തിരുവനന്തപുരം: കേരളത്തിൽ പ്രളയ സാദ്ധ്യത ഉയർത്തി കൊണ്ട് പേമാരിയും കൊടുങ്കാറ്റും വരാൻ കാരണം അയ്യപ്പ സ്വമിയുടെ ദുഃഖത്തിൽ നിന്നും ക്രോധത്തിൽ നിന്നുമാണെന്ന് ശിവസേന. ശിവസേന കേരള രാജ്യ പ്രമുഖ് എം.എസ് ഭുവനചന്ദ്രൻ പുറത്തിറക്കിയ കുറിപ്പിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
ഭഗവാനെ വന്ദിക്കേണ്ടവരും ആദരിക്കേണ്ടവരും അദ്ദേഹത്തെ അപമാനിച്ചിരിക്കുകയാണ്. നിത്യ ബ്രഹ്മചാരിയായി യോഗ നിദ്രയിലിരുന്ന ഭഗവാന്റെ നിദ്രയ്‌ക്ക് ഭംഗം വരുത്തിയതാണ് മഹാപ്രളയത്തിലേയക്ക് കേരളത്തെ നയിച്ചത്. ഇതിൽ നിന്നും പാഠം ഉൾക്കൊള്ളാത്ത സർക്കാരും ദേവസ്വം ബോർഡും കോടതിയും അയ്യപ്പനെ വീണ്ടും അപമാനിച്ചിരിക്കുകയാണ്. ആചാരാനുഷ്ഠാനങ്ങൾ അനവസരത്തിൽ മാറ്റം വരുത്താൻ ശ്രമിക്കുന്നത് കൂടുതൽ കോപം വിളിച്ചു വരുത്തും. സർക്കാരും ദേവസ്വം ബോർഡും അയ്യപ്പനെ അവഹേളിക്കുന്നവരും ദൈവ നിന്ദക്ക് മാപ്പപേക്ഷിക്കണമെന്നും ഭുവനചന്ദ്രൻ ആവശ്യപ്പെട്ടു. അതേസമയം ശിവസേനയുടെ പ്രസ്താവനയെ പരിഹസിച്ച് സോഷ്യൽ മീഡിയയിൽ നിരവധി ട്രോളുകളാണ് നിറഞ്ഞ് നിൽക്കുന്നത്.