തിരുവനന്തപുരം: ബിസിനസ് പങ്കാളിത്തം വാഗ്ദാനം ചെയ്ത് കാൽക്കോടിയിലധികം രൂപ തട്ടിയ കേസിൽ തൃശൂർ കുന്നംകുളം പൊലീസിന്റെ പിടിയിലായ തിരുവനന്തപുരം പോത്തൻകോട് അണ്ടൂർക്കോണം വെള്ളങ്കൊല്ലി ഹൗസിൽ പ്രിയ (31) തട്ടിപ്പിൽ വമ്പത്തി! ഒരു വർഷം മുമ്പ് ബാങ്ക് വായ്പ വാഗ്ദാനം ചെയ്ത് പോത്തൻകോട് സ്വദേശികളായ നാല് സ്ത്രീകളിൽ നിന്ന് പന്ത്രണ്ട് ലക്ഷം രൂപ തട്ടിയെടുത്ത് കടന്ന പ്രിയ പിടിയിലായതോടെ കഴിഞ്ഞ ഏതാനും മാസങ്ങൾക്കകം തൃശൂരിൽ വിവിധ ഭാഗങ്ങളിലായി നടന്ന നിരവധി തട്ടിപ്പുകൾക്കും തുമ്പായി. പോത്തൻകോട്ട് ടെക്‌സ്റ്റൈൽ സ്ഥാപനം നടത്തിവരവേ കഴിഞ്ഞ വർഷമാണ് പ്രിയ നാട്ടുകാരായ നാല് സ്ത്രീകളെ സ്വകാര്യ ബാങ്കിൽ നിന്ന് വായ്പ തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞ് പറ്റിച്ചത്. വനിതകളുടെ ഗ്രൂപ്പിന് ബാങ്കിൽ നിന്ന് പത്ത് ലക്ഷം രൂപ വായ്പ നൽകുന്നതായി വാഗ്ദാനം ചെയ്താണ് പ്രിയയും സുഹൃത്തായ സിന്ധുവും നാലു സ്ത്രീകളിൽ നിന്നായി പന്ത്രണ്ട് ലക്ഷം രൂപ തട്ടിയെടുത്തത്. പിന്നീട് ഇവർ ഇവർ മുങ്ങി. വെഞ്ഞാറമൂട് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത് കേസിൽ സിന്ധുവിനെ മാത്രമാണ് അന്ന് പിടികൂടാനായത്. ഭർത്താവുമായി ബന്ധം വേർപിരിഞ്ഞുനിന്ന പ്രിയ കുട്ടികളുമായി നാടുവിട്ടു. കുറച്ച് കാലം തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിൽ ഒളിവിൽ കഴിഞ്ഞു. ഏതാനും മാസങ്ങൾക്ക് ശേഷം ഗുരുവായൂരിലെത്തിയ പ്രിയ അവിടെ വാടകയ്ക്ക് വീടെടുത്ത് താമസമാക്കി. മക്കളുമായി അവിടെ കഴിഞ്ഞുവരവേ ഫേസ് ബുക്ക് ചാറ്റിംഗിലൂടെ പരിചയപ്പെട്ട പ്രവാസി കേച്ചേരി കിരാലൂർ സ്വദേശി അനിൽ കുമാറിനെ 21 ലക്ഷം രൂപ പറ്റിച്ചു. അനിൽകുമാർ ഗൾഫിൽ നിന്ന് മടങ്ങിയെത്തിയപ്പോൾ സ്വർണക്കടയുടെ പാർട്ണറാക്കാമെന്ന് ധരിപ്പിച്ചായിരുന്നു തട്ടിപ്പ്. അനിലിന് പുറമേ ഇയാളുടെ ബന്ധുക്കളായ ചിലരിൽ നിന്നും പാർട്ണർഷിപ്പ് വാഗ്ദാനം ചെയ്ത് പണം തട്ടി. ബിസിനസ് പാർട്ണറാക്കാമെന്ന് പറഞ്ഞ് ഇതിൽ ഒരാളുടെ മകനെ വിവാഹതട്ടിപ്പിൽ കുടുക്കാനും പ്രിയ നീക്കം നടത്തി. പോത്തൻകോട്ട് തന്റെ കുടുംബത്തിന് ഏക്കർകണക്കിന് വസ്തുക്കളുണ്ടെന്നും കുറേനാളായി വീട്ടുകാരുമായി പിണങ്ങിക്കഴിയുന്ന താൻ വിവാഹം കഴിച്ചതായി അവരെ ബോദ്ധ്യപ്പെടുത്തിയാൽ തന്റെ സ്വത്തുക്കൾ ഭാഗം വച്ച് നൽകാമെന്ന് ചില ബന്ധുക്കളോട് മാതാപിതാക്കൾ അറിയിച്ചിട്ടുണ്ടെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്.
