തിരുവനന്തപുരം: ശബരിമലയിൽ പ്രായഭേദമെന്യേ സ്ത്രീപ്രവേശനമനുവദിച്ച സുപ്രിംകോടതി വിധി നടപ്പാക്കാൻ ക്ഷേത്രവുമായി ബന്ധപ്പെട്ടവരോട് ചർച്ചയാകാമെന്ന് സി.പി.എം നിലപാട്. തിരുവിതാംകൂർ ദേവസ്വംബോർഡ്, ക്ഷേത്രം തന്ത്രി, പന്തളം രാജകുടുംബം എന്നിങ്ങനെ ശബരിമലയോട് പ്രത്യക്ഷബന്ധമുള്ള വിഭാഗങ്ങളുമായി ചർച്ച നടത്താനാണ് സർക്കാരിനോട് സെക്രട്ടേറിയറ്റ് യോഗം നിർദ്ദേശിച്ചത്.
സുപ്രിംകോടതി വിധിയുടെ മറവിൽ രാഷ്ട്രീയമുതലെടുപ്പിനുള്ള നീക്കം കോൺഗ്രസും ബി.ജെ.പിയും നടത്തുന്നുവെന്ന വിലയിരുത്തലിലാണ് സി.പി.എം. മദ്ധ്യതിരുവിതാംകൂറിൽ വൈകാരികപ്രക്ഷോഭത്തിന് പന്തളം രാജകുടുംബത്തിൽ നിന്നടക്കം നീക്കമാരംഭിച്ചതോടെയാണ് സർക്കാർ ഇക്കാര്യത്തിൽ ഏകപക്ഷീയമായി നീങ്ങിയെന്ന പഴി ഒഴിവാക്കാൻ സി.പി.എം ശ്രമിക്കുന്നത്. എല്ലാ വാദമുഖങ്ങളും പരിഗണിച്ചാണ് സുപ്രിംകോടതി അന്തിമവിധി പ്രഖ്യാപിച്ചത് എന്നിരിക്കെ, ശബരിമലയുമായി ബന്ധപ്പെട്ട വിഭാഗക്കാർക്കുള്ള തെറ്റിദ്ധാരണയെ മറികടക്കുകയും ലക്ഷ്യമാണ്. വിധി നടപ്പാക്കുകയെന്നത് ഭരണഘടനാപരമായ ബാദ്ധ്യതയാണെന്ന് ബോദ്ധ്യപ്പെടുത്താനും ശ്രമമുണ്ടാകും.
വിധിയുടെ മറവിൽ സർക്കാർ എടുത്തുചാടിയുള്ള നടപടികളിലേക്ക് നീങ്ങുന്നുവെന്നും വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്നുവെന്നുമുള്ള ആക്ഷേപം കോൺഗ്രസും ബി.ജെ.പിയും ഉയർത്തിയിട്ടുണ്ട്. മദ്ധ്യതിരുവിതാംകൂറിൽ ഇത് വോട്ട്ബാങ്ക് രാഷ്ട്രീയത്തിന് വളമാകാതിരിക്കാനുള്ള കരുതലും പുതിയ നീക്കത്തിന് പിന്നിലുണ്ട്. അതേസമയം, സുപ്രിംകോടതി വിധിയുടെ പേരിൽ വർഗ്ഗീയ ധ്രുവീകരണം നടത്തി സങ്കുചിത രാഷ്ട്രീയ ലക്ഷ്യത്തിനാണ് കോൺഗ്രസ്- ബി.ജെ.പി കൂട്ടുകെട്ട് ശ്രമിക്കുന്നതെന്നാണ് സി.പി.എമ്മിന്റെ ആരോപണം. ഭരണഘടനയോടും നിയമവ്യവസ്ഥയോടുമുള്ള വെല്ലുവിളിയാണ് ഇതെന്നും ഈ നീക്കത്തെ തിരിച്ചറിയാനും പ്രതിരോധിക്കാനും മുഴുവൻ ജനാധിപത്യവാദികളും തയാറാകണമെന്നും സി.പി.എം സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.
കോൺഗ്രസ്- ബി.ജെ.പി നീക്കത്തെ തുറന്നുകാട്ടുക വഴി മതേതര വോട്ടുകൾ ഉറപ്പിച്ചുനിറുത്തുകയെന്ന തന്ത്രവും സി.പി.എമ്മിനുണ്ട്. കോടതിവിധി നടപ്പാക്കുകയെന്ന ജനാധിപത്യപരമായ കടമ നിറവേറ്റുകയല്ലാതെ സർക്കാരിനോ ഇടതുപക്ഷത്തിനോ ഇതിൽ മറ്റജൻഡകളില്ലെന്നും സി.പി.എം വിശദീകരിക്കുന്നു. 'ഭക്തരായ സ്ത്രീകൾക്ക് തുല്യാവകാശം വേണമെന്നാണ് എൽ.ഡി.എഫ് സർക്കാർ സുപ്രിംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ. എന്നാൽ സി.പി.എം നിലപാടിന്റെ അടിസ്ഥാനത്തിൽ നിയമ നിർമ്മാണമോ ചട്ടഭേദഗതിയോ ഒന്നും സർക്കാർ നടത്തിയിട്ടില്ല. മുന്നിൽ വന്ന വാദമുഖങ്ങളെല്ലാം പരിഗണിച്ച് സുപ്രിംകോടതി പ്രഖ്യാപിച്ച വിധി നടപ്പാക്കൽ സർക്കാരിന്റെ ഭരണഘടനാപരമായ കടമയാണ്.സ്ത്രീകളെ ശബരിമലയിലേക്ക് കൊണ്ടുപോവുകയെന്നത് സി.പി.എമ്മിന്റെ പരിപാടിയല്ല. അത് വിശ്വാസികൾ സ്വയമെടുക്കേണ്ട തീരുമാനമാണ്. ബി.ജെ.പിയും കോൺഗ്രസ്സും നടത്തുന്ന പ്രചാരവേലകൾ ഇത്തരം പ്രതീതി സൃഷ്ടിക്കുന്നതാണ്'- സി.പി.എം സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ വിശദീകരിച്ചു.
അനാചാരങ്ങൾക്കെതിരെ നവോത്ഥാന മൂല്യങ്ങൾക്കായി നടത്തിയ പോരാട്ടങ്ങളാണ് ആധുനിക കേരളത്തെ രൂപപ്പെടുത്തിയത്. ക്ഷേത്രപ്രവേശനം കിട്ടിയ ദളിതരിലേയും പിന്നോക്കക്കാരിലെയും ഒരു വിഭാഗത്തെ അണിനിരത്തി ദൈവകോപമുണ്ടാകുമെന്ന് പറഞ്ഞ് പ്രകടനങ്ങൾ നടത്തിയ ചരിത്രം നമ്മുടെ മുമ്പിലുണ്ട്. അത്തരം അന്ധവിശ്വാസ പ്രകടനങ്ങൾ താൽക്കാലികമായിരുന്നുവെന്നും സി.പി.എം ചൂണ്ടിക്കാട്ടി.