കൊല്ലം: സുപ്രീം കോടതി വിധി അനുസരിച്ച് ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് നിലപാടെടുത്ത ബിന്ദു കൃഷ്ണയ്ക്ക് കൊല്ലം ഡി.സി.സി യോഗത്തിൽ രൂക്ഷവിമർശനം. യോഗത്തിൽ പങ്കെടുത്ത ഭൂരിഭാഗം അംഗങ്ങളും ബിന്ദു കൃഷ്ണയെ വിമർശിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. രൂക്ഷമായ വാക്കേറ്റത്തെ തുടർന്ന് യോഗം കുറച്ച് നേരം നിറുത്തിവയ്ക്കുകയും ചെയ്തു. സുപ്രീം കോടതി വിധിക്കെതിരെ പ്രമേയം പാസാക്കണമെന്നും യോഗത്തിൽ ആവശ്യമുയർന്നു.
ശബരിമല വിധി വന്നതിന് പിന്നാലെ വിധിയെ അനുകൂലിക്കുന്ന നിലപാടാണ് ബിന്ദു കൃഷ്ണ സ്വീകരിച്ചത്. ഒരു ഭക്ത എന്ന നിലയിൽ ശബരിമലയിൽ പോകണമെന്ന ആഗ്രഹമുള്ള ആളാണ് താൻ. സ്ത്രീ പുരുഷ വിവേചനം പാടില്ല. ആർത്തവം അശുദ്ധിയാണെന്ന് കരുതുന്നില്ലെന്നും അവർ പറഞ്ഞിരുന്നു. എന്നാൽ ആദ്യ ഘട്ടത്തിൽ വിഷയത്തിൽ മൗനം പാലിച്ചിരുന്ന കോൺഗ്രസ് നേതൃത്വം പിന്നീട് വിധിക്കെതിരെ ശക്തമായി രംഗത്ത് വന്നിരുന്നു. ശബരിമല വിധിക്കെതിരെ ബഹുജന പ്രക്ഷോഭം ആരംഭിക്കാൻ ഒരുങ്ങുകയാണ് ഇപ്പോൾ കോൺഗ്രസ്.