വാക്ക് വിശ്വസിച്ച് പാർട്ണർമാരിൽ ഒരാളുടെ മകൻ പ്രിയയ്‌ക്കൊപ്പം ക്ഷേത്രത്തിലെത്തി വിവാഹമാല അണിഞ്ഞ് ഫോട്ടോയ്ക്ക് പോസ് ചെയ്തു.എന്നാൽ ഇതിനുശേഷമുള്ള പ്രിയയുടെ സംസാരത്തിലും പെരുമാറ്റത്തിലും സംശയം തോന്നിയ ഇവർ ജുവലറി ബിസിനസിന് നിക്ഷേപിച്ച പണം തിരികെ ചോദിച്ചെങ്കിലും നൽകിയില്ല. ഇതിനിടെ ജുവലറിയുടെ പെയിന്റിംഗിനും മറ്റും വന്ന ജോലിക്കാരുടെ സഹായത്തോടെ അവരുടെ പരിചയത്തിലുള്ള ചിലരെ ഉടൻ ആരംഭിക്കാൻ പോകുന്ന ധനകാര്യ സ്ഥാപനത്തിന്റെ പാർട്ണറാക്കാമെന്ന പറഞ്ഞും പണം തട്ടി. തൃശൂരിൽ വില്പനക്ക് വച്ചിരുന്ന ഒരു റെഡിമെയ്ഡ് സ്ഥാപനം വാങ്ങാനെന്ന പേരിൽ ഒരുലക്ഷം രൂപ അഡ്വാൻസ് നൽകി ഏറ്രെടുത്ത പ്രിയ, കടയിലുണ്ടായിരുന്ന പത്തുലക്ഷത്തോളം രൂപയുടെ തുണികൾ വിറ്റു പണവുമായി മുങ്ങി. സ്വന്തം മക്കളെ ഓർഫനേജിൽ നിന്ന് താനേറ്റെടുത്ത് വളർത്തുന്നതാണെന്ന് ധരിപ്പിച്ചും പലരിൽ നിന്നും പണം വാങ്ങി. ആർഭാടം, കറക്കം ആളുകളിൽ നിന്ന് തട്ടിയെടുക്കുന്ന പണം ആർഭാട ജീവിതത്തിനാണ് പ്രിയ ചെലവഴിക്കുന്നത്. ബ്യൂട്ടി പാർലറുകളിൽ പോയി മേക്കപ്പ് നടത്തിയും വിലകൂടിയ വസ്ത്രങ്ങൾ ധരിച്ചും ആഡംബര വാഹനങ്ങളിൽ ടൂറുകൾ നടത്തിയും അടിച്ചുപൊളിച്ചു കഴിയുന്നതിനിടെയാണ് പൊലീസിന്റെ വലയിലായത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്ത പ്രിയയെ കൂടുതൽ പരാതികൾ ലഭിച്ചാൽ കസ്റ്റഡിയിൽ വാങ്ങുമെന്ന് കുന്നംകുളം പൊലീസ് പറഞ്ഞു.പോത്തൻകോട്ടെ തട്ടിപ്പ് കേസിൽ വെഞ്ഞാറമൂട് പൊലീസും ഉടൻ കസ്റ്റഡിയിൽ വാങ്ങും.