jagan-mohan

കോയമ്പത്തൂർ : തമിഴ്നാടിന്റെ പ്രയപ്പെട്ട രണ്ട് രൂപ ഡോക്ടർ വിടവാങ്ങി, അവസാനമായി ഒരു നോക്ക് കാണാൻ ഒഴുകിയെത്തിയത് ആയിരങ്ങൾ. കോയമ്പത്തൂരിലെ സിദ്ധാപുത്തൂരിലെത്തുന്നവരിൽ അധികം പേരും ഡോക്ടർ ജഗൻ മോഹനെ കാണാനായിരുന്നു. തുടക്കകാലത്ത് ഒരു രൂപയായിരുന്നു ഡോക്ടർ ഫീസായി രോഗികളിൽ നിന്നും വാങ്ങിയിരുന്നത്. പിന്നീട് രണ്ട് രൂപയായി ഫീസുയർന്നു ഈ കാലത്താണ് രണ്ട് രൂപ ഡോക്ടർ എന്ന പേരിൽ ഡോക്ടറുടെ പേര് തമിഴ്നാട്ടിലും പുറത്തുമുള്ള മാദ്ധ്യമങ്ങളിൽ നിറഞ്ഞത്. അടുത്ത കാലത്തായി ഫീസ് 20 രൂപയാക്കിയെങ്കിലും ഇവിടെ ആശ്വാസം തേടിയെത്തിയ ആയിരക്കണക്കിന് രോഗികൾക്ക് അതൊരു ബുദ്ധിമുട്ടായിരുന്നില്ല. കാരണം ഫീസ് വാങ്ങുന്ന കാര്യത്തിൽ ഡോക്ടർക്ക് നിർബന്ധമില്ലായിരുന്നു. കഴിഞ്ഞ ദിവസം ഹൃദയാഘാതത്തെ തുടർന്നാണ് പാവങ്ങളുടെ കാണപ്പെട്ട ദൈവം യാത്രയായത്. ഡോക്ടറെ അവസാനമായി ഒരു നോക്ക് കാണാനെത്തിയവർ കണ്ണീരണിഞ്ഞ് മടങ്ങുമ്പോൾ ഇവർക്ക് മുന്നിൽ ഇനിയൊരു ആശ്രയം ആരെന്ന ചോദ്യം ബാക്കിയാവുന്നു.