-sabarimala-women-entry-

ന്യൂഡൽഹി: ശബരിമലയിൽ പ്രായഭേദമന്യേ പ്രവേശനം അനുവദിക്കണമെന്ന സൂപ്രീം കോടതി വിധിക്കെതിരെ കേരളത്തിൽ വിവിധ സംഘടനകളുടെ പ്രതിഷേധം ശക്തമായിരിക്കെ വിധിയെ ന്യായീകരിച്ച് ദീപക് മിശ്ര. ക്ഷേത്രങ്ങളിൽ പ്രവേശിക്കുന്നതിൽ സ്ത്രീകളെ തടയാനാവില്ലെന്നും അവർ ബഹുമാനിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ ഹിന്ദുസ്ഥാൻ ടെെംസ് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചരിത്ര വിധിക്ക് ശേഷം ഇത് ആദ്യമായാണ് ഒരു പൊതുവേദിയിയിൽ ഭരണഘടനാ ബെഞ്ചിന്റെ തലവനായിരുന്ന ദീപക് മിശ്ര അഭിപ്രായം വ്യക്തമാക്കുന്നത്.

''പുരുഷന് എത്ര ബഹുമാനം ലഭിക്കുന്നോ അതുപോലെ തന്നെ സ്ത്രീക്കും ലഭിക്കേണ്ടതുണ്ട്. സ്ത്രീക്കും പുരുഷനും തുല്യ അവകാശമാണ് ഉള്ളത്. സ്ത്രീകൾ ബഹുമാനിക്കപ്പെടുന്ന ഇടമാണ് യഥാർത്ഥ വീട്. ഒരു വിഭാഗം സ്ത്രകളെ  ക്ഷേത്രത്തിൽ പ്രവേശിപ്പിക്കുന്നതിൽ നിന്ന് തടയുന്നത് നീതീകരിക്കാനാവില്ല.
കരുത്തേറിയതും സ്വതന്ത്രവുമായ ഒരു നിയമസംവിധാനമാണ് നമ്മുടെ രാജ്യത്ത് നിലനിൽക്കുന്നത്. ഭരണഘടനയുടെ അന്തസത്ത ഉൾക്കൊണ്ട് പ്രവർത്തിക്കാൻ നിയസഭയ്‌ക്കും സർക്കാരിനും കോടതിക്കും ഉത്തരവാദിത്വമുണ്ട്. ഭരണഘടന തനിക്ക് അപ്രാപ്യമാണെന്നും താനതിനു പുറത്താണെന്നും ഒരു പൗരനും തോന്നലുണ്ടാവരുത്""- അദ്ദേഹം പറഞ്ഞു.