renjini

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി ഉത്തരവിൽ വിയോജിപ്പുമായി നടി രഞ്ജിനി രംഗത്ത്. നൂറ്റാണ്ടുകളായി കൈമാറി വന്ന ആചാരാനുഷ്‌ഠാനങ്ങളെ എങ്ങനെയാണ് മാറ്റാൻ കഴിയുന്നതെന്ന് അവർ ചോദിച്ചു. കേസ് പരിഗണിക്കാൻ എന്തുകൊണ്ട് തെന്നിന്ത്യയിൽ നിന്ന് ഒരു ജഡ്‌ജി ഉണ്ടായില്ലെന്നും രഞ്ജിനി ചോദിച്ചു.

'ഏറെ വിഷമമുള്ള കാര്യമാണിത്. ശബരിമല ക്ഷേത്രം സ്ഥിതി ചെയ്യുന്ന തെന്നിന്ത്യയിൽ നിന്ന്, നമ്മുടെ സംസ്‌കാരത്തെ, വികാരങ്ങളെ അറിയുന്ന ഒരാൾ ആ ജഡ്‌ജിംഗ് പാനലിൽ വേണമായിരുന്നു. വിയോജിപ്പ് രേഖപ്പെടുത്തിയതു പോലും ഒരു വനിതാ ജഡ്‌ജിയാണ്.

ആരാണ് തൃപ്‌തി ദേശായി. ലിംഗ സമത്വമാണ് അവരുടെ ലക്ഷ്യമെങ്കിൽ അത്തരം കാര്യങ്ങൾക്കായാണ് അവർ പോരാടേണ്ടത്, മറിച്ച് മറ്റുള്ളവരുടെ വിശ്വാസത്തിൻ മേലല്ല. രാജ്യത്ത് സ്ത്രീകൾക്ക് നേരെ നടക്കുന്ന മാനഭംഗ ശ്രമങ്ങൾക്കും, കൈയേറ്റങ്ങൾക്കെതിരെയുമാണ് നിലകൊള്ളേണ്ടത്. എന്തിനു വേണ്ടിയാണ് ആചാരങ്ങളെയും അനുഷ്‌ഠാനങ്ങളെയും കരുവാക്കുന്നത്'-രഞ്ജിനി ചോദിച്ചു.

ഇന്ത്യയുടേത് വളരെ സമ്പന്നമായ സംസ്‌കാരമാണെന്നും, രാജ്യത്തിന്റെ നിലനിൽപ്പിന് തന്നെ ആധാരമായ ഇത്തരം ആചാരാനുഷ്‌ഠാനങ്ങളെ പരസ്‌പരം ബഹുമാനിക്കുകയാണ് വേണ്ടതെന്നും അവർ വ്യക്തമാക്കി. ഇക്കാര്യങ്ങൾ പരിഗണിച്ച് ശബരിമല വിഷയത്തിൽ ദേവസ്വം ബോർഡ് റിവ്യു പെറ്റിഷൻ നൽകണമെന്നാണ് തന്റെ അപേക്ഷയെന്നും രഞ്ജിനി പറഞ്ഞു.