ന്യൂഡൽഹി: അടുത്ത തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ പ്രധാനമന്ത്രിയാകുമോ എന്ന മാദ്ധ്യപ്രവർത്തകരുടെ ചോദ്യത്തിന് രാഹുൽ ഗാന്ധി നൽകിയ മറുടി രാഷ്ട്രീയ ലോകത്ത് ചർച്ചയാകുന്നു. ചോദ്യത്തിന് മറുപടിയായി രാഹുൽ ഗാന്ധി പറഞ്ഞത് ഇങ്ങനെ. തിരഞ്ഞെടുപ്പിൽ വിജയിച്ച് സഖ്യകക്ഷികൾക്ക് കൂടി സമ്മതമാണെങ്കിൽ താൻ പ്രധാനമന്ത്രിയാകും.
എന്നാൽ മുൻഗണന എന്നത് എല്ലാ പാർട്ടികളും ഒന്നായി നിന്ന് ഭരണകക്ഷിയായ ബി.ജെ.പിയ പരാജയപ്പെടുത്തലാണെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. രണ്ട് ഘട്ടങ്ങളായുളള പ്രവർത്തനങ്ങളാണ് ഇതെന്നും ആരാണ് പ്രധാനമന്ത്രി ആകുക എന്നത് രണ്ടാമതായി മാത്രം ചിന്തിക്കേണ്ട കാര്യമാണെന്നും രാഹുൽ കൂട്ടിച്ചേർത്തു.
ഞങ്ങൾ ഇതിനെ കുറിച്ച് സഖ്യകക്ഷികളുമായി ചർച്ച ചെയ്തിട്ടുണ്ട്. രണ്ടാമതായി മാത്രം ചിന്തിക്കേണ്ട കാര്യമാണ് ഇതെന്ന് തീരുമാനം എടുത്തിട്ടുണ്ട്. ബി.ജെ.പിയെ ഒറ്റക്കെട്ടായി പരാജയപ്പെടുത്തുകയാണ് ആദ്യം ചെയ്യേണ്ടത്. തിരഞ്ഞെടുപ്പിന് ശേഷം മാത്രമാകും ആരാകും പ്രധാനമന്ത്രി ആവുകയെന്ന് തീരുമാനിക്കുക"-രാഹുൽ വ്യക്തമാക്കി.