പ്രണയത്തിന്റെ പുതിയ നിർവചനങ്ങൾ തേടിയുള്ള യാത്രകളിൽ ഏറ്റവും ഒടുവിലായി പ്രേക്ഷകർക്ക് മുന്നിൽ എത്തുന്ന സിനിമയാണ് നവാഗതനായ വിജേഷ് വിജയ് സംവിധാനം ചെയ്ത 'മന്ദാരം'. മെക്കാനിക്കൽ എൻജിനീയറിംഗ് ബിരുദധാരി കൂടിയായ സംവിധായകൻ തന്റെ ആദ്യ സിനിമയിലെ നായകനായ യുവതാരം ആസിഫ് അലിയേയും അത്തരത്തിലൊരു മെക്കാനിക്കൽ വിദ്യാർത്ഥിയുടെ രൂപത്തിലാണ് അവതരിപ്പിച്ചിരിക്കുന്നത്. പ്രണയപരാജയങ്ങളുടെ യാത്രയ്ക്കൊടുവിൽ കൊടുമുടികൾ കയറി കൈലാസത്തിലെത്തി നിൽക്കുന്ന സിനിമയ്ക്ക് ഒരു ആത്മീയതയുടെ രൂപവും ഭാവവും കൈവന്നിരിക്കുന്നത് പ്രേക്ഷകർക്ക് അനുഭവിച്ച് അറിയാനാകും.
എൻജിനിയറിംഗ് വിദ്യാർത്ഥിയായ രാജേഷിന്റെ പ്രണയജീവിതത്തിന്റെ വേറിട്ട സഞ്ചാരമാണ് സിനിമയുടെ ആകെത്തുക. സ്കൂൾ കാലത്ത് തുടങ്ങുന്ന പ്രണയം കോളേജ് തലത്തിലൂടെ വളർന്ന് വിവിധ ഘട്ടങ്ങൾ പിന്നിട്ട് അന്ത്യത്തിലെത്തുന്നു. പ്രണയ പരാജയങ്ങളുടെ പത്മവ്യൂഹത്തിൽ പെട്ട് ഉഴലുന്ന രാജേഷിന്റെ ജീവിതത്തിൽ വീണ്ടും എന്ത് വേണമെങ്കിലും സംഭവിക്കാവുന്ന തരത്തിലാണ് സിനിമയുടെ സഞ്ചാരഗതി. ഓരോ പ്രണയം പൊളിയുമ്പോഴും സ്വയമൊരു തടവറ തീർത്ത് അതിലേക്ക് ഒതുങ്ങിക്കൂടുന്ന നായകൻ തന്നെ പലപ്പോഴും ആ തടവറ പൊട്ടിച്ചെറിഞ്ഞ് ലൗകിക സുഖങ്ങളിലേക്ക് വീണ്ടും രമിക്കുന്നുണ്ട്.
വിജേഷിന്റെ തന്നെ കഥയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത് സിജാസ് ആണ്. രണ്ട് മണിക്കൂർ 17 മിനിട്ടുള്ള സിനമയുടെ ഭൂരിഭാഗവും പ്രണയത്തിന് വേണ്ടി തന്നെയാണ് മാറ്റിവച്ചിരിക്കുന്നത്. ബംഗളൂരു എന്ന മെട്രോ നഗരത്തിന്റെ ഭാവനയിൽ വിരിയുന്ന രംഗങ്ങൾ പ്രണയത്തിന്റെ അതിസന്പന്നതയെ എടുത്തു കാണിക്കുന്നു. ആദ്യ പകുതി മുഴുവൻ രാജേഷിന്റെ പ്രണയ പരാജയങ്ങളെ പതിവ് ചേരുവകളോടെ അവതരിപ്പിക്കുന്പോൾ രണ്ടാം പകുതി മുഴുവൻ ഒരു ആത്മീതയുടെ നിറം കലർന്ന പരിവർത്തനത്തിന്റേതാണ്. ആദ്യം കുതിച്ചും കിതച്ചും നീങ്ങുന്ന സിനിമ രണ്ടാം പകുതിയിൽ പൂർണമായും പരിവർത്തനത്തിന്റെ പാതയിലാണ് സഞ്ചരിക്കുന്നത്. ലൗകികതയേയും ആത്മീയതയേയും ഒരുപോലെ സമന്വയിപ്പിച്ചുള്ള ആ യാത്ര മുന്പ് കണ്ട പല സിനിമകളേയും ഓർമിപ്പിച്ചേക്കാം. കാൽപനികതയുടെ ലോകത്തെ ജീവിതത്തേയും അത് യാഥാർത്ഥ്യത്തിൽ നിന്ന് എങ്ങനെ വ്യത്യസ്തമായി നിൽക്കുന്നുവെന്നും സിനിമ പറഞ്ഞുവയ്ക്കുന്നു.
ആസിഫ് അലി അവതരിപ്പിക്കുന്ന രാജേഷ് എന്ന കഥാപാത്രത്തിന് ആദ്യ പകുതിയിൽ ചോക്കലേറ്റ് പ്രണയ നായകന്റെ പരിവേഷമാണ്. മുറപ്പെണ്ണിനെ നഷ്ടപ്പെടുന്ന മുറച്ചെറുക്കനായും പിന്നീട് എടുത്തുചാട്ടക്കാരനായ യുവാവും ആസിഫ് സ്ക്രീനിലെത്തുന്പോൾ പുതുമ അനുഭവപ്പെടുന്നില്ല. തികച്ചും ആശയക്കുഴപ്പമുള്ള ജീവിതം നയിക്കുന്ന ആസിഫിനെ സിനിമയുടെ രണ്ടാം പകുതിയിൽ തീർത്തും വ്യത്യസ്തമായ ലുക്കിലാണ് കാണാനാകുക. പ്രണയ പരാജയത്തിന്റെ കനലുകൾ പൊള്ളിച്ച മനസിന്റെ വേദനകൾ ശരീരത്തിലേക്കും പടരുന്പോൾ ആസിഫിന്റെ ലുക്കും അതിനനുസരിച്ച് രൂപാന്തരം പ്രാപിക്കുന്നു. ചീകിയൊതുക്കാത്ത അലക്ഷ്യമായ മുടിയെ കേവലമൊരു ഹെയർ ബാൻഡ് കൊണ്ട് അനുസരിപ്പിക്കുന്പോഴും അനുസരണക്കേടിന്റേയും നിരാശയുടേയും പ്രതീകമായി ആസിഫിന്റെ താടി അതുപോലെ നിലനിൽക്കുന്നു. ആസിഫിന് തന്റെ കരിയറിൽ ലഭിച്ചതിൽ വച്ചേറ്റവും വ്യത്യസ്തമായ വേഷമാണിത്.
ചിത്രത്തിൽ രണ്ട് നായികമാരാണുള്ളത്. തമിഴ് നടി വർഷ ബൊല്ലമ്മയും ആനന്ദം എന്ന മലയാള സിനിമയിലൂടെ ശ്രദ്ധേയായ അനാർക്കലി മരയ്ക്കാറും. അതിസന്പന്നയായ മകളുടെ വേഷത്തിൽ എത്തുന്ന വർഷയുടെ കഥാപാത്രമായ ചാരു ഏതൊരു കാമുകിയേയും പോലെ തന്നെയാണ്. മലയാളത്തിലുള്ള അരങ്ങേറ്റത്തിൽ വർഷയ്ക്ക് പക്ഷേ, ഓർത്തുവയ്ക്കാനുള്ളതൊന്നും ഈ വേഷം നൽകുമെന്ന് കരുതാൻ വയ്യ. അനാർക്കലി മരയ്ക്കാറിന് ലഭിച്ച തികച്ചും വ്യത്യസ്തമായ വേഷമാണ് ഈ സിനിമയിലേത്. യമഹ ആർ എക്സ് 100 ബൈക്കും ബുള്ളറ്റുമൊക്കെ അനായാസം പായിക്കുന്ന അനാർക്കലിയുടെ ദേവിക എന്ന കഥാപാത്രം ഒരു ടോംബോയ് ലുക്കിൽ കൂടി പ്രേക്ഷകരെ വിസ്‌മയിപ്പിക്കും. മദ്യം രുചിച്ചു നോക്കുന്ന നായികമാരെ നമ്മൾ അധികമൊന്നും മലയാള സിനിമകളിൽ കണ്ടിട്ടില്ല. എന്നാൽ തീർത്തും ബോൾഡായി തന്നെ അനാർക്കലി ഈ രംഗത്തിൽ എത്തുന്നുണ്ട്. ഗ്രിഗറിയുടേയും കൂട്ടുകാരുടേയും തമാശകൾ പ്രേക്ഷകരെ ചിരിപ്പിക്കുന്നുണ്ട്.
ജേക്കബ് ഗ്രിഗറി, അർജുൻ അശോകൻ, വിനീത് വിശ്വം, മേഘ മാത്യൂ, ഇന്ദ്രൻസ്, കെ.ബി.ഗണേശ് കുമാർ, നന്ദിനി തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങൾ.
വാൽക്കഷണം: മന്ദാരമെന്ന് പറഞ്ഞാൽ പ്രണയമാണ്