വ്യവസായ വകുപ്പിൽ ബന്ധുനിയമ വിവാദത്തിൽ പെട്ട് മന്ത്രിപദവി ഒരിക്കൽ ഉപേക്ഷിക്കേണ്ടി വന്ന മന്ത്രി ഇ.പി.ജയരാജന് നേരെ അതേ ഗണത്തിൽപെട്ട ആരോപണവുമായി വി.ടി.ബൽറാം. സംസ്ഥാന വ്യവസായ വികസന കോർപ്പറേഷനിലേക്ക് പി.ആർ.ഒ.യുടെ ഒഴിവിലേക്ക് നിയമനം നടത്തുവാൻ നൽകിയ പത്രപ്പരസ്യമാണ് പുതിയ ചർച്ചകൾക്ക് വഴിവച്ചിരിക്കുന്നത്. മാദ്ധ്യമപ്രവർത്തകനായ ടി.സി.രാജേഷ് ഫേസ്ബുക്കിലിട്ട പോസ്റ്റ് ഷെയർ ചെയ്താണ് വി.ടി.ബൽറാം വ്യവസായ വകുപ്പിൽ വീണ്ടും ''ചിറ്റപ്പൻ നിയമന'ങ്ങൾക്ക് നീക്കം നടക്കുന്നതായി ആരോപിക്കുന്നത്. പി.ആർ.ഒ.യുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുമ്പോൾ വേണ്ട മിനിമം വിദ്യാഭ്യാസ യോഗ്യതകളായ ജേർണലിസമോ മാസ് കമ്യൂണിക്കേഷനെ പറ്റിയോ പരാമർശിക്കുന്നില്ലെന്നാണ് ടി.സി.രാജേഷ് ഫേസ്ബുക്കിൽ അഭിപ്രായപ്പെടുന്നത്.
അതേ സമയം സെക്രട്ടേറിയറ്റിൽ സെക്ഷൻ ഓഫീസർ അല്ലെങ്കിൽ അണ്ടർ സെക്രട്ടറിയായി 20 വർഷം ജോലി ചെയ്തിരിക്കണം എന്ന യോഗ്യതയാണ് നിഷ്‌കർഷിച്ചിരിക്കുന്നത്. കൂടാതെ പ്രായപരിധി 58 വയസ് വരെയാക്കിയത് വിരമിച്ചതോ ഉടൻ വിരമിക്കാനിരിക്കുന്നതോ ആയ ആർക്കോ വേണ്ടി ഉണ്ടാക്കിയിരിക്കുന്ന തസ്തികയാണെന്ന സംശയവും ഉയർത്തുന്നുണ്ട്.