രൈവറെ പിടിച്ചുകൊണ്ടുപോയി വിജയയും സംഘവും സത്യം പറയിപ്പിച്ചു.
പക്ഷേ കൊലയാളിസംഘവും ക്രൂരമായി വധിക്കപ്പെട്ടു...
എസ്.പി അരുണാചലം കേസ് ഏറ്റെടുക്കുന്നു.
തുടർന്നു വായിക്കുക...
''നോ..' അലറിക്കൊണ്ട് വിജയ മുന്നോട്ടു കുതിച്ചു.
ജനങ്ങൾ ഞെട്ടിത്തിരിഞ്ഞു നോക്കി.
അപ്പോഴേക്കും രണ്ടാമത്തെ ടിപ്പറും അവളെ കടന്നുപോയി.
റോഡിൽ....
ഒന്നുകൂടി നോക്കാനുള്ള കരുത്തില്ലായിരുന്നു വിജയയ്ക്ക്.
ചോര തീർത്ത വലയത്തിനുള്ളിൽ അമ്മയും കുട്ടിയും..!
ഇരുവരുടെയും ശരീരത്തു കൂടിയാണ് ടിപ്പറുകൾ കയറിയിറങ്ങിയത്.
ഒരു പിടച്ചിൽ പോലുമില്ല!
ആളുകൾ ഓടിയടുത്തു.
ലോറി പോയ ഭാഗത്തേക്കു വിജയ നോക്കി. കോഴഞ്ചേരി ജംഗ്ഷനിൽ നിന്ന് ഇടത്തേക്കു തിരിഞ്ഞ് തിരുവല്ല ഭാഗത്തേക്കാണു ടിപ്പറുകളുടെ പാച്ചിൽ...
വിജയ, ടൊയോട്ടയ്ക്കു നേരെ ഓടി...
''വേഗം കേറ്. ക്വിക്ക്.'
അവൾ വനിതാ പോലീസിനോട് വിളിച്ചു പറഞ്ഞു.
ഒപ്പം ഡ്രൈവർ സീറ്റിലേക്കു കയറാൻ ഭാവിച്ച സുമത്തിനെ വലിച്ചുമാറ്റിയിട്ട് സ്റ്റീയറിംഗ് വീലിനു പിന്നിലെത്തി.
''സുമം... നീ പിറകിൽ കയറിക്കോ...''
എസ്.ഐ വിജയ ടൊയോട്ട സ്റ്റാർട്ടു ചെയ്തു.
മൃതദേഹങ്ങൾ റോഡിൽ കിടക്കുന്നതിനാൽ നേരെ പോകാനാവില്ല. അവൾ കാർ ഇടത്തേക്കു തിരിച്ചു.
ഹെഡ് ലൈറ്റും തെളിച്ച് സൈറനുമിട്ടുകൊണ്ട് കാർ ബസ് സ്റ്റാന്റ് റോഡിലേക്ക് ഓടിച്ചുകയറ്റി.
അവിടെ ഓട്ടം കാത്തുകിടന്നിരുന്ന ബസ്സുകൾക്ക് ഇടയിലൂടെ..
പോലീസ് വണ്ടിയുടെ വരവു കണ്ട് ജനം ഇരുവശത്തേക്കും ഓടിമാറി...
ടൊയോട്ട മെയിൻ റോഡിൽ എത്തി ഇടത്തേക്കു വെട്ടിത്തിരിഞ്ഞു.
പമ്പയാറിനു കുറുകെയുള്ള പാലത്തിനപ്പുറം പിന്നിലെ ടിപ്പർ ലോറിയുടെ പിറകുവശം കണ്ടു.
അവൾ ആക്സിലേറ്റർ ഒന്നുകൂടി ആഞ്ഞമർത്തി. ഹോൺ നിറുത്താതെയടിച്ചു.
അക്കരെ നിന്നു പാലത്തിലേക്കു കയറാൻ ഭാവിച്ച ചമ്പക്കര ബസ്സിന്റെ ഡ്രൈവർ വേഗം ഒരു ഭാഗത്തേക്കൊഴിച്ച് വഴി കൊടുത്തു.
എതിരെ വരുന്ന വാഹനങ്ങളിലുള്ളവർ സ്ളോ ചെയ്ത് പിന്നോട്ടു തിരിഞ്ഞുനോക്കി. ടിപ്പറുകാരെ തെറിവിളിക്കുന്നത് കാണാമായിരുന്നു...
''നിർമ്മലേ...' വിജയ പറഞ്ഞു.
''നീ എസ്.പി സാറിന് മെസേജ് നൽക്. നമ്മൾ ടിപ്പറുകളുടെ പിന്നാലെയുണ്ടെന്ന്.'
സി.പി.ഒ നിർമ്മല അങ്ങനെ ചെയ്തു.
''അവരെ വിടരുത്.' അപ്പുറത്തു നിന്നു മറുപടിയും കിട്ടി.
ടൊയോട്ടയും ടിപ്പറുകളും തമ്മിലുള്ള അകലം കുറഞ്ഞുവന്നു.
പുല്ലാട് ജംഗ്ഷൻ.
അവിടെ നിന്നു വലത്തേക്ക് മല്ലപ്പള്ളി റോഡ്.
ടിപ്പറുകൾ അവിടേക്കു തിരിഞ്ഞു. എതിരെ വന്ന ഒരു ഓട്ടോയിൽ മുന്നിലെ ടിപ്പർ ഉരസ്സി.
ഓട്ടോ ഒരുവശം ചരിഞ്ഞു മറിഞ്ഞു.
ആ ഗ്യാപ്പിലൂടെ വിജയ ടെയോട്ട മുന്നോട്ട് ഓടിച്ചുകയറ്റി.
രണ്ട് ലോറികൾക്കും മുന്നിൽ എത്തിയതോടെ റോഡിനു നടുവിൽ ഇടത്തേക്കു തിരിച്ച് കുറുകെ നിർത്തി.
''എടുത്തുമാറ്റെടീ വണ്ടി.'
മുന്നിലെ ടിപ്പറിന്റെ ഡ്രൈവർ തല പുറത്തേക്കു നീട്ടി അട്ടഹസിച്ചു.
വിജയ അത് ശ്രദ്ധിച്ചില്ല.
ടിപ്പറിനു പിന്നിലൂടെ ഓട്ടോറിക്ഷ ഡ്രൈവറന്മാരുടെ ഒരു കൂട്ടം പാഞ്ഞടുക്കുന്നതു കണ്ടു.
അതിനിടെ വിജയ ടിപ്പറിന്റെ ഫുട് റസ്റ്റിൽ ചവുട്ടി, കമ്പിയിൽ പിടിച്ച് മേലേക്കുയർന്നു.
ഡോർ വലിച്ചു തുറന്നു.
ഡ്രൈവർ പെട്ടെന്ന് ജാക്കി ലിവർ വലിച്ചെടുക്കാനാഞ്ഞു.
പക്ഷേ അയാൾക്ക് അതിനുള്ള നേരം കൊടുത്തില്ല വിജയ.
ചീറ്റപ്പുലിയെപ്പോലെ അയാളുടെ ഷർട്ടിൽ കുത്തിപ്പിടിച്ച് അവൾ തന്റെ തലയ്ക്കു മുകളിലൂടെ പിറകിലേക്കു മറിച്ചു.
റോഡിൽ പുറമടിച്ച് അയാൾ മലർന്നു വീണു.
വിജയ വീണ്ടും റോഡിലേക്കു ചാടി. ഡ്രൈവറുടെ നെഞ്ചിൽ ആഞ്ഞാഞ്ഞു ചവുട്ടി. അവളുടെ കാലിൽ പിടിച്ചു മറിക്കാനുള്ള ഡ്രൈവറുടെ ശ്രമവും പാഴായി...
വനിതാ പോലീസുകാരും അയാളെ വളഞ്ഞിട്ടാക്രമിച്ചു.
പിറകിലെ ലോറിഡ്രൈവറെ ഓട്ടോക്കാർ കൈകാര്യം ചെയ്തു തുടങ്ങിയിരുന്നു..
വിജയ ആദ്യത്തെ വണ്ടിയുടെ ഡ്രൈവറെ വലിച്ചുയർത്തി ലോറിയുടെ ഫ്രണ്ട് ടയറിലേക്കു ചാരി.
ശേഷം കാൽമുട്ടു മടക്കി ഒറ്റയിടി.
അയാളുടെ അടിവയറ്റിൽ....
''ഒരു പാവം സ്ത്രീയെയും കുഞ്ഞിനെയും കൊന്നിട്ട് നീ ആർക്ക് കൊള്ളിവയ്ക്കാൻ പോകുകയാടാ?'
എന്തോ പറയാനായി ഡ്രൈവർ വാ തുറന്നു. പക്ഷേ പുറത്തേക്കു വന്നത് കൊഴുത്ത ചോരയാണ്!
''സാറമ്മാരൊന്നു മാറിത്താ. ഇവന്റെ കാര്യം ഞങ്ങളേറ്റു.' ഓട്ടോക്കാരും ഡ്രൈവറെ വളഞ്ഞു. (തുടരും